Back
Home » ഇന്റർവ്യൂ
പട്ടി കുരച്ചുകൊണ്ടേയിരിക്കും? ബിഗ് ബോസിലെത്തും മുന്‍പ് പേളി മാണി നടത്തിയ തയ്യാറെടുപ്പുകള്‍, കാണൂ!
Oneindia | 25th Jun, 2018 08:44 AM
 • ബിഗ് ബോസില്‍ പേളിയും

  അവതാരകയായാണ് പേളി മാണി ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. വ്യത്യസ്തമായ ശൈലിയുമായെത്തിയ പേളിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ലുക്കില്‍ മാത്രമല്ല നോക്കിലും എടുപ്പിലും അടിമുടി വ്യത്യസ്തത നിലനിര്‍ത്തിയ പേളിയെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു. അവതരണം മാത്രമല്ല അഭിനയമായാലും പാട്ടായാലും ഒരുകൈ നോക്കാന്‍ റെഡിയാണെന്ന് പേളി വ്യക്തമാക്കിയതോടെ താരത്തിന്റെ പ്രശസ്തിയും വര്‍ധിച്ചു. ഇന്നിപ്പോള്‍ മിനിസ്‌ക്രീനിലെ മുന്‍നിര അവതാരകമാരിലൊരാളാണ് ഈ താരം.


 • വാചകം മാത്രമല്ല

  ആളുകളെ പിടിച്ചിരുത്തുന്ന തരത്തിലുള്ള സംസാരം മാത്രമല്ല മറ്റ് കാര്യങ്ങളും കൃത്യമായി നിര്‍വഹിക്കാന്‍ തനിക്ക് കഴിയുമെന്ന് പേളി തെളിയിച്ചിരുന്നു. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന് പേളിയുടെ അവതരണമായിരുന്നു. ചെറിയ ഇടവേളയക്ക് ശേഷം ഇതേ ചാനലിലെ നായികാനായകന്‍ പരിപാടിയിലൂടെ താരം തിരിച്ചെത്തിയിരുന്നു. ലാല്‍ജോസിന്റെ പുതിയ ചിത്രത്തിലേക്ക് നായികയേയും നായകനേയും കണ്ടെത്തുകയെന്ന ലക്ഷ്യവുമായാണ് ഈ പരിപാടി തുടങ്ങിയത്.


 • തയ്യാറെടുപ്പുകളെക്കുറിച്ച്

  പരിപാടിയില്‍ വരുന്നതിന് മുന്നോടിയായി താരങ്ങള്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. പരിപാടിയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരൊക്കെയായിരിക്കും മത്സരാര്‍ത്ഥികളായി എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. പരിപാടി ആരംഭിച്ചതിന് പിന്നാലെയാണ് മത്സാര്‍ത്ഥികളോട് ഇതേക്കുറിച്ച് ചോദിച്ചത്. ഈ ചോദ്യത്തിന് പേളി നല്‍കിയ ഉത്തരം ഏറെ രസകരമാണ്.


 • അടിച്ചുപൊളിക്കാനുള്ള വരവ്

  ഏത് തരത്തിലുള്ള വെല്ലുവിളികളേയും ഏറ്റെടുക്കണമെന്ന പപ്പയുടെ ഉപദേശം മാത്രമല്ല പേളിയെ ഈ പരിപാടിയിലേക്ക് നയിച്ചത്. ജീവിതത്തില്‍ വളരെ നല്ല അനുഭവമായിരിക്കും ഇതെന്ന് കൂടി മനസ്സിലാക്കിയാണ്. എന്ത് തന്നെ സംഭവിച്ചാലും അടിച്ചുപൊളിക്കുകയെന്ന ലക്ഷ്യവുമായാണ് താന്‍ ഈ പരിപാടിയിലേക്ക് എത്തിയതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.


 • സാമ്പാറും രസവും

  പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി സാമ്പാറും രസവും ഉണ്ടാക്കാന്‍ പഠിച്ചു. കുറച്ച് വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പഠിച്ചുവെന്നുള്ളതാണ് ഒരു കാര്യം. ഭക്ഷണം സ്വന്തമായി ഉണ്ടാക്കിക്കഴിക്കുന്നതിനായി നിശ്ചിത സമയം അനുവദിക്കുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചിട്ടുള്ളത്. അതിനാല്‍ത്തന്നെ പേളി ഇക്കാര്യത്തില്‍ കൃത്യമായ ധാരണ നേടിയെടുത്തിട്ടുണ്ട്. പഠിച്ചതൊക്കെ പാഴാവുമോ എന്ന കാര്യം കണ്ട് തന്നെ അറിയണം.


 • ഫോണില്ലാതെ എങ്ങനെ

  പരിപാടിയിലെ നിയമാവലിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ എല്ലാവരുടേയും ഭാവം കുട്ടിമാമാ ഞാന്‍ ഞെട്ടി എന്നതായിരുന്നുവെന്നും താരം പറയുന്നു. ഫോണില്ലാതെ ഇത്രയും ദിവസം എങ്ങനെ ചെലവഴിക്കുമെന്നാണ് പലരും ചോദിക്കുന്നത്. പപ്പയും മമ്മിയും തന്നോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ പേളിക്ക് ഇതിന് കഴിയുമോയെന്നറിയാനായി ഇനിയും കാത്തിരിക്കണം.


 • പട്ടി കുരച്ചുകൊണ്ടേയിരിക്കും

  പകല്‍ സമയത്ത് ഉറങ്ങരുതെന്ന കാര്യമാണ് മറ്റൊരു നിബന്ധന. അങ്ങനെ ചെയ്താല്‍ പട്ടി കുരച്ചുകൊണ്ടേയിരിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. തന്റെ കാര്യത്തില്‍ പട്ടിക്ക് കുരച്ചുകൊണ്ടേയിരിക്കേണ്ടി വരുമെന്ന് പേളി പറയുന്നു. മലയാളം മാത്രം സംസാരിക്കുകയെന്ന കാര്യം തനിക്ക് ഇഷ്ടമാണ്. അവതാരകയായതിനാല്‍ ഇത് തനിക്ക് ഗുണകരമാവുമെന്നാണ് താരം വിശ്വസിക്കുന്നത്.


 • ട്രോളുകള്‍ ഇഷ്ടമാണ്

  സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകള്‍ തന്റെ ശ്രദ്ധയില്‍പ്പെടാറുണ്ട്. ട്രോളുകള്‍ ഉള്ളതുകൊണ്ടാണ് പല പരിപാടികളും ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്നായി ഇവ മാറാറുണ്ട്. അതൊന്നും തനിക്കൊരു വിഷയമേയല്ല. ഇപ്പോള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് താന്‍ ഇത് നോക്കുമെന്നും താരം പറയുന്നു.
പ്രേക്ഷകരുടെ കണ്ണും കാതുമൊക്കെ ഇപ്പോള്‍ ഒരു കേന്ദ്രബിന്ദുവിലാണ്. വ്യത്യസ്തമായ പല റിയാലിറ്റി ഷോകള്‍ കണ്ട മലയാളിയെ സംബന്ധിച്ച് ബിഗ് ബോസ് പുത്തന്‍ ദൃശ്യാനുഭവം സമ്മാനിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. അവതരണത്തിലും ഉള്ളടക്കത്തിലും അത്യന്തം പുതുമ നിറഞ്ഞ പരിപാടിയാണ് ഇതെന്ന് പ്രമോ വീഡിയോ തന്നെ തെളിയിച്ചിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പരിപാടി ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. മത്സരാര്‍ത്ഥികളായി ആരൊക്കെ എത്തുമെന്നും എന്തൊക്കെയായിരിക്കും സര്‍പ്രൈസുകളെന്നുമായിരുന്നു പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ 16 പേരുമായാണ് മോഹന്‍ലാല്‍ എത്തിയിട്ടുള്ളത്. മുംബൈയിലെ അത്യാധുനിക സെറ്റിലെ സൗകര്യങ്ങളെക്കുറിച്ചും പരിപാടിയിലെ പ്രധാന നിയമാവലികളെക്കുറിച്ചുമൊക്കെ അവതാരകനായ മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്. പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ചാനലിന്റെ ശ്രമത്തിന് ബിഗ് ബോസ് എത്രത്തോളം പ്രയോജനമാവുമെന്ന് കണ്ടുതന്നെ അറിയേണ്ട കാര്യമാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളായ ദീപന്‍ മുരളി, ശ്രിനിഷ് അരവിന്ദ്, അവതാരകയും അഭിനേത്രിയുമായ പേളി മാണിയുള്‍പ്പടെ 16 പേരാണ് ഈ ഷോയില്‍ അണിനിരക്കുന്നത്. പരിപാടിയിലെ മത്സരാര്‍ത്ഥികളിലൊരാളായ പേളി മാണി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് കൂടുലറിയേണ്ടേ? തുടര്‍ന്നുവായിക്കൂ.