Back
Home » യാത്ര
മാവോഗ്രാമങ്ങൾക്കിടയിലെ അത്ഭുതക്ഷേത്രം!!
Native Planet | 12th Jul, 2018 02:30 PM
 • മാവോവാദികളുടെ ആസ്ഥാനത്തെ ക്ഷേത്രം

  ദന്തേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദന്തേവാഡ ക്ഷേത്രത്തേക്കാളുപരിയായി അറിയപ്പെടുന്നത് ഇവിടുത്തെ മാവോവാദികളുടെയും അവരുടെ അക്രമങ്ങളുടെയും പേരിലാണ്. മാവോവാദികളുടെ ആസ്ഥാനം എന്ന് കഴിഞ്ഞ നാല്പത് കൊല്ലത്തിലധികമായി അറിയപ്പെടുന്ന ബസ്തറിനോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

  PC:Ratnesh1948


 • എവിടെയാണിത്?

  ഛത്തീസ്ഡിലെ ജഗ്ദൽപൂരിനടുത്തുള്ള ദന്തേവാഡ എന്ന സ്ഥലത്താണ് ദന്തേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദന്തേശ്വരി ക്ഷേത്രത്തിൻറെ സാന്നിധ്യമുള്ളതുകൊണ്ടാണ് ഈ സ്ഥലത്തിന് ദന്തേശ്വർ എന്ന പേരു ലഭിച്ചത്.


 • പല്ലിനെ ആരാധിക്കുന്ന ക്ഷേത്രം

  ഛത്തീസ്ഡിലെ മിക്ക ക്ഷേത്രങ്ങളെയും പോലെ അപൂർവ്വതകളും പ്രത്യേകതകളും ധാരാളമുണ്ട് ദന്തേശ്വരി ക്ഷേത്രത്തിന്. സതീ ദേവിയുടെ 52 ശക്തി പീഠങ്ങളിലൊന്നായാണ് ഇവിടം അറിയപ്പെടുന്നത്. ആദിപരാശക്തിയെ സതീദേവിയുടെ ശരീര ഭാഗങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണല്ലോ ശക്തിപീഠങ്ങൾ എന്നറിയപ്പെടുന്നത്. ഇവിടെ സതീദേവിയുടെ നന്ദഭാഘമാണ് ആരാധിക്കുന്നത്. അതിനാലാണ് ഇവിടം ദന്തേശ്വര ക്ഷേത്രം എന്നറിയപ്പെടുന്നത്.

  PC:Ratnesh1948 1


 • ശക്തിപീഠങ്ങളുടെ ഐതിഹ്യം

  ശിവനുമായി വിരോധം പുലർത്തിയിരുന്ന ആളായിരുന്നു ദക്ഷൻ. അദ്ദേഹത്തിന്റെ പുത്രിയായാണ് ആദിശക്തി സതീദേവിയുടെ രൂപത്തിൽ ജന്മമെടുത്തത്. പരമശിവനുമായി ഒന്നിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിലുണ്ടായികുന്നത്. എന്നാൽ ശിവവിരോധിയായിരുന്ന ദക്ഷന് ഇതിനോട് താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ വിധി നിശ്ചയിച്ചതനുസരിച്ച് അവരുടെ വിവാഹം കഴിഞ്ഞു.
  ഒരിക്കൽ മഹായാഗം നടത്തിയ ദക്ഷൻ വിരോധം നിമിത്തം സതിയെയും ശിവനെയും വിളിച്ചില്ല. എന്നാൽ തന്റെ പിതാവു നടത്തുന്ന യാഗത്തിൽ പങ്കെടുക്കുവാൻ ശിവന്റെ വാക്കുകളെ ധിക്കരിച്ച് സതീ ദേവി പുറപ്പെട്ടെു. യാഗം നടക്കുന്ന സ്ഥലത്തെത്തിയ ദേവിയെ ദക്ഷൻ വേണ്ട വിധത്തിൽ സ്വീകരിച്ചില്ല എന്നു മാത്രമല്ല ശിവനെ അധിക്ഷേപിക്കുകയും ചെയ്തു. അപമാനിതയായ ദേവി അഗ്നിയിൽ പ്രാണത്യാഗം ചെയ്തു. ഇതറിഞ്ഞ് അവിടെ എത്തിയ ശിവൻ ദക്ഷന വധിക്കുകയും യാഗം മുടക്കുകയും ചെയ്തു. പിന്നീട് അവിടെയുള്ളവരുടെ അപേക്ഷ മാനിച്ച് ആടിന്റെ ശിരസ്സ് നല്കി ശിവൻ ദക്ഷനെ പുനർജ്ജീവിപ്പിച്ചു.അതിനുശേഷം സതി ദേവിയുടെ ശരീരവുമെടുത്ത് ദുഖത്തോടെ നടന്നകന്ന ശിവനെ വിഷമത്തിൽ നിന്നും മോചിപ്പിക്കാനായി മഹാവിഷ്ണു ഒരുപായം സ്വീകരിച്ചു. തൻറെ സുദർശന ചക്രമുപയോഗിച്ച് ദേവിയുടെ ശരീരത്തെ പലഭാഗങ്ങളായി ഖണ്ഡിച്ചു. 52 സ്ഥലങ്ങളിലായാണ് ശരീരഭാഗങ്ങൾ പതിച്ചത്. ഈ സ്ഥലങ്ങളാണ് ശക്തിപീഠങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്.

  PC:wikipedia


 • ദിവ്യശക്തികളുള്ള ക്ഷേത്രം

  ദേവിയുടെ പല്ലിനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് നിരവധി അത്ഭുത ശക്തികൾ ഉണ്ട് എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഇവിടുത്തെ എല്ലാ ഗോത്ര വിഭാഗക്കാരുടെയും പ്രിയ ക്ഷേത്രങ്ങളിലൊന്നാണിത്. ഇവിടുത്തെ പ്രധാന ഈഘോഷമായ ദസ്റയുടെ സമയത്ത് ഛത്തീസ്ഗഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ഗോത്രവർഗ്ഗക്കാർ എത്തി ആരാധന നടത്താറുണ്ട്. ബസ്താർ എന്ന സ്ഥലത്തിന്റെ തുലദേവത കൂടിയാണ് ദന്തേശ്വരി.

  PC:Ratnesh1948


 • അറുന്നൂറ് വർഷത്തെ പഴക്കം

  ഇന്ന് ഇവിടെ കാണുന്ന ക്ഷേത്രത്തിന് ഏകദേശം അറുന്നൂറിലധികം വർഷം പഴക്കമുണ്ട് എന്നാണ് വിശ്വസിക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ ചാലൂക്യ രാജാവ് ദക്ഷിണേന്ത്യൻ ശൈലിയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

  PC:Ratnesh1948


 • ഛത്തീസ്ഡിലെ വലിയ ക്ഷേത്രങ്ങളിലൊന്ന്

  ഇന്നത്തെ ഛത്തീസ്ഗഡിലെ വലിയ ക്ഷേത്രങ്ങളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. മരപ്പലകകൾ വെച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതിന്റെ ഉള്ളിൽ കറുത്ത കല്ലിലാണ് ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രത്തെ നാലു ഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. ഗർഭഗൃഹ, മഹാമണ്ഡപ,മുഖ്യ മണ്ഡപ,സഭാ മണ്ഡപ എന്നിങ്ങനെയാണ് വിഭജനം. ര്‍ഭ ഗൃഹവും മഹ മണ്ഡപവും കല്ലിന്റെ കഷ്‌ണങ്ങള്‍ കൊണ്ടാണ്‌ പണിതിരിക്കുന്നത്‌. ക്ഷേത്ര കവാടത്തില്‍ ഒരു ഗരുഡ സ്‌തൂപം ഉണ്ട്‌. വിശലമായ മുറ്റം ക്ഷേത്രത്തിനുണ്ട്‌. കൊത്തുപണികളാലും ശില്‍പങ്ങളാലും മനോഹരമാണ്‌ ക്ഷേത്രം.

  PC:Ratnesh1948


 • എത്തിച്ചേരാൻ

  ഛത്തീസ്ഡഡിലെ പ്രധാന നഗരങ്ങളിലൊന്നായ ജഗ്ജൽപൂരിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് ദന്തേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മാവോവാദികളുടെയും നക്സലൈറ്റുകളുടെയും ആക്രമണങ്ങളും കൂട്ടക്കൊലപാതകങ്ങളും കൊണ്ട് ശ്രദ്ധയാകർഷിച്ച ഇടമാണ് ദന്തേവാഡ. അതുകൊണ്ടുതന്നെ ഇന്ത്യയിൽ സഞ്ചാരികളുടെ ഇടയിൽ ഇത്രയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട മറ്റൊരു സ്ഥലം കാണില്ല. എന്നാൽ ഛത്തീസ്ഗഡിനെ യഥാർഥത്തിൽ മനസ്സിലാക്കിയിട്ടുള്ളവർക്ക് അറിയാ അതിശയങ്ങൾ മാത്രം സമ്മാനിക്കുന്ന ഇടമാണിതെന്ന്. അപൂർവ്വങ്ങളായ ക്ഷേത്രങ്ങളും ലോകത്തെ മുഴുവൻ ആകർഷിക്കുന്ന വെള്ളച്ചാട്ടങ്ങളും ഒക്കെക്കൊണ്ട് ഇവിടം സമ്പന്നമാണ്.

സതീദേവിയുടെ 52 ശക്തിപീഠങ്ങളിൽ ഒന്നായ ദന്തേശ്വരി ക്ഷേത്രം ഛത്തീസ്ഗഡിലെ അത്ഭുതങ്ങളിലൊന്നാണ്. ശക്തിയുടെ അവതാരമെന്നു വിശ്വസിക്കപ്പെടുന്ന ദന്തേശ്വരിയെ ആരാധിക്കുന്ന ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!!