Back
Home » ഇന്റർവ്യൂ
ഐക്കരക്കോണത്തെ ആനന്ദി; കരുത്തുറ്റ കഥാപാത്രവുമായി മിയാശ്രീ മലയാള സിനിമയില്‍ സാന്നിധ്യമറിയിക്കുന്നു
Oneindia | 9th Oct, 2018 02:53 PM

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്ന സിനിമ കണ്ടവരെല്ലാം മറക്കാത്ത കഥാപാത്രമാണ് ആനന്ദി. ഗ്രാമീണതയും തന്റേടവും ഇഴചേര്‍ന്ന വേഷം. പ്രതിസന്ധികളില്‍ തളരാതെ പോരാടി ജീവിക്കുന്നതിനൊപ്പം പൊന്നു പോലെ കാത്തു സൂക്ഷിക്കുന്ന പ്രേമം.ശരിയ്ക്കും ആനന്ദി പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയായിരുന്നു. സിനിമ കണ്ടവരെല്ലാം ഈ പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചിരുന്നു. ആലുവ സ്വദേശനി മിയാശ്രീയാണ് ആനന്ദിയുടെ വേഷത്തില്‍ തിളങ്ങിയത്. താരം ഫില്‍മിബീറ്റിന് നല്‍കിയ എക്‌സ്‌ക്ലുസീവ് അഭിമുഖത്തില്‍ നിന്ന്.

മമ്മൂക്കയുടെ മാസ് തുടരുന്നു! ഡെറിക് അബ്രഹാമിന് ശേഷം ജോണ്‍ അബ്രഹാം പാലക്കല്‍! അണിയറയില്‍ അഡാറ് ഐറ്റം!

സിനിമാ ലോകത്തേക്ക്

''മോളെ നിനക്ക് ടാലന്‍റുണ്ട്. നീ എന്തുകൊണ്ടാണ് ടെലിവിഷന്‍-സിനിമാ രംഗത്ത് ശ്രമിക്കാത്തത്.'', വാസ്തവത്തില്‍ ആന്റോ അച്ഛന്റെ ഈ വാക്കുകളാണ് പ്രചോദനമായത്. തുടക്കം മഴവില്‍ മനോരമയിലൂടെയായിരുന്നു. പ്രോഗ്രാം ചീഫ് എഡിറ്റര്‍ രാജേഷ് അങ്കമാലിയുടെ പ്രോത്സാഹനവും കരുത്തായി. ആദ്യത്തെ ഷോ കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചു.

തുടക്കം തമിഴ് സിനിമയിലൂടെ

തമിഴില്‍ മൂന്നു സിനിമ ചെയ്തു. മധുരൈ ടു തേനി, കണ്‍മണി പാപ്പാ, നമ്മ ഊരുക്ക് എന്നാച്ച്. മലയാളത്തിലെ ആദ്യ ചിത്രം അപ്പൂപ്പന്‍ താടി. മനു ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രജിനായിരുന്നു നായകന്‍. കുട്ടികള്‍ക്കായുള്ള ഒരു ചെറിയ ബജറ്റ് മൂവിയായിരുന്നു അത്. ഹേമന്ദ് മേനോന്‍ നായകനായി അഭിനയിക്കുന്ന 369 ആണ് പുതിയ മലയാള സിനിമ. റിലീസിങ് രണ്ടു മാസത്തിനുള്ളിലുണ്ടാകും.

ഐക്കരകോണത്ത് എത്തപ്പെട്ടത്

ഏരീസ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചാണ് ചിത്രം നിര്‍മിച്ചിരുന്നത്. സുഹൃത്തായ ആഷ്‌ലിയാണ് സംവിധായകന്‍ ബിജു മജീദിനെ പരിചയപ്പെടുത്തി കൊടുത്തത്. തമിഴില്‍ മുമ്പ് അഭിനയിച്ചിരുന്നെങ്കിലും ഐക്കരകോണത്തിലെ കഥാപാത്രം ഇത്തിരി വെല്ലുവിളി നിറഞ്ഞതായിരുന്നു. എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവുമാണ് ഈ കഥാപാത്രത്തെ ഏറ്റെടുക്കാന്‍ ധൈര്യം നല്‍കിയത്.

സിനിമാ സങ്കല്‍പ്പം

തുടക്കമല്ലേ, വരുന്ന ചിത്രങ്ങളെല്ലാം പരിഗണിക്കേണ്ടി വരും. അതേ സമയം കഥ കേട്ടതിനു ശേഷം മാത്രമേ എഗ്രിമെന്റിലെത്താറുള്ളൂ. പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ അല്ലെങ്കില്‍ എന്തെങ്കിലും ചലഞ്ച് ഉള്ള റോളുകള്‍ എന്നിവയാണ് ഇഷ്ടപ്പെടുന്നത്. സിനിമകളില്‍ നല്ലതും ചീത്തയും ചെറുതും വലുതുമെല്ലാം ഉണ്ടാകും. പക്ഷേ, എല്ലാവരും എല്ലാ സിനിമയും കാണണം. പ്രോത്സാഹിപ്പിക്കണം.

അമ്മയുടെ പിന്തുണ

ബിഎസ്സി ഫിസിക്‌സും ബിഎഡും കഴിഞ്ഞതിനു ശേഷമാണ് അഭിനയ രംഗത്ത് സജീവമാകുന്നത്. അമ്മയുടെ അകമഴിഞ്ഞ പിന്തുണയാണ് കരുത്തായത്. അച്ഛന്‍ പ്രവാസിയായിരുന്നു. അനിയന്‍ എന്‍ജിനീയറിങിന് പഠിയ്ക്കുകയാണ്. കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ തേടിയെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് താരം.