Back
Home » തമിഴ് മലയാളം
നാഗ കന്യകയായി വരലക്ഷ്മി, ഒപ്പം 22 അടി നീളമുള്ള രാജവെമ്പാലയും!
Oneindia | 10th Oct, 2018 03:53 PM

ഹൊറര്‍ ചിത്രങ്ങള്‍ക്ക് തമിഴില്‍ സ്വീകാര്യത ഏറി വരികയാണ്. നാഗങ്ങളും നാഗ കന്യകയും പ്രാധന കഥാപാത്രങ്ങളാകുന്ന നിയ 2 പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, റായ് ലക്ഷ്മി, കാതറിന്‍ ട്രീസ എന്നിവരാണ് നായികമാര്‍. എല്‍ സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരലക്ഷ്മി നാഗ കന്യകയായിട്ടാണ് വേഷമിടുന്നത്. 22 അടി നീളമുള്ള രാജവെമ്പാല ഈ ചിത്രത്തില്‍ കഥാപാത്രമാകുന്നു എന്നൊരു പ്രത്യേകതയുമുണ്ട്.

കഥാപാത്രമായി വരുന്ന രാജവെമ്പാലയുടെ രൂപം തീരുമാനിക്കാന്‍ സംവിധായകന്‍ എല്‍ സുരേഷും ക്യാമറാമാന്‍ രാജവേല്‍ മോഹനും ലോകമെമ്പാടുമുള്ള വനാന്തരങ്ങളില്‍ അന്വേഷണം നടത്തി ഒടുവില്‍ ബാങ്കോക്കില്‍ നിന്നുമാണ് ഈ രാജവെമ്പാലയെ കണ്ടെത്തിയത്. അതിന്റെ സ്വഭാവം, ഘടന, ബോഡി ലാംഗ്വേജ് എന്നിവ കേട്ടറിഞ്ഞു മനസിലാക്കിയാണ് ഇതിനെ തിരഞ്ഞെടുത്തത്. ശക്തമായ പ്രണയകഥയുടെ പശ്ചാത്തലത്തിലുള്ള നര്‍മ്മരസപ്രദമായ ഹൊറര്‍ ചിത്രമാണ് നിയ 2. എഴുപതുകളിലെ നൊസ്റ്റാള്‍ജിക് സൂപ്പര്‍ ഹിറ്റ് ഗാനം 'ഒരേ ജീവന്‍ ഒന്‍ഡ്രേ ഉള്ളം വാരായ് കണ്ണാ' റീമിക്സ് ചെയ്ത് ഉള്‍പ്പെടുത്തി നൃത്ത രംഗം ചിത്രീകരിച്ചിരിക്കുന്നത് മറ്റൊരു സവിശേഷതയാണ്. ചാലക്കുടി, കൊടൈക്കനാല്‍, ഊട്ടി, തലക്കോണം, പോണ്ടിച്ചേരി എന്നിവയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

മുമ്പ് കണ്ടിട്ടുള്ള സര്‍പ്പ സിനിമകളില്‍ നിന്നും വ്യത്യസ്തമായി പാമ്പുകളുടെ പ്രതികാര കഥയല്ല നിയ 2 പറയുന്നത്. പാമ്പുകളുടെ സാഹസീകത ചിത്രത്തില്‍ ദൃശ്യവത്ക്കരിച്ചിട്ടുണ്ട്. ഗ്രാമീണ യുവാവായും നഗരവാസിയായ ഐടി ജീവനക്കാരനായും രണ്ട് കഥാപാത്രങ്ങളെ ജയ് അവതരിപ്പിക്കുന്നു. മൂന്ന് നായികമാര്‍ക്കും തുല്യ പ്രാധാന്യമുള്ള ശക്തമായ കഥാപാത്രങ്ങളാണ്. മൂന്ന് നായികമാരും ഗ്ലാമര്‍ താരങ്ങളെങ്കിലും അശ്ലീലമില്ല. കുടുംബ സമേതം കണ്ടാസ്വദിക്കാവുന്ന ഗ്ലാമറും, ആക്ഷനും, സസ്‌പെന്‍സുമുള്ള ജിജ്ഞാസാഭരിതമായ നവ്യാനുഭവമേകുന്ന ഒരു വിനോദ ചിത്രമായിരിക്കും നീയാ 2 എന്ന് സംവിധയകന്‍ പറഞ്ഞു.

നാനാ പടേക്കറിനെ വിടാതെ തനുശ്രീ ദത്ത! നടനെതിരെ പുതിയ പരാതി മുംബൈ പോലീസിന് നല്‍കും!

1979ല്‍ പുറത്തിറങ്ങി അത്ഭുതാവഹമായ വിജയം നേടിയ ഹൊറര്‍ ചിത്രമായിരുന്നു നിയ. കമല്‍ഹാസന്‍, മുത്തുരാമന്‍, ശ്രീപ്രിയ, ലത, എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. നടി ശ്രീപ്രിയായിരുന്നു നിയ നിര്‍മിച്ചത്. പഴയ നിയയുമായി നീയ 2വിന് ബന്ധമൊന്നുമില്ലെന്നും കഥയ്ക്ക് അനിവാര്യമായതു കൊണ്ട് ശ്രീപ്രിയയില്‍ നിന്നു ടൈറ്റില്‍ അവകാശം വാങ്ങി നിയ 2 എന്ന് പേരിടുകയായിരുന്നെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ചിത്രത്തിലെ വര്‍ണ്ണശബളമായ ഗാന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് നൃത്ത സംവിധായകരായ കല, കല്യാണ്‍ എന്നിവരാണ്. സ്റ്റണ്ട് ജീന്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ സബീറാണ് അണിയറ സാങ്കേതിക വിദഗ്ദരിലെ മറ്റൊരു പ്രധാനി. ദശകോടികളുടെ മുതല്‍മുടക്കില്‍ ഗ്രാഫിക്സ് സ്‌പെഷ്യല്‍ ഇഫക്ട് എന്നീ സാങ്കേതികയുടെ അകമ്പടിയോടെ 'നീയാ 2' നിര്‍മ്മിച്ചിരിക്കുന്നത് ജംബോ സിനിമാസിനു വേണ്ടി ഏ ശ്രീധറാണ്.