Back
Home » യാത്ര
പെണ്‍യാത്രകള്‍ക്കു പോകാം ഈ ഇടങ്ങളിൽ
Native Planet | 7th Nov, 2018 11:55 AM
 • സ്ത്രീകൾക്കു മാത്രം ഒരിടമില്ല

  സ്ത്രീയാത്രകൾക്കു പറ്റിയ ഇടങ്ങള്‍ എന്നു കേൾക്കുമ്പോൾ അതെന്താ ബാക്കി സ്ഥലങ്ങളിൽ സ്ത്രീകൾക്കു പോകാൻ പറ്റില്ലേ എന്നു മനസ്സിൽ ഒന്നെങ്കിലും ആലോചിക്കാത്തവർ കാണില്ല. എല്ലാ ഇടങ്ങളും എല്ലാവർക്കും ഒരുപോലെയുള്ളതു തന്നെയാണ്. ജീവിതത്തിൽ യാത്ര ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് തനിയെ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷിതത്വത്തിനായിരിക്കും ഇവർ മുൻഗണന നല്കുക. അത്തരത്തിൽ സ്ത്രീകൾക്കു സുരക്ഷിതമായി പോയി വരുവാൻ സാധിക്കുന്ന ഇടങ്ങളാണ് ഇവിടെ നല്കിയിരിക്കുന്നത്.


 • മൈസൂര്‍

  ഒകേരളത്തിൽ നിന്നും എളുപ്പത്തിൽ പോയി അടിച്ചു പൊളിച്ചു വരുവാൻ സാധിക്കുന്ന ഇടമാണ് മൈസൂർ. ചരിത്രവും വിശ്വാസവും ഒക്കെ ഇഷ്ടപ്പെടുന്നവരെ വീണ്ടും വീണ്ടും കൊളുത്തിവലിക്കുന്ന ഇവിടം അലഞ്ഞു തിരിഞ്ഞു കണ്ടുതീർക്കുവാൻ ഒത്തിരി കാഴ്ചകൾ ഉള്ള ഇടമാണ് . കൊട്ടാരത്തിൻറെ കാഴ്ചകളിൽ തുടങ്ങി മൈസൂർ മൃഗശാലയും മ്യൂസിയവും ചാമുണ്ഡേശ്വരി ക്ഷേത്രവും ദേവാലയങ്ങളും എക്സിബിഷൻ സെന്‍ററുകളും ഒക്കെയായി യാതൊരു ശല്യങ്ങളുമില്ലാതെ ഇവിടെ കണ്ടു തീർക്കുവാൻ ഒത്തിരി ഇടങ്ങളുണ്ട്.


 • ഹംപി

  ഒറ്റയ്ക്കുള്ള പെൺ യാത്രകൾക്കു മാത്രമല്ല, ഏതൊരു യാത്രകൾക്കും യോജിച്ച ഇടമാണ് കർണ്ണാടകയിലെ ഹംപി. കല്ലുകളിൽ ചരിത്രം കൊത്തി സൂക്ഷിച്ചിരിക്കുന്ന ഈ നാട് സുരക്ഷയുടെ കാര്യത്തിലും കാഴ്ചകളുടെ കാര്യത്തിലും എല്ലാം മറ്റിടങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. എങ്ങനെയായിരുന്നു നമ്മുടെ നാടിന്റെ ഇന്നലെകളെന്ന് കല്ലിലെഴുതിയ ചരിത്രത്തിലൂടെ കാണിച്ചു തരുന്ന ഇവിടെ ധാരാളം വിദേശികളും എത്താറുണ്ട്. രണ്ടു ദിവസം മുതൽ രണ്ടു വർഷം വരെ എടുത്ത് ഇവിടുത്തെ കാഴ്ചകൾ കാണാം. സുരക്ഷയുടെ കാര്യത്തിൽ ഒരു അങ്കലാപ്പും വേണ്ടാത്ത ഇടമാണ് ഹംപി

  PC:Harshap30012


 • ഹംപിയിൽ കാണാൻ ഈ സ്ഥലങ്ങള്‍

  യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളിലൊന്നായ ഇവിടെ കാഴ്ചകൾക്ക് ഒരു പഞ്ഞവും ഇല്ല. വിരൂപാക്ഷ ക്ഷേത്രം, വിജയ വിറ്റാല ക്ഷേത്രം, ക്യൂൻസ് ബാത്ത്, സൊനാന ചത്വരം, മഹാനവമി ഡിബ്ബ, ലോട്ടസ് മഹൽ, ആനപ്പന്തി, മാതംഗ ഹിൽസ് നരസിംഹ പ്രതിമ, അഞ്ജനാദ്രി ഗുഹകൾ, തുടങ്ങി ഇവിടെ കാണാനുള്ള ഇടങ്ങൾ നീണ്ടു കിടക്കുകയാണ്.

  PC:Harshap30012 • കുടജാദ്രി

  പേരും സ്ഥലവും ഒക്കെ കേൾക്കുമ്പോൾ ഇത്തിരി കടുപ്പം തോന്നുമെങ്കിലും വളരെ എളുപ്പത്തിൽ പോയിവരുവാൻ സാധിക്കുന്ന ഇടമാണ് കുടജാദ്രി. കൊല്ലൂർ മൂകാംബിക ക്ഷേത്രവും കുടജാദ്രി ട്രക്കിങ്ങും ഒറ്റ ദിവസം കൊണ്ടു പൂർത്തിയാക്കാം. ആത്മീയാനുഭവത്തിലൂടെ കടന്ന് പ്രകൃതിയുടെ കാഴ്ചകളിലേക്ക് സന്ദർശകരെ കൊണ്ടു പോകുന്ന ഇടമാണിത്. നൂറു ശതമാനവും സുരക്ഷിതമായ ഒരിടം കൂടിയാണ് ഇത്.

  കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച


 • ഗോവ

  ബീച്ചും പബ്ബുകളും ഒക്കെയാണ് എക്കാലത്തെയും പ്രിയപ്പെട്ട ഇടങ്ങളെങ്കിൽ അധികമൊന്നും ആലോചിക്കാതെ തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലമാണ് ഗോവ. ആധുനികതയും പൈതൃകവും ഒരുപോലെ സൂക്ഷിക്കുന്ന ഇവിടം സ്ത്രീകള്‍ക്കു തികച്ചും സുരക്ഷിതമായ ഇടം കൂടിയാണ്. ബീച്ചുകൾ, പബ്ബ്, രാത്രികാല പാര്‍ട്ടികൾ, കടലിലെ വിനോദങ്ങൾ ഒക്കെ ഇവിടെ അനുഭവിക്കുവാൻ സാധിക്കും. ഒന്നിനും ഒരു അതിരുമില്ലാത്ത ഇവിടം അടിച്ചുപൊളിക്കുവാൻ പറ്റിയ ഇടമാണ്.


 • ഗോകർണ്ണ

  കടലിന്റെ കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ കൊതിക്കുന്ന സ്ത്രീകൾക്കു പോകുവാൻ പറ്റിയ ഇടമാണ് ഗോകർണ്ണ. ബീച്ച് ട്രക്കിങ്ങും കടൽക്കാഴ്ചകളും ഒക്കെയായി ആരെയും കൊതിപ്പിക്കുന്ന പ്രത്യേകതകളാണ് ഈ നാടിനുള്ളത്.


 • ലഡാക്ക്

  ആശ്യത്തിനു ചങ്കൂറ്റം ഉള്ള പെണ്ണുങ്ങൾക്ക് തീർച്ചയായും സന്ദർശിക്കുവാൻ സാധിക്കുന്ന ഇടമാണ് ലഡാക്ക്. റൈഡർമാരുടെ ഡെസ്റ്റിനേഷനായ ഇവിടെ സ്ത്രീകൾ തനിയെ സന്ദർശിക്കുന്നത് പലർക്കും അംഗീകരിക്കുവാൻ കഴിയില്ല എങ്കിലും ധൈര്യമുണ്ടങ്കിൽ തീർച്ചയാും തനിയെ പോകുവാൻ സാധിക്കുന്ന ഇടമാണിതെന്നതിൽ സംശയമില്ല.


 • മലാന

  സഞ്ചാരികൾക്കായി അതിശയങ്ങൾ മാത്രം ഒളിപ്പിച്ചിരി ക്കുന്ന ഇടമാണ് മലാന. ഹിമാചലിന്റെ തനതായ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് നിൽക്കുന്ന ഇവിടം നിഗൂഡതകൾ നിറഞ്ഞ ഒരു സ്ഥലം കൂടിയാണ്. ലോകത്തിലെ തന്നെ ആദ്യത്തെ ജനാധിപത്യ ഗ്രാമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവിടം കുളുവിൽ നിന്നും 45 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വിചിത്രമായ ആചാരങ്ങളും സംസ്കാരങ്ങളും പിന്തുടരുന്ന ഇവിട ട്രക്കിങ്ങിനായാണ് കൂടുതലും ആളുകൾ എത്തുന്നത്.

  PC:Anees Mohammed KP


 • ജയ്പൂർ

  രാജസ്ഥാന്റെ തനത് കാഴ്ചകൾ സുരക്ഷിതമായി ആസ്വദിക്കുവാനും അറിയുവാനും പറ്റിയ ഇടമാണ് ജയ്പൂർ. കൊട്ടാരങ്ങളും വ്യത്യസ്ത തരത്തിലുള്ള നിർമ്മിതകളും ഒക്കെയായി തലയുയര്‍ത്തി നിൽക്കുന്ന ഇവിടം സ്ത്രീ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. പുഷ്കറും ഉദയ്പൂറും ജെയ്സാൽമീറുമൊക്കെ ചേർന്ന് കഥയെഴുചതുന്ന ഇവിടം സുരക്ഷിതമാണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല


 • പോണ്ടിച്ചേരി

  നൂലുപൊട്ടിയ പട്ടം പോലെ ജീവിതത്തെ ആസ്വദിക്കുവാൻ തയ്യാറുള്ള സ്ത്രീ യാത്രകൾക്ക് ഒരു ഭയവും ഇല്ലാതെ പോയി വരുവാൻ സാധിക്കുന്ന ഇടമാണ് പോണ്ടിച്ചേരി. വ്യത്യസ്തങ്ങളായ രണ്ടു സംസ്കാരങ്ങളുടെ കേന്ദ്രമായ ഇവിടം സ്ത്രീയെയും പുരുഷനെയും ഒരുപോലെ കാണുന്ന ഇടം കൂടിയാണ്.

  PC:Rohith D'Souza


 • കസോൾ

  സ്ത്രീ സഞ്ചാര ഇടങ്ങളിൽ ഈ അടുത്ത കാലത്ത് ഇടം നേടിയ സ്ഥലമാണ് കസോൾ. ഹിമാചലിന്‍റെ എല്ലാ സൗന്ദര്യവും ഒളിഞ്ഞിരിക്കുന്ന ഇവിടം അവധി ദിനങ്ങൾ ചിലവഴിക്കുവാൻ പറ്റിയ ഇടമാണ്. ട്രക്കിങ്ങും ക്യാംപിങ്ങും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ

  കസോ‌ള്‍: ജൂതന്മാര്‍ ഹിമാചല്‍പ്രദേശിലും


 • വാരണാസി

  ഒരു സ്ഥലം എന്നിതിലുപരി ഒരു ജീവിതകാലം മുഴുവൻ വേണ്ടുന്ന അനുഭവങ്ങൾ സൂക്ഷിക്കാൻ ലഭിക്കുന്ന ഒരു യാത്രയാണ് വാരണാസിയുടെ പ്രത്യേകത. നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തോട് ചേർത്തു പിടിച്ച് ഒരു സംസ്കാരത്തെ ഇവിടെ വായിച്ചെടുക്കാം. രാത്രിയിലെ ഗംഗാ ആരതിയും മറ്റു പൂജകളും ആളുകളുടെ ജീവിതവും ഒക്കെ ഇവിടെ കണ്ട് തന്നെ അറിയേണ്ടതാണ്.
പ്രിയപ്പെട്ട പുസ്തകങ്ങളെ മാത്രം കൂടെ കൂട്ടി വീടിനെയും വീട്ടുകാരെയും ജോലിയെയും മറ്റ് ഇഷ്ടങ്ങളെയും എല്ലാം പിന്നിൽ വിട്ട് ഒരിക്കല്‍ ഒരു യാത്രയെങ്കിലും പോകണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകൾ കാണില്ല. അങ്ങ് ദൂരെ ആരും കാണാത്ത ഒരിടത്തേയ്ക്ക് ഇഷ്ടങ്ങളെല്ലാം ചേർത്തുവെച്ച ആ യാത്രയെക്കുറിച്ച് സ്വപ്നം കാണാത്ത പെണ്ണുങ്ങളുമില്ല! ഒരായിരം തവണ മനസ്സു കൊണ്ടു പോയി വന്നിട്ടുള്ള ഈ യാത്രയ്ക്ക് ഒന്നൊരുങ്ങിയാലോ... ഒറ്റയ്ക്കുള്ള യാത്ര ഒരു വെല്ലുവിളി അല്ല എന്നു മനസ്സിലാക്കി, കൂളായി പോയി വരാൻ സഹായിക്കുന്ന ഒട്ടേറെ ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. രണ്ടു ദിവസം കൊണ്ട് പോയി വരാൻ സാധിക്കുന്ന ഇടം മുതൽ ആഴ്ചകളെടുത്തു കണ്ടു തീർക്കാൻ സാധിക്കുന്ന സ്ഥലം വരെ ഇവിടെയുള്ളപ്പോള്‍ യാത്രകൾ എന്തിനാണ് നീട്ടിവയ്ക്കുന്നത്...? സ്ത്രീ യാത്രകൾക്ക് പറ്റിയ കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...