Back
Home » ഇന്റർവ്യൂ
വിസ്മയിപ്പിക്കുന്ന അരങ്ങേറ്റം, ഇപ്പോഴും വിശ്വസിക്കാനാകാതെ ഗൗരി, 96ലെ കുട്ടി ജാനു മനസ്സ് തുറക്കുന്നു
Oneindia | 8th Nov, 2018 07:51 PM

വിജയ് സേതുപതിയും തൃഷാ കൃഷ്ണനും മുഖ്യ കഥാപാത്രങ്ങളായെത്തുന്ന 96 കണ്ടിറങ്ങിയ ഓരോരുത്തരുടെയും മനസ്സിലേക്ക് ആദ്യം ഉയർന്ന ചോദ്യം. ആരാണ് നായിക ജാനുവിന്റെ കുട്ടിക്കാലം അഭിനയിച്ച ആ പെൺകുട്ടി? സി പ്രേംകുമാർ സംവിധാനം ചെയ്ത സിനിമ കേരളത്തിലും സൂപ്പർ ഹിറ്റായി. മലയാളിയും തമിഴനും ഒരേ പോലെ ഹൃദയത്തിലേറ്റുന്ന താരമായി 'കുട്ടി ജാനു' മാറി. സ്വാഭാവികമായ അഭിനയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗൗരി ജി കിഷൻ എന്ന മലയാളി പെൺകുട്ടി ഇപ്പോഴും ഏതോ മായിക ലോകത്താണ്. ഫിൽമിബീറ്റിന് അനുവദിച്ച അഭിമുഖത്തിൽ താരം മനസ്സ് തുറക്കുന്നു.

തൃഷയുടെ കുട്ടിക്കാലം അവതരിപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. നൃത്തം പഠിച്ചിരുന്നതുകൊണ്ട് സഭാ കമ്പം ഇല്ലായിരുന്നു. സ്റ്റേജിൽ പെർഫോം ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാൽ സ്റ്റേജിലെ പെർഫോമൻസും ക്യാമറയ്ക്ക് മുന്നിലെ അഭിനയവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നത് തിരിച്ചറിയുകയായിരുന്നു.

സിനിമ കണ്ടുള്ള പരിചയം മാത്രമാണ് നേരത്തെയുള്ളത്. ഓഡിഷനിൽ തിരഞ്ഞെടുക്കപ്പെട്ടതോടെ ടെൻഷനായി. ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാൻ കഴിയുമോ എന്ന പേടി. 7ഡി വർക്ക് ഷോപ്പിൽ പങ്കെടുത്തത് അനുഗ്രഹമായി. ആത്മവിശ്വാസം വർധിപ്പിക്കാൻ ഈ ക്യാംപ് സഹായിച്ചു.

എനിക്ക് തീർത്തും അന്യമായ കാലഘട്ടത്തിന്റെ കഥയായിരുന്നു സിനിമയിലുണ്ടായിരുന്നത്. അച്ഛന്റെയും അമ്മയുടെയും ജനറേഷൻ, എന്നാൽ സ്റ്റോറി ടെല്ലിങിന്റെ മാന്ത്രികത ഞാൻ അനുഭവിച്ചറിയുകയായിരുന്നു. അത്രയും സമർത്ഥമായാണ് ഈ കാലഘട്ടം എന്റെ ഹൃദയത്തിലേക്ക് പതിഞ്ഞത്. കൂടാതെ ഈ കാലഘട്ടങ്ങളിലുള്ള ഒട്ടേറെ സിനിമകൾ നേരത്തെ കണ്ടിരുന്നതും അനുഗ്രഹമായി. സംവിധായകന്റെ മിടുക്കാണ്. പല റിഫ്ളക്ഷനുകളും സിനിമ കണ്ടപ്പോഴാണ് മനസ്സിലായത്.

വായിക്കാൻ നല്ല ഇഷ്ടമാണ്. കുട്ടിക്കാലം മുതലെ നന്നായി വായിക്കുമായിരുന്നു. എന്തെങ്കിലും സമൂഹത്തിനു വേണ്ടി ചെയ്യണം എന്ന ചിന്തയിൽ നിന്നു തന്നെയാണ് ജേർണലിസം കോഴ്സ് തിരഞ്ഞെടുത്തത്. ആമിർഖാന്റെ സത്യമേവ ജയതേ സ്ഥിരമായി കാണാറുണ്ടായിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളും ഇല്ലായ്മകളും പണ്ടേ മനസ്സിനെ പിടിച്ചുലക്കിയിരുന്നു. ഇപ്പോൾ ബാംഗ്ളൂർ ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിൽ ജേർണലിസത്തിന് പഠിയ്ക്കുന്നതിനു പ്രചോദനവും ഇത്തരം ചിന്തകൾ തന്നെ.

അനു സിത്താര ഡബ്ലുസിസിയില്‍ ഇല്ലാത്തതിന് പിന്നിലെ കാരണം ഇതോ? താരം നല്‍കിയ മറുപടി? കാണൂ!

സമൂഹത്തിൽ മാറ്റം വരുത്താനുള്ള ശേഷി മാധ്യമപ്രവർത്തനത്തിനുണ്ട്. കൂടാതെ ധാരാളം വായിക്കാനുള്ള അവസരവും കിട്ടും. വെറും ഒരു ഡിഗ്രി എന്നതിനപ്പുറം ജേർണലിസം ക്രിയേറ്റിവിറ്റിയുള്ള ഒരു ലിബറൽ ആർട്ടാണ്. സമൂഹത്തെ വേറിട്ട രീതിയിൽ നോക്കി കാണാൻ അവസരം ലഭിക്കുന്നു. തത്കാലം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. അതേ സമയം 96നു സമാനമായ നല്ല കഥാപാത്രങ്ങൾ വന്നാൽ പരിഗണിക്കും. തീർച്ചയായും ഓരോ കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോഴും കുട്ടിജാനു ഉണ്ടാക്കിയ ഉത്തരവാദിത്വബോധം മനസ്സിലുണ്ടാകും.

അമ്മയുടെ വീട് വൈക്കത്താണ്. അച്ഛന്റെ വീട് അരൂരും. അച്ഛന്റെ ജോലിയുടെ ഭാഗമായി ദില്ലിയിലായിരുന്നു കുറച്ച് കാലം. എന്നാൽ ചെന്നൈയിലേക്ക് താമസം മാറിയതോടെ എല്ലാ അർത്ഥത്തിലും ഭാഗ്യമായി മാറുകയായിരുന്നു. സ്വന്തം നാട്ടിലെന്ന പോലെയുള്ള ഒരു ഫീലിങാണ് ചെന്നൈയിൽ. ചേട്ടൻ ഗോവിന്ദും ഗൗരിക്കൊപ്പം ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിൽ പഠിയ്ക്കുന്നുണ്ട്.