Back
Home » യാത്ര
ചെറിയ പെരുന്നാളിനു പൊളിക്കുവാൻ ഈ ഇടങ്ങൾ
Native Planet | 4th Jun, 2019 06:01 PM
 • പാൽക്കുളമേട്

  ഇത്തവണത്തെ പെരുന്നാളിന് വ്യത്യസ്തമായ സ്ഥലങ്ങളിലൂടെയായാലോ യാത്ര...അങ്ങനെയാമെങ്കിൽ ആദ്യം പരിഗണിയ്ക്കുവാൻ പറ്റിയ ഇടം പാൽക്കുളമേട് തന്നെയാണ്. സമുദ്ര നിരപ്പിൽ നിന്നും3125 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ അറിയപ്പെടാത്ത അത്ഭുതമാണ് പാൽക്കുളമേട്. വെള്ളച്ചാട്ടങ്ങളും ആകാശമിറങ്ങി വരുന്ന കോടമഞ്ഞും അപ്രതീക്ഷിതമായെത്തുന്ന ആനക്കൂട്ടവും ഒക്കെയാണ് ഈ യാത്രയുടെ ത്രില്ല് എന്നതിനാൽ ചെറുപ്പക്കാരാണ് ഇവിടെക്ക് പോകുന്നവരിൽ അധികവും. ഓഫ് റോഡിങ്ങും സാഹസികതയും ചേർന്ന് ഒരുഗ്രൻ ട്രിപ്പായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമേയില്ല.

  ആനകൾ വിരുന്നെത്തുന്ന പാൽക്കുളമേട്


 • തൂവാനം വെള്ളച്ചാട്ടം

  കാടിനുള്ളിലെ യാത്രകളാണ് വേണ്ടതെങ്കിൽ തൂവാനത്തിന് പോകാം. പതഞ്ഞൊഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിലേക്ക് കാടുകയറിയുള്ള യാത്രയിലാണ് ഇതിന്റെ രസമിരിക്കുന്നത്. ഏതു കാലത്തും നിറഞ്ഞൊഴുകുന്നതിനാൽ വിശ്വസിച്ച് ഇവിടേക്ക് വരാം. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലായാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാർ എന്ന സ്ഥലത്തായാണ് വെള്ളച്ചാട്ടമുള്ളത്.
  വന്യജീവി സങ്കേതത്തിൽ നിന്നും ഇവിടേക്ക് ട്രക്കിങ്ങ് വഴി മാത്രമേ എത്തിച്ചേരുവാൻ സാധിക്കൂ. മൂന്നാറിലെ തന്നെ പ്രസിദ്ധമായ ട്രക്കിങ്ങ് റൂട്ടുകളിലൊന്നാണിത്.
  ആലാംപട്ടി ചെക്ക് പോസ്റ്റിൽ നിന്നുമാണ് ഇവിടേക്കുള്ള ട്രക്കിങ്ങ് ആരംഭിക്കുന്നത്. വനത്തിലൂടെ ഏകദേശം മൂന്നു മണിക്കൂറോളം നീളുന്ന ട്രക്കിങ്ങിലൂടെയാണ് കാടിനുള്ളിലെ വെള്ളച്ചാട്ടത്തിലെത്താനാവൂ. വെള്ളച്ചാട്ടം അടുത്തു നിന്നും കാണാം എന്നതു മാത്രമല്ല, അതിലിറങ്ങുവാനും കുളിക്കുവാനും ഒക്കെ സൗകര്യം ഇതിലുണ്ടാവും. ഇന്ത്യക്കാർക്ക്225 രൂപയും വിദേശികൾക്ക് 600 രൂപയുമാണ് ട്രക്കിങ്ങ് ഫീസായി ഈടാക്കുന്നത്.


 • കേരളാംകുണ്ട് വെള്ളച്ചാട്ടം

  മലപ്പുറത്തു നിന്നും എളുപ്പത്തിൽ എന്നാൽ, അടിച്ചു പൊളിക്കുവാൻ പറ്റിയ സ്ഥലമാണ് തേടുന്നതെങ്കിൽ കേരളാംകുണ്ടിന് പോകാം, സാഹസികതയില്‍ താല്പര്യമുള്ളവര്‍ക്കു പരീക്ഷിക്കാവുന്ന ഒരിടമാണ് മലപ്പുറം ജില്ലയിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം. സമുദ്ര നിരപ്പില്‍ നിന്നും 1500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളാംകുണ്ട് ദേശീയ സാഹസിക ടൂറിസം ഭൂപടത്തില്‍ ഇടംനേടിയിട്ടുണ്ട്. 150 അടി ഉയരത്തില്‍ നിന്നും ഒരു കുളത്തിലേക്ക് പതിക്കുന്ന രീതിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. ഓഫ് റോഡില്‍ താല്പര്യമുള്ളവര്‍ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിച്ചിരിക്കണം. സൈലന്റ് വാലിക്ക് സമീപമുള്ള കുമ്പന്‍ മലയുടെ അടിവാരത്തിലാണ് ഈ വെള്ളച്ചാട്ടം.


 • മാങ്കുളം

  പച്ചപ്പു തേടിയുള്ള യാത്രയാണെങ്കിൽ മാങ്കുളം തിരഞ്ഞെടുക്കാം, തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന കിടിലൻ സ്ഥലമാണ് ഇടുക്കിയിലെ മാങ്കുളം. എവിടെ തിരിഞ്ഞാലും അങ്ങുയരത്തിൽ കാണുന്ന മലകളും പതഞ്ഞു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും വെള്ളം കുടിക്കുവാനെത്തുന്ന ആനക്കൂട്ടങ്ങളും ഒക്കെ ഇവിടുത്തെ മാത്രം കാഴ്ചകളാണ്. ചിന്ര്‍വിരിപ്പാറ വെളളച്ചാട്ടം, കോഴിവാലൻക്കുത്ത്, പെരുമ്പൻകുത്ത്, നക്ഷത്രകുത്ത് തുടങ്ങിയ വെള്ളച്ചാട്ടങ്ങളാണ് മാങ്കുളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
  കാട്ടാറുകളും ഏലച്ചെടികളും വെള്ളച്ചാട്ടങ്ങളും നിർത്താതെ വീശിയടിക്കുന്ന കാറ്റും ഒക്കെ ചേരുമ്പോഴാണ് മങ്കുളം പൂർണ്ണമാവുക. മൂന്നാറിനോട് ചേർന്നു കിടക്കുന്ന ഒരിടമാണെങ്കിലും ടൂറിസം അത്ര വലിയ രീതിയിൽ ഇവിടെ വളർന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്നവർക്ക് മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരനുഭവമായിരിക്കും ലഭിക്കുക. നാടിനേക്കാളധികം കാടുകാണുന്ന ഒരു സ്ഥലം കൂടിയാണിത്. എവിടെ തിരിഞ്ഞാലും അങ്ങുയരത്തിൽ കാണുന്ന മലകളും പതഞ്ഞു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും വെള്ളം കുടിക്കുവാനെത്തുന്ന ആനക്കൂട്ടങ്ങളും ഒക്കെ ഇവിടുത്തെ മാത്രം കാഴ്ചകളാണ്.

  PC:mankulamtourism


 • എലിമ്പിലേരി

  ഗൂഗിൾ മാപ്പിൽ പോലും നോക്കിയാൽ കാണാൻ പറ്റാത്ത സ്ഥലം എന്ന പേരിൽ കുറച്ചു നാൾ മുൻപ് സഞ്ചാരികള്‍ക്കിടയിൽ ഏറെ പ്രശസ്തമായ ഒരിടമാണ് വയനാട്ടിലെ എലിമ്പിലേരി. ഇത്രയും നാളും പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന ഇവിടം സോഷ്യൽ മീഡിയ വഴിയാണ് ഇത്രയും പ്രശസ്തമായത്. കാടിന്റെ നടുവിലൂടെ മഴ നനഞ്ഞ് തികച്ചും സാഹസികമായി മാത്രം പോകുവാൻ സാധിക്കുന്ന ഇവിടം ധീരൻമാർക്കും യാത്രാ ഭ്രാന്തൻമാർക്കും മാത്രം പറ്റിയ ഒരിടമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. എലിമ്പിലേരി യാത്രയുടെ രസം മുഴുവൻ അടങ്ങിയിരിക്കുന്നത് ഇവിടുത്തെ റോഡിലാണ്. പറപ്പിച്ചു പോകാം എന്നു കരുതിയാണ് ഇവിടേക്ക് വരുന്നതെങ്കിൽ കളി മുഴുവൻ മാറും. മൂന്നു കിലോ മീറ്ററോളം ദൂരം ഓഫ് റോഡ് തന്നെയാണ്. ബൈക്കിലോ ഫോർ വിലർ ജീപ്പിലോ അസാമാന്യ കൈവഴക്കം മാത്രം ഉണ്ടെങ്കിലേ ഇവിടേക്കുള്ള യാത്ര സാധ്യമാവൂ എന്ന കാര്യം ഓർക്കുക.

  PC:Raj


 • ആനയടിക്കുത്ത് വെള്ളച്ചാട്ടം

  ഇടുക്കിയിൽ അധികമാർക്കും അറിയപ്പെടാതെ കിടക്കുന്ന കിടിലൻ സ്ഥലങ്ങളിലൊന്നാണ് ആനയടിക്കുത്ത് വെള്ളച്ചാട്ടം. തൊടുപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് ഈ പേരു കിട്ടിയതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ഒരിക്കല്‍ രണ്ട് ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന കാല്‍വഴുതി ഇവിടെ വീണു മരിച്ചുവത്രെ. ആന ചാടിയതിനാല്‍ ഈ വെള്ളച്ചാട്ടം ആനച്ചാടികുത്ത് എന്നാണത്രെ പിന്നീട് അറിയപ്പെട്ടത്. ആനയടിക്കുത്ത് എന്നും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു. പുറമേ നിന്നുള്ള ആളുകൾ വളരെ അപൂർവ്വമായി മാത്രം എത്തിച്ചേരുന്ന ഇവിടം പ്രദേശവാസികൾക്ക് മാത്രം അറിയുന്ന ഒരിടമാണ്. ആന കാല്‍വഴുതി വീണ് മരിച്ചെന്നാണ് പേരിനു പിന്നിലെ കഥയെങ്കിലും നൂറുശതമാനം സുരക്ഷിതമാണ് ആനച്ചാടികുത്ത് വെള്ളച്ചാട്ടം. കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് ധൈര്യത്തില്‍ ഇറങ്ങാവുന്ന അപകടമില്ലാത്ത ഒരു വെള്ളച്ചാട്ടമാണിത്. അതിനാല്‍ത്തന്നെ ഒന്നും പേടിക്കാതെ ഇവിടെ കുട്ടികളെയും കൂട്ടി സമയം ചെലവഴിക്കാം.
  PC:Najeeb Kassim


 • പാണ്ടിക്കുഴി

  ഒറ്റ നോട്ടത്തിൽ തന്നെ ചങ്കിൽ കയറിക്കൂടുന്ന ഒരിടമാണ് തേക്കടിക്ക് തൊട്ടടുത്തു കിടക്കുന്ന പാണ്ടിക്കുഴി. തമിഴ്നാട് അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ ഇവിടുത്തെ കാഴ്ചകൾക്കെല്ലാം ഒരു തമിഴ് മണമായിരിക്കും. തമിഴ്നാട്ടിൽ നിന്നുള്ള കാഴ്ചകളാണ് ഇവിടെ കൂടുതലും കാണുവാൻ സാധിക്കുക. ക്യാമറ കാഴ്ചകൾ കഴിഞ്ഞാൽ ട്രക്കിങ്ങിൽ താല്പര്യമുള്ളവരാണ് ഇവിടെ എത്തുന്നത്. തേക്കടിയുടെ വ്യത്യസ്തമായ കാഴ്ചകൾ കാണുവാൻ താല്പര്യമുള്ളവരെ ആകർഷിക്കുന്നതാണ് ഇവിടുത്തെ ട്രക്കിങ്ങ്
  തേക്കടിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ ചെല്ലാർ കോവിലിനും തമിഴ്നാട് അതിർത്തിക്കും ഇടയിലായാണ് പാണ്ടിക്കുഴി സ്ഥിതി ചെയ്യുന്നത്.
  തേക്കടിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ ചെല്ലാർ കോവിലിനും തമിഴ്നാട് അതിർത്തിക്കും ഇടയിലായാണ് പാണ്ടിക്കുഴി സ്ഥിതി ചെയ്യുന്നത്.

  PC:Vinayaraj


 • പാണ്ടിപ്പത്ത്

  തിരുവനന്തപുരത്ത് നിന്നാണ് യാത്രയെങ്കിൽ പാണ്ടിപ്പത്ത് തിരഞ്ഞെടുക്കാം. പുൽമേടുകൾ കൊണ്ട് സമൃദ്ധമായ ഇവിടം പേപ്പാറ വന്യജീവി സങ്കേതത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും 65 കിലോമീറ്റർ അകലെയാണ് പാണ്ടിപ്പത്ത് സ്ഥിതി ചെയ്യുന്നത്.

  PC:Koshy K
30 ദിവസം നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങൾക്കും നോയമ്പിനും വിട പറഞ്ഞ് ഇനി ആഘോഷത്തിൻറെ നാളുകളാണ്. പെരുന്നാൾ ആഘോഷം പൊടിപൊടിയ്ക്കുവാൻ ഒരു യാത്ര പ്ലാൻ ചെയ്യാത്തവരായി ആരും കാണില്ല എന്നുതന്നെ പറയാം... ഇതാ കുടുംബത്തോടൊന്നിച്ച് പെരുന്നാളിന് പോകുവാൻ പറ്റിയ കേരളത്തിലെ കുറച്ചിടങ്ങൾ പരിചയപ്പെടാം...