Back
Home » ഇന്റർവ്യൂ
''ഇതൊരു രാഷ്ട്രീയ കൊലപാതക കഥയ്ക്കപ്പുറം, അഭിമന്യു എന്ന 19കാരന്റെ നന്മയുടെ കഥയാണ്''
Oneindia | 8th Jun, 2019 09:33 AM

കേരളം എന്ന വാക്കിലെ നന്മയ്ക്ക് കളങ്കം വരുത്തിയ ഒട്ടനവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. അത്തരമൊരു വെറും രാഷ്ട്രീയ കൊലപതാകമായോ രക്തസാക്ഷിയായോ കാണാന്‍ കഴിയില്ല അഭിമന്യു എന്ന 19 വയസ്സുകാരന്റെ മരണം. മഹാരാജാസ് കോളേജില്‍ ഇപ്പോഴും അഭിമന്യുവിന്റെ ഓര്‍മകളുണ്ട്.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ്. എന്നാല്‍ ഇതൊരു രാഷ്ട്രീയ പകപോക്കലിന്റെയോ രാഷ്ട്രീയ രക്തസാക്ഷിത്വത്തിന്റെയോ കഥയല്ലെന്ന് സംവിധായകന്‍ സജി എസ് പാലമേല്‍ ഫില്‍മിബീറ്റിന് നല്‍കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ വ്യക്തമാക്കി. ഇത് അഭിമന്യു എന്ന പത്തൊന്‍പതുകാരന്റെ നന്മയുടെ കഥയാണ്.

നാന്‍ പെറ്റ മകന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ആറടി എന്ന അക്കാഡമിക് ചിത്രത്തിന്റെ സംവിധായകനായ സജിയുടെ രണ്ടാമത്തെ ചിത്രമാണ് നാന്‍ പെറ്റ മകന്‍. ചിത്രത്തെ കുറിച്ച് സംവിധായകന്റെ വാക്കുകളിലേക്ക്.

നാന്‍ പെറ്റ മകന്‍

ആറടി എന്ന ചിത്രത്തിന് ശേഷം മറ്റൊരു സിനിമ ചെയ്യാനുള്ള ആലോചനയിലായിരുന്നു. അപ്പോഴാണ് അഭിമന്യുവിന്റെ മരണം എന്നെ പിടിച്ചു കുലുക്കിയത്. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അഭിമന്യുവിനെ കുറിച്ച് നല്ലത് മാത്രം പറയുന്നത് കണ്ടപ്പോള്‍, ടിവിയിലും പത്രത്തിലും കണ്ടതിന് പുറമെ ആ പത്തൊന്‍പത് കാരനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. അറിയുന്തോറും അഭിമന്യു എന്റെ കണ്ണ് നനയിച്ചു. അതാണ് ഈ സിനിമയ്ക്ക് പ്രേരണയായത്.

അഭിമന്യുവിന്റെ നന്മ

അഭിമന്യുവിന്റെ മരണം എന്നെ വല്ലാതെ ബാധിച്ചതിന് കാരണം ഞാനും ഇത്തരം വിദ്യാര്‍ത്ഥി സംഘനടനകളിലൂടെ കടന്നുവന്നതാണ്. അതിനപ്പുറം അഭിമന്യുവിനെ കുറിച്ച് അറിഞ്ഞ കാര്യങ്ങള്‍ ഒരു പത്തൊന്‍പതു വയസ്സകാരനില്‍ ഒതുങ്ങുന്ന ഒന്നായിരുന്നില്ല. എന്തുകൊണ്ട് അഭിമന്യുവുമായി എല്ലാവരും വൈകാരിക അടുപ്പം കാണിക്കുന്നു എന്ന അന്വേഷണത്തിലാണ് ഒന്നല്ല ഒരുപാട് ചിത്രത്തിനുള്ള സ്‌കോപ്പ് അഭിമന്യുവിന്റെ ജീവിതത്തിലുണ്ടെന്ന് ബോധ്യമായത്.

പൊതുവെ രാഷ്ട്രീയ കൊലപതാകത്തില്‍ ഒരു കൊടുക്കല്‍ വാങ്ങലുണ്ട്. എന്നാല്‍ അഭിമന്യുവിന്റെ കാര്യത്തില്‍ അങ്ങനെ ഒന്നില്ല. ശത്രു എന്ന് പറയാന്‍ മാത്രം അഭിമന്യുവിന്റെ ജീവിതത്തില്‍ ഒരാളുമില്ല. നടന്നുപോയ വഴികളിലെല്ലാം സ്‌നേഹവും നന്മയും സൗഹൃദവും മാത്രമേ അവന്‍ പകര്‍ന്നു നല്‍കിയിട്ടുള്ളൂ. അഭിമന്യുവിനെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ഒരുപക്ഷെ അവനെ കൊലപ്പെടുത്തിയവര്‍ക്ക് രാഷ്ട്രീയ നേട്ടങ്ങളുണ്ടാവാം. അവനതിന് ഇരയാക്കപ്പെട്ടതാണ്.

അഭിമന്യു കമ്യൂണിസം പഠിച്ചയാളാണോ എന്നെനിക്കറിയില്ല. പക്ഷെ അവനായിരുന്നു കമ്യൂണിസം. നന്മയാണ് കമ്യൂണിസമെങ്കില്‍, മനുഷ്യത്വമാണ് കമ്യൂണിസമെങ്കില്‍ അതാണ് അഭിമന്യു. അവന്റെ പ്രശ്‌നങ്ങളെ കുറിച്ച് ഒരിക്കലും അവന്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് പരിഹരിക്കാന്‍ എന്നും ശ്രമിക്കാറുണ്ട്... ശ്രമിച്ചിട്ടുണ്ട്... ആ നന്മയാണ് ഈ സിനിമ. അതിനപ്പുറം ഒരു രാഷ്ട്രീയം ഈ സിനിമയ്ക്കില്ല. അവന്‍ ചൊരിഞ്ഞ നന്മമാത്രം

കാസ്റ്റിങിനെ കുറിച്ച്

സ്റ്റാര്‍ കാസ്റ്റിങ് ഈ സിനിമയ്ക്ക് പറ്റില്ലല്ലോ. ഫഹദ് ഫാസിലിനോ നിവിന്‍ പോളിക്കോ ഈ സിനിമ ചെയ്യാന്‍ പറ്റില്ല. അഭിമന്യുവിനെ എല്ലാവര്‍ക്കും അറിയാം. അവന്റെ ചിരിയറിയാം.. പ്രസന്നതയറിയാം..ശരീരമറിയാം... അതുമായി ചെറുതായെങ്കിലും സാമ്യം തോന്നിയത് കൊണ്ടാണം വളരെ പെട്ടന്ന് മിനോണിലേക്ക് എത്താന്‍ കഴിഞ്ഞത്. അഭിമന്യുവിനെ പോലെ തന്നെ വളരെ എനര്‍ജറ്റിക്കായ ആളാണ് മിനോണ്‍. മിനോണിനെ കാസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

ശ്രീനിവാസന്‍ അഭിമന്യുവിന്റെ അച്ഛനായും സീമ ജി നായര്‍ അമ്മയായും എത്തുന്നു. ജോയ് മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത്. ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ശ്രീനിവാസനില്‍ നിന്നും ജോയ് മാത്യുവില്‍ നിന്നും നല്ല പ്രതികരങ്ങളും പിന്തുണയുമാണ് ലഭിച്ചത്. മുത്തുമണി, മെറീന, സിദ്ധാര്‍ത്ഥ് ശിവ, സരയു തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.

അണിയറയില്‍

സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം പരിചയ സമ്പന്നരായിരിക്കണം എന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് കുമാര്‍ സാറിന്റെ മകന്‍ കുഞ്ഞുണ്ണി ക്യാമറാമാനായി എത്തിയത്. ഏങ്ങണ്ടിയൂരും റഫീഖ് അഹമ്മദും മുരുകന്‍ കാട്ടാകടയും ചേര്‍ന്നാണ് ഗാനരചന പൂര്‍ത്തിയാക്കിയത്. ബിജിപാലാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

പ്രേക്ഷകരോട് പറയാന്‍

ജീവിച്ചിരിക്കുന്നവര്‍ കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് നാന്‍ പെറ്റ മകന്‍. അഭിമന്യുവിന്റെ അച്ഛനും അമ്മയും ഇരിക്കുമ്പോഴാണ് ശ്രീനിവാസനും സീമ ജീ നായരും അവരെ സിനിമയില്‍ അവതരിപ്പിച്ചത്. കാഴ്ചക്കാരുടെ കണ്ണ് നിറയുന്ന അനുഭവങ്ങള്‍ ലൊക്കേഷനിലുണ്ടായിട്ടുണ്ട്. അതുകണ്ട് തന്നെ ഇത് പലരുടെയും ഹൃദയത്തില്‍ത്തൊട്ട ചിത്രമാണ്. ആരും ഇതിനെ ഒരു പക്ഷത്തിന്റെ രാഷ്ട്രീയ ചിത്രമായി കാണരുത്. ഒരുപാട് സ്വപ്‌നം കണ്ട് സ്‌നേഹം ചൊരിഞ്ഞ നന്മ നിറഞ്ഞ ഒരു പത്തൊന്‍പതുകാരന്റെ കഥയാണ്- സജി പറഞ്ഞു