Back
Home » തമിഴ് മലയാളം
മമ്മൂട്ടിയ്ക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ ദുല്‍ഖറിന്റെയും മാസ്! തമിഴ് ചിത്രം തിയറ്ററുകളിലേക്ക്‌
Oneindia | 10th Jun, 2019 10:55 AM
 • കാതല്‍ ഇത് കാതല്‍

  2013 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ദുല്‍ഖറിന്റെ ചിത്രമാണ് പട്ടം പോലെ. ഛായാഗ്രഹകനായ അളകപ്പന്‍ എന്‍ ആദ്യമായി സംവിധാനം ചെയ്ത് ചിത്രത്തില്‍ മാളവിക മോഹന്‍ ആയിരുന്നു നായിക. ഗീരിഷ് കുമാര്‍ രചന നിര്‍വഹിച്ച ചിത്രം മലയാളത്തില്‍ പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല. എന്നാല്‍ ഫീല്‍ ഗുഡ് റോമാന്റിക് ചിത്രമായി ഒരുക്കിയതിനാല്‍ യുവാക്കള്‍ക്കിടയില്‍ തരംഗമാവുകയും ചെയ്തിരുന്നു. ചിത്രത്തിലെ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ തമിഴ് റീമേക്ക് ആണ് കാതല്‍ ഇത് കാതല്‍. ചിത്രം ഉടന്‍ റിലീസിന് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.


 • കണ്ണും കണ്ണും കൊള്ളയടിത്താല്‍

  ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന മറ്റൊരു തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. റോമാന്റിക് ത്രില്ലറായി ഒരുക്കുന്ന ഈ സിനിമ ദേശീസിംഗ് പെരിയസ്വാമിയാണ് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുമ്പോള്‍ റിതു വര്‍മയാണ് നായിക. രക്ഷന്‍, നിരഞ്ജിനി അഹ്തിയാന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2017 ല്‍ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ഈ ചിത്രം വൈകി പോവുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നും ആരംഭിച്ച ഷൂട്ടിംഗില്‍ ദുല്‍ഖറും പങ്കെടുത്തിരുന്നു. പിന്നീട് ഗോവ, ചെന്നൈ, എന്നിവിടങ്ങളില്‍ നിന്നെല്ലാമായി ഷൂട്ട് പൂര്‍ത്തിയാക്കി. എങ്കിലും ചില പ്രതിസന്ധികളില്‍ കുടുങ്ങി സിനിമ വൈകുകയായിരുന്നു.


 • ആദ്യ തമിഴ് ചിത്രം

  വായ മൂടി പേസവും എന്ന തമിഴ് ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നത്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന പേരില്‍ മലയാളത്തിലും ഈ ചിത്രം എത്തിയിരുന്നു. നസ്രിയ നസീമായിരുന്നു നായിക. ശേഷം ഒ കാതല്‍ കണ്മണി എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് താരം വീണ്ടുമെത്തി. നിത്യ മേനോന്‍ നായികയായിട്ടെത്തിയ ചിത്രം ഹിറ്റായിരുന്നു. ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കുട്ടിയിരുന്നു. 2017 ല്‍ ആന്തോളജി ചിത്രമായി ഒരുക്കിയ സോളോ മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്തു. തെലുങ്കില്‍ നിര്‍മ്മിച്ച ബയോപിക് ചിത്രം മഹാനടി തമിഴില്‍ നടികര്‍ തിലകം എന്ന പേരില്‍ റിലീസിനെത്തി. വാന്‍ എന്നൊരു ചിത്രം കൂടി തമിഴില്‍ ദുല്‍ഖറിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്.


 • വരാനിരിക്കുന്ന ചിത്രങ്ങള്‍

  ദുല്‍ഖറിന്റേതായി വരാനിരിക്കുന്ന സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കാര്‍വാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങറ്റം നടത്തിയ ദുല്‍ഖറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ മറ്റൊരു ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്ന് ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. കാര്‍വാന് ശേഷം ദുല്‍ഖര്‍ നായകനാവാനുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ദി സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയായിട്ടെത്തുന്ന ചിത്രം സെപ്റ്റംബര്‍ 20 ന് തിയറ്ററുകളിലേക്ക് എത്തും. അനുജ ചൗഹാന്‍ രചിച്ച ദി സോയ ഫാക്ടര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു ക്രിക്കറ്റ് ക്യാപ്റ്റനായിട്ടാണ് അഭിനയിക്കുന്നത്. 1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് നോവലില്‍ പറയുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് നിര്‍മാണം.


 • നിര്‍മാതാവായി ദുല്‍ഖര്‍

  അഭിനയത്തിന് പുറമേ സിനിമയിലെ ബിസിനസിലേക്ക് കൂടി ചുവടുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. നിര്‍മാതാവായി അരങ്ങേറ്റം നടത്തുന്ന ദുല്‍ഖറിന്റെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. നിറയെ പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഗ്രിഗറി ജേക്കബാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്ണി വെയിന്‍, വിജയരാഘവന്‍, ഗ്രിഗറി, ദുല്‍ഖറിന്റെ ഭാര്യ അമാല്‍ എന്നിവരെല്ലാം സിനിമയുടെ പൂജ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ സഹസംവിധായികയായിട്ടെത്തുകയാണ്.
കഴിഞ്ഞ വര്‍ഷം ബോളിവുഡിലും തെലുങ്ക് സിനിമയിലേക്കും അരങ്ങേറ്റം നടത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ഈ വര്‍ഷമാണ് മലയാളത്തിലേക്ക് വന്നത്. ഒടുവില്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏപ്രിലില്‍ ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥ തിയറ്ററുകളിലേക്ക് എത്തി. കോമഡി എന്റര്‍ടെയിനറായി ഒരുക്കിയ ചിത്രം തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണം സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്.

മലയാളത്തിലേക്ക് സിനിമ എത്തിച്ച ദുല്‍ഖറിന്റെ അടുത്ത ചിത്രം തമിഴിലായിരിക്കുമെന്ന സൂചനയാണ് കിട്ടിയിരിക്കുന്നത്. മലയാളത്തില്‍ നിര്‍മ്മിച്ച ദുല്‍ഖറിന്റെ പട്ടം പോലെ എന്ന ചിത്രത്തിന്റെ റീമേക്ക് ആയി ഒരുക്കിയ ചിത്രമാണ് ഉടന്‍ തന്നെ തിയറ്ററുകളിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഷൂട്ടിംഗ് നടത്തിയ ദുല്‍ഖറിന്റെ മറ്റൊരു സിനിമ ഇനിയും റിലീസ് തീരുമാനിച്ചിട്ടില്ല. അതിന് മുന്‍പ് റീമേക്ക് ചിത്രമെത്തുമെന്നാണ് പുതിയ വിവരം.