Back
Home » ഇന്റർവ്യൂ
ആരാണ് ഷിബു.. എന്താണ് ഷിബു.. എവിടെ നിന്ന് വന്നു ഷിബു.. ഇതാ ശരിക്കുള്ള ഷിബു
Oneindia | 15th Jun, 2019 04:57 PM
 • ഞാന്‍ കാര്‍ത്തിക്

  ഹായ്, ഞാന്‍ കാര്‍ത്തിക് രാമകൃഷ്ണന്‍. ഷിബു എന്ന ചിത്രത്തില്‍ ഷിബുവായി എത്തുന്നത് ഞാനാണ്. അഞ്ജു കുര്യാന്‍, സലിം കുമാര്‍, ബിജുക്കുട്ടന്‍, തുടങ്ങിയ മുതിര്‍ന്ന താരങ്ങളെയും, എന്നെ പോലെയുള്ള പുതിയ താരങ്ങളെയും ഈ പടത്തില്‍ എടുത്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഷിബു തീര്‍ത്തും ഒരു എന്റര്‍ടൈന്‍മെന്റാണ്.


 • ആരാണ് ഷിബു.. എന്താണ് ഷിബു

  ദിലീപേട്ടനെ വച്ച് സിനിമ ചെയ്യണം എന്ന് ആഗ്രഹിച്ച് എറണാകുളത്തെത്തുന്ന വളരെ നിഷ്‌കളങ്കനായ നാട്ടിന്‍പുറത്തുകാരനാണ് ഷിബു. ആ നിഷ്‌കളങ്കന്റെ ജീവിതത്തില്‍ നടക്കുന്ന ചില സംഭവങ്ങളാണ് സിനിമ. കോമഡിയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ്. അതേ സമയം കോമഡി മാത്രമല്ല, കണ്ണ് നനയിപ്പിക്കുന്ന ചില രംഗങ്ങളും ചിത്രത്തിലുണ്ട്. എല്ലാതരം പ്രേക്ഷകര്‍ക്കും സിനിമ ആസ്വദിക്കാന്‍ കഴിയും.


 • സംവിധായകരുമായുള്ള ബന്ധം

  ഗോകുല്‍ - അര്‍ജ്ജൂന്‍ എന്നീ ഇരട്ട സംവിധായകരാണ് ഷിബു സംവിധാനം ചെയ്യുന്നത്. ഇവര്‍ ആദ്യം ചെയ്ത 32 ആം അധ്യായം 23 ആം വാക്യം എന്ന ചിത്രത്തില്‍ നായകനായി ആദ്യം കാസ്റ്റ് ചെയ്തത് എന്നെയായിരുന്നു. പക്ഷെ പിന്നീട് പലകാരണങ്ങള്‍ക്കൊണ്ടും അത് നടന്നില്ല. അന്നുമുതലേ ഇരുവരുമായി ബന്ധമുണ്ട്. അതുകൊണ്ട് ഷിബുവിന്റെ സ്‌ക്രിപ്റ്റിങ് മുതലേ കൂടെയുണ്ടാവാന്‍ സാധിച്ചു.


 • നല്ല ആത്മവിശ്വാസമുണ്ട്

  ഷിബു ഒരു റിയല്‍ ലൈഫ് കഥാപാത്രമാണ്. എന്നു പറഞ്ഞാല്‍, ഒരു യഥാര്‍ത്ഥ വ്യക്തിയുടെ സ്വഭാവങ്ങളില്‍ നിന്ന് രൂപപ്പെട്ട സിനിമ. അദ്ദേഹത്തെ നേരിട്ട് അറിയാവുന്നത് കൊണ്ട് ഈ കഥാപാത്രം എനിക്ക് നന്നായി ചെയ്യാന്‍ പറ്റും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. ചെയ്‌തോ ഇല്ലയോഎന്ന് 28ന് സിനിമ കണ്ട് പ്രേക്ഷകര്‍ വലയിരുത്തട്ടെ.


 • കാര്‍ത്തിക് എന്ന ഷിബു

  ഷിബുവിനെ പോലെ സിനിമയ്ക്ക് വേണ്ടി നാടുവിട്ട് എത്തിയതാണ് ഞാനും. സിനിമയില്‍ എന്തെങ്കിലും ആവണം എന്ന ആഗ്രഹത്തോടെ എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് നിന്ന് എറണാകുളത്തേക്ക് വണ്ടി കയറിയതാണ് ഞാന്‍. എറണാകുളത്ത് ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌ക്രീന്‍ ആക്ടിങിന് ജോയിന്‍ ചെയ്തു. പക്ഷെ അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അതേ സമയം സിനിമയോടുള്ള ആഗ്രഹം മാറ്റിവയ്ക്കാനും കഴിയുന്നില്ല.

  ഒടുവില്‍ കല്ലൂരിലുള്ള ഒരു ഫാന്‍സി ഷോപ്പില്‍ ജോലിക്ക് നിന്നു. ആ സമയത്ത് ഒരുപാട് ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു. ഏറ്റവുമാദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയത് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ്. ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിലായിരുന്നു അത്. പിന്നെ കുറേ ഹ്രസ്വ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതായിരുന്നു സിനിമയിലെ തുടക്കം.


 • ദിലീപ് എന്തു പറഞ്ഞു

  ചിത്രത്തിന്റെ മുഴുവന്‍ ഷൂട്ടിങും കഴിഞ്ഞ ശേഷം പോസ്റ്റര്‍ കാണിക്കാന്‍ ചെന്നപ്പോഴാണ് ദിലീപേട്ടനെ ആദ്യമായി കാണുന്നത്. എന്താണ് സിനിമ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ വ്യക്തമാക്കി. നല്ല വിഷയമാണ്, വര്‍ക്കൗട്ട് ആവും എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


 • ഷിബുമാരോട് പറയാനുള്ളത്

  നമ്മള്‍ എല്ലാവര്‍ക്കും ഒരു നടനോട് ഇഷ്ടമുണ്ടാവും. അതുറപ്പാണ്. അത് ലാലേട്ടനോടാവാം മമ്മൂക്കയോടാവാം.. ദിലീപേട്ടനോടാവാം.... അങ്ങനെ ഒരു ഇഷ്ടം കണ്ടു നടക്കുന്ന ആളാണ് ഷിബു. അവന്റെ സ്വപ്‌നമാണ് സിനിമ സംവിധാനം. നമ്മള്‍ സ്ഥിരം കണ്ട സിനിമാക്കാരനല്ല. എന്നാല്‍ നമ്മള്‍ക്കറിയാവുന്ന പത്ത് സിനിമാക്കാരില്‍ ഷിബു ഉണ്ടായിരിക്കും. ഒരു ഉദയനാണ് താരവും ട്ടപ്പനയിലെ ഹൃത്വിക് റോഷനും ഷിബുവില്‍ പ്രതീക്ഷിക്കരുത്- കാര്‍ത്തക് പറഞ്ഞു.
ഷിബു... ഇതൊരു വ്യക്തിയുടെ പേര് മാത്രമല്ല ഇപ്പോള്‍, മലയാളത്തിലെ ഒരു സിനിമയുടെ പേരു കൂടെയാണ്. ഒരുപക്ഷെ ഭാവിയിലെ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്ത്രതിന്റെ പേര്. ഷിബു എന്ന വ്യക്തിയുടെ സ്വപ്‌നത്തെയും ഇഷ്ടത്തെയും കുറിച്ച് പറയുന്ന സിനിമയാണ് ഷിബു. കടുത്ത ദിലീപ് ആരാധകനായ ഷിബു, ഇഷ്ടനടനെ വച്ച് സിനിമ സംവിധാനം ചെയ്യാന്‍ അലയുകയാണ്.

ദിലീപിന്റെ പുതിയ ചിത്രം, ടൈറ്റില്‍ തന്നെ ഒരു ജാക്കി ചാന്‍ ഉണ്ടല്ലോ...

നവാഗതനായ കാര്‍ത്തിക് രാമകൃഷ്ണനാണ് ഷിബു എന്ന നായക വേഷത്തില്‍ എത്തുന്നത്. ഗോകുല്‍ - അര്‍ജ്ജുന്‍ എന്നീ ഇരട്ട സംവിധായകര്‍ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചു, സിനിമയിലേക്കുള്ള തന്റെ യാത്രയെ കുറിച്ചും ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഷിബു എന്ന കാര്‍ത്തിക് സംസാരിക്കുന്നു