Back
Home » യാത്ര
മലപ്പുറത്തുകാരുടെ കോവളമായ പടിഞ്ഞാറേക്കര ബീച്ച്
Native Planet | 10th Jul, 2019 11:09 AM
 • പടിഞ്ഞാറേക്കര...മലപ്പുറത്തിന്‍റെ കോവളം

  ഒരുപാട് ബീച്ചുകൾ ഒന്നുമില്ലെങ്കിലും സ്വന്തമായുള്ള കുറച്ച് ബീച്ചുകൾ മാത്രം മതി മലപ്പുറത്തിന് പെരുമ നല്കുവാന്‍. ഒറ്റ ദിവസത്തെ യാത്രയ്ക്ക് പറ്റിയ ഇവിടുത്തെ ബീച്ചുകളിൽ പ്രധാനിയാണ് പടിഞ്ഞാറേക്കര ബീച്ച്. തിരൂരിൽ നിന്നും 17 കിലോമീറ്റർ അകലെ, മലപ്പുറംകാരുടെ വൈകുന്നേരങ്ങൾക്കു സാക്ഷിയായി, പുഴകളുടെ സംഗമ സ്ഥാനമാണ് പടിഞ്ഞാറേക്കര ബീച്ച്


 • സംഗമസ്ഥാനം

  പൊന്നാനിയിലെ പുറത്തൂർ പഞ്ചായത്തില്‍ ടിപ്പു സുൽത്താൻ റോഡ് അവസാനിക്കുന്നിടത്തു ഭാരതപ്പുഴയും തിരൂർപ്പുഴയും അറബിക്കടലുമായി സംഗമിക്കുന്ന സ്ഥാനത്താണ്‌ പടിഞ്ഞാറേക്കര ബീച്ച് സ്ഥിതിചെയ്യുന്നത്. വൈകിട്ടത്തെ മനോഹരമായ സൂര്യാസ്തമയം നദീ സംഗമത്തെ സാക്ഷിയായി കാണുവാൻ ഒരുപാട് ആളുകൾ ഇവിടെ എത്തുന്നു


 • ഭംഗിയും ആംബിയൻസും

  നദികൾ കടലുമായി സംഗമിക്കുന്നത് കാണുവനാണ് ആളുകൾ അധികം എത്തുന്നതെങ്കിലും മലപ്പുറംകാർക്ക് ശരിക്കും ഇവിടമൊരു വികാരമാണ്. വൈകുന്നേരങ്ങൾ ചിലവഴിക്കുവാനും വെറുതേ വന്നിരുന്ന് കാഴ്ചകൾ കണ്ട് സൊറ പറയുവാനും ഒക്കെ പറ്റിയ ഇടം. ഇവിടുത്തെ കാഴ്ചകളേക്കാൾ അധികം നാട്ടുകാരെ ഇവിടേക്ക് കൊണ്ടുവരുന്നത് ഈ പ്രദേശത്തിന്റെ ആംബിയന്‍സാണ് എന്നതിൽ തർക്കമില്ല. കേരളത്തിലെ തന്നെ മികച്ച ബീച്ചുകളിലൊന്നായ ഇവിടെ നടപ്പാത, പൂന്തോട്ടം, കുട്ടികളുടെ പാർക്ക് , അസ്തമയ മുനമ്പ് എന്നിവ കാണാം. പതിറ്റാണ്ടുകൾ പഴക്കമുള്ള ലൈറ്റ് ഹൗസും ഇവിടുത്തെ കാഴ്ചകളിലുണ്ട്.

  PC:keralatourism


 • പക്ഷിത്തുരുത്ത്

  ആധുനികതയിലേക്ക് കുതിക്കുമ്പോഴും പ്രകൃതിയുമായി കൈചേർത്ത് പോകുന്ന ഇടം കൂടിയാണിത്. ദേശാടന പക്ഷികളുടെ ഒരു കേന്ദ്രം തന്നെയാണ് ഇവിടുത്തെ അഴിമുഖം. വിവിധ ദേശങ്ങളിൽ നിന്നും മാർച്ച് മുതൽ മേയ് വരെയുള്ള കാലത്ത് ഇവിട ധാരാളം പക്ഷികൾ എത്തുന്നു. ആ സമയം പക്ഷി നിരീക്ഷകരുടെയും പ്രകൃതി സ്നേഹികളുടെയും താവളമാകും പടിഞ്ഞാറേക്കര. തൊട്ടടുത്തുള്ള പുറത്തൂരിലും ബിയ്യത്തും ദേശാടന പക്ഷികൾ എത്താറുണ്ട്.
  PC: Dhruvaraj S


 • കടലുണ്ടി പക്ഷി സങ്കേതം

  കടലുണ്ടി പക്ഷി സങ്കേതമാണ് ഇവിടെ കണ്ടിരിക്കേണ്ട ഒരിടം. കടലുണ്ടി പുഴ അറബിക്കടലുമായി ചേരുന്ന ഇടത്തായാണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഈ അഴിമുഖത്തിനു സമീപത്തെ വളരെ ചെറിയ ചെറിയ തുരുത്തുകൾ കൂടുന്നതാണ് കടലുണ്ടി പക്ഷി സങ്കേതം എന്നു പറയുന്നത്.വെറും ഒരു പക്ഷി സങ്കേതം മാത്രമല്ല കടലുണ്ടി. കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കമ്മ്യൂണിറ്റി റിസർവ്വുകളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. ട്രക്കിങ്ങ്, ബോട്ടിങ്ങ്, ഫോട്ടോഗ്രഫി, പക്ഷി നിരീക്ഷണം തുടങ്ങിയവയാണ് ഇവിടെ ചെയ്യാൻ പറ്റുന്ന മറ്റു കാര്യങ്ങൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിരുന്നെത്തുന്ന പക്ഷികളാണ് കടലുണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. തവിട്ടു തലയൻ കടൽക്കാക്ക, പുഴ ആള, തെറ്റിക്കൊക്കൻ, പവിഴക്കാലി, ചോരക്കിലി, കടലുണ്ടി ആള, കറുപ്പ് തലയൻ കടൽക്കാക്ക, പച്ചക്കാലി തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കാണപ്പെടുന്ന ദേശാടന പക്ഷികൾ.

  PC:Dhruvaraj S


 • ബിയ്യം കായൽ

  പടിഞ്ഞാറേക്കര ബീച്ചിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ബിയ്യം കായലാണ് ഇവിടുത്തെ ഒരാകർഷണം. കായൽ തീരത്തെ വിശ്രമ കേന്ദ്രമാണ് ഇവിടേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നത്. എല്ലാ വർഷവും ഓണാഘോഷത്തിന്റെ ഭാഗമായി വള്ളം കളി നടക്കുന്ന ഈ കായൽ പൊന്നാനിക്കാരുടെ വികാരം കൂടിയാണ്.

  PC: Riyaz Ahamed


 • എത്തിച്ചേരുവാൻ

  മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും 17 കിലോമീറ്റർ അകലെയാണ് പടിഞ്ഞാറേക്കര ബീച്ച് സ്ഥിതി ചെയ്യുന്നത്. മലപ്പുറത്തു നിന്നും 40 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. 24 കിലോമീറ്റർ അകലെയുള്ള കുറ്റിപ്പുറമാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ നിന്നും 23 കിലോമീറ്ററും കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 50 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.

  ബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ച

  ഒറ്റ ദിവസം മൂന്ന് വെള്ളച്ചാട്ടം നിലമ്പൂർ പൊളിയാണ്!!

  എപ്പോൾ വേണമെങ്കിലും കടലെടുക്കാവുന്ന പൊന്നാനിയിലെ മണൽത്തിട്ട!!

മലപ്പുറത്തിന്‍റെ കാഴ്ചകൾ എന്നും വ്യത്യസ്തമാണ്. ചരിത്രവും പാരമ്പര്യവും നിറഞ്ഞ കാഴ്ചകളും കോട്ടക്കുന്നും പഴയങ്ങാടിയും ബിയ്യം കായലും നെടുങ്കയം മഴക്കാടും പിന്നെ നമ്മുടെ സ്വന്തം നിലമ്പൂരും ഒക്കെ ചേർന്ന ഒരു കിടുകിടിലൻ നാട്. ഈ നാട്ടിലെ കാഴ്ചകളോടു കൂട്ടി വായിക്കേണ്ട ഇടമാണ് പടിഞ്ഞാറേക്കര ബീച്ച്...