Back
Home » വാര്ത്ത
വിമത എംഎല്‍എമാര്‍ സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കി; ജെഡിഎസ് വിമതരെ അയോഗ്യരാക്കാന്‍ പാര്‍ട്ടി നീക്കം
Anweshanam | 11th Jul, 2019 07:23 PM
ബെംഗളുരു: സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം വിമത എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നേരിട്ട് നല്‍കാന്‍ കര്‍ണാടക വിധാന്‍ സൗധയിലെത്തി. മുംബയില്‍ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ എം.എല്‍.എമാര്‍ കനത്ത പൊലീസ് കാവലിലാണ് എത്തിയത്. ഇവര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. വിധാന്‍ സൗധയിലെ സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജി നല്‍കിയത്. ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് വിമതരുമാണ് രാജി നല്‍കിയത്. ആറ് മണിയോടെ രാജിക്കത്ത് സമര്‍പ്പിക്കുകയും ഇന്ന് വൈകിട്ട് തന്നെ തീരുമാനമെടുക്കുകയും ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഈ നിര്‍ദ്ദേശം സ്പീക്കര്‍ തള്ളിയിരുന്നു. മണിക്കൂറുകള്‍ കൊണ്ട് ഇത്രയും രാജിക്കത്തുകള്‍ പരിശോധിച്ച്‌ തീരുമാനം കൈക്കൊള്ളാനാകില്ലെന്നും ഇത് തന്റെ വിവേചനാധികാരമാണെന്നും സ്പീക്കര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

മിന്നല്‍ വേഗത്തില്‍ വേഗത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയില്ലെന്ന് എം.എല്‍.എമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട കര്‍ണാടക സ്പീക്കര്‍ രമേശ് കുമാര്‍ പറഞ്ഞു. വിമതരുടെ രാജിക്കാര്യത്തില്‍ മെല്ലെപ്പോക്ക് ഉണ്ടായിട്ടില്ല. ആരെയെങ്കിലും സംരക്ഷിക്കുകയോ പുറത്താക്കുകയോ അല്ല തന്റെ ലക്ഷ്യം. ചില വാര്‍ത്തകള്‍ വേദനയുണ്ടാക്കുന്നു. സംസ്ഥാനത്തെ ജനങ്ങളോടും ഭരണഘടനയോടുമാണ് തന്റെ കടപ്പാടെന്നും രമേശ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം കൂറുമാറിയ മൂന്ന് പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ ജെ.ഡി.എസ് നീക്കം തുടങ്ങി. കൂറുമാറിയ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ നടപടി തുടങ്ങിയതായി ജെ.ഡി.എസ് വക്താവ് രമേഷ് ബാബു പറഞ്ഞു. എ.എച്ച്‌ വിശ്വനാഥ്, കെ. ഗോപാലിയ, നാരായണ ഗൗഡ എന്നിവരാണ് കൂറുമാറിയത്. ഇവര്‍ക്കെതിരെ കഴിഞ്ഞ ആഴ്ച തന്നെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ അയോഗ്യതയ്ക്ക് ഉപോല്‍ബലകമാകുന്ന രേഖകള്‍ ഇന്ന് കൈമാറിയെന്ന് രമേഷ് ബാബു വ്യക്തമാക്കി.