Back
Home » ലയം
പരിഭ്രാന്തിയല്ല, ജാഗ്രതയാണ് ഈ മഴക്കാലത്ത് വേണ്ടത്
Boldsky | 10th Aug, 2019 12:02 PM
 • എമർജൻസി കിറ്റ് തയ്യാറാക്കുക

  എമർജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവര്‍, ഭാഗികമായി വീട് നഷ്ടപ്പെട്ടവർ, അറ്റകുറ്റപ്പണികൾ നടത്തി അതേ വീട്ടിൽ തന്നെ താമസിക്കുന്നവർ എന്നിവർ‌ നിർബന്ധമായും എമർജന്‍സി കിറ്റ് തയ്യാറാക്കി വെക്കേണ്ടതാണ്. മാറിത്താമസിക്കേണ്ട സാഹചര്യം വരുകയാണെങ്കിൽ അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാൻ ശ്രദ്ധിക്കുക. എമർജൻസി കിറ്റിനുള്ളിൽ എന്തൊക്കെ കാര്യങ്ങൾ സൂക്ഷിക്കണം എന്ന് നമുക്ക് നോക്കാം.


 • എമര്‍ജൻസി കിറ്റിൽ ഇവയെല്ലാം

  ടോർച്ച്, റേഡിയോ, അൽപം ശുദ്ധമായ വെള്ളം, ഒആർഎസ് പാക്കറ്റ്, സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ, അൽപം ആന്റിസെപ്റ്റിക് ലോഷൻ, കുറച്ച് കപ്പലണ്ടി, ഉണക്കമുന്തിരി, ഈന്തപ്പഴം, ചെറിയ ഒരു കത്തി, ക്ലോറിൻ ടാബ്ലറ്റ്, ഒരു ബാറ്ററി, സാധാരണ ചാർജ് ചെയ്ത ഒരു ഫോൺ, ടോർച്ച് എന്നിവയാണ് അത്യാവശ്യമായി വേണ്ട സാധനങ്ങൾ. വിലപ്പെട്ട വസ്തുക്കൾ സ്വർണം, പണം, സര്‍ട്ടിഫിക്കറ്റുകൾ എന്നിവ വീടിന്റെ ഉയരത്തിൽ ഒരു പ്സാസ്റ്റിക് കവറിൽ കെട്ടി വെക്കണം.


 • എമര്‍ജൻസി കിറ്റിൽ ഇവയെല്ലാം

  എമർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എത്തുന്ന തരത്തില്‍ സൂക്ഷിക്കുകയും ചെയ്യണം. എല്ലാവരോടും ഈ വിവരം ഷെയർ ചെയ്യണം. സോഷ്യല്‍ മീഡിയയിൽ വരുന്ന നിർദ്ദേശങ്ങൾ നോക്കാതെ അധികൃതരിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ വരുന്ന നിർദ്ദേശങ്ങൾ മാത്രം സ്വീകരിക്കാൻ ശ്രദ്ധിക്കുക. ഒരു തരത്തിലും ആശങ്കയും ഭയവും ഉണ്ടാക്കുന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കാതിരിക്കുക.


 • വാഹനങ്ങള്‍ പാർക്ക്

  മലയോര യാത്രകൾ കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് രാത്രി ഏഴ് മണിക്ക് ശേഷമുള്ള യാത്രകൾ. ഇത്തരം സാഹചര്യങ്ങളിൽ വാഹനങ്ങള്‍ പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. മാത്രമല്ല മഴ കൂടി നിൽക്കുന്ന അവസ്ഥകളില്‍ ബീച്ചുകളിലും മറ്റും വിനോദ സഞ്ചാരത്തിന് പോവാതിരിക്കാൻ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന തെറ്റായ വിവരങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക. ഒരു കാരണവശാലും നദി മുറിച്ച് കടക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഉരുൾപൊട്ടൽ ഉണ്ടാവുന്ന സ്ഥലങ്ങളിൽ നിന്ന് മാറിപ്പോവാൻ മുന്നറിയിപ്പ് ലഭിച്ചാൽ ഉടനെ തന്നെ മാറിപ്പോവാൻ ശ്രമിക്കുക.


 • മുന്നറിയിപ്പുകൾ

  റേഡിയോയിലും ടിവിയിലും വരുന്ന മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക. നിങ്ങള്‍ പുറത്താണെങ്കിൽ ഒരിക്കലും നിങ്ങളെ കാത്തു നിൽക്കരുതെന്നും അടിയന്തര സാഹചര്യമാണെങ്കിൽ രക്ഷപ്പെടാനും വീട്ടുകാരോട് പറയുക. വീട്ടിനുള്ളിൽ വെള്ളം പ്രവേശിച്ചിട്ടുണ്ടെങ്കിൽ വൈദ്യുതാഘാതം ഒഴിവാക്കുന്നതിന് വേണ്ടി മെയിൻ സ്വിച്ച് ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക. എല്ലാ എമർജൻസി നമ്പറുകളും ഫോണിൽ സേവ് ചെയ്യാൻ ശ്രദ്ധിക്കുക. വീട്ടിൽ രോഗികള്‍, ഗർ‌ഭിണികൾ, പ്രായമായവർ എന്നിവരുണ്ടെങ്കിൽ അവരെ വളരെയധികം ശ്രദ്ധിക്കുക. പ്രത്യേക സഹായം ഇവര്‍ക്ക് ലഭ്യമാക്കുക.


 • വളർത്തുമൃഗങ്ങളെ ശ്രദ്ധിക്കുക

  വെള്ളം കയറുമെന്ന് ഉറപ്പായാൽ ഒരു കാരണവശാലും വളർത്തു മൃഗങ്ങളെ കെട്ടിയിടരുത്. അവയെ കയറൂരി വിടുന്നതിന് ശ്രദ്ധിക്കുക. നായ്ക്കളേയും മറ്റും ചങ്ങല തുറന്നിടുക, കോഴിക്കൂട് തുറന്നിടുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. സ്വയ രക്ഷ ഈ അവസ്ഥയിൽ അവക്കും ഉപകാരപ്രദമാവുന്ന ഒന്നാണ്. പരിഭ്രാന്തി ഒഴിവാക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.


 • ക്ഷേത്രങ്ങളിൽ അഭയം പ്രാപിക്കുന്നവര്‍

  ക്ഷേത്രങ്ങൾ പൊതുവേ ഉയരത്തിലായിരിക്കും എന്ന വിശ്വാസം പലരിലും ഉണ്ടാവും. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിലും ആരാധാനലായങ്ങളിലും അഭയം പ്രാപിക്കാൻ ശ്രദ്ധിക്കുന്നവർ അത് സുരക്ഷിതസ്ഥാനമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം അഭയം പ്രാപിക്കാൻ ശ്രദ്ധിക്കുക. ആലുവ ശിവക്ഷേത്രം, കണ്ണൂർ മുത്തപ്പൻ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങൾ വെള്ളത്തിനടിയിലാണ്. പല പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഇന്ന് വെള്ളത്തിനടിയിലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളും അൽപം ഗൗരവത്തോടെ കാണണം. ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടെ പരിശ്രമിച്ചാൽ ഈ പെരുമഴക്കാലത്തേയും കെടുതികളേയും നമുക്ക് നേരിടാവുന്നതാണ്.
കഴിഞ്ഞ പ്രളയത്തെ വീണ്ടും ഓർമ്മിപ്പിച്ച് അതേ ഓഗസ്റ്റ് എട്ടിന് വീണ്ടും പ്രകൃതി സംഹാരതാണ്ഡവമാടുകയാണ്. കേരളത്തിൽ മാത്രമല്ല രാജ്യത്ത് അങ്ങോളമിങ്ങോളം മഴ തന്നെയാണ് ഇപ്പോൾ വിഷയം. ഓരോ ദിവസം ചെല്ലുന്തോറും മരണവാര്‍ത്തയും ഉരുൾപ്പൊട്ടലും രാജ്യത്തിൻറെ ഓരോ കോണില്‍ നിന്നുമായി നമ്മളെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിൻറെ വടക്കൻ ജില്ലകളിൽ പലതും വെള്ളത്തിനടിയിലായി പോയിട്ടുണ്ട്. മാത്രമല്ല രക്ഷാപ്രവർത്തകർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത തരത്തിലാണ് പലരും കുടുങ്ങിക്കിടക്കുന്നതും. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മാറി മാറി നമ്മളെ പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.

Most read: വെള്ളപ്പൊക്കത്തിന് ശേഷം വീട് വൃത്തിയാക്കുമ്പോള്‍

എന്നാൽ 2018-ലെ പ്രളയത്തെ അതിജീവിച്ച നമ്മൾ ഈ പ്രളയത്തേയും അതിജീവിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. കഴിഞ്ഞ വർഷത്തെ പ്രളയത്തിന് സമാനമായ ഒരു സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ് വിവരങ്ങൾ. എങ്കിലും ഭയമല്ല ഈ അവസ്ഥയില്‍ ജാഗ്രതയാണ് വേണ്ടത് എന്നതാണ് ഓർമ്മയിൽ വെക്കേണ്ടത്. നിങ്ങൾ താമസിക്കുന്ന ചുറ്റിനും വെള്ളം കയറുകയോ, അല്ലെങ്കിൽ ഉരുൾപൊട്ടുകയോ ചെയ്താൽ അതിന് മുൻപായി ചില കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കേണ്ടതാണ്. അവയില്‍ ചിലത് താഴെ പറയുന്നവയാണ്.