മാംഗോസ്റ്റീന്‍ നമുക്ക് അത്ര കണ്ടു പരിചയമുള്ള പഴമല്ല. വല്ല കാലത്തും കടകളില്‍ ഇരുണ്ട നിറത്തിലെ കട്ടിയുള്ള തോടോടു കൂടി കാണപ്പെടുന്ന ഈ ഫലം നമ്മുടെ ശ്രദ്ധയാകര്ഷിയ്ക്കുമെങ്കിലും പരിചിത ഭാവം നാം കാണിയ്ക്കാറില്ല. എന്നാല്‍ പഴം അപരിചിതമാണെങ്കിലും മാംഗോസ്റ്റീന്‍ എന്ന വാക്ക് പുസ്തകപ്രേമികള്ക്കെങ്കിലും പരിചിതമാകും. കാരണം ബഷീര്‍ എന്ന മഹത്തായ എഴുത്തുകാരന് നമ്മെ പരിചയപ്പെടുത്തിയ ഒന്നാണ് മാംഗോസ്റ്റീന്‍ മരം. ഇതിനു ചുവട്ടില്‍ ഇരുന്ന കഥയെഴുതിയ ബഷീര്‍ എന്ന മഹാനായ എഴുത്തുകാരനെ മലയാളം മറക്കുകയുമില്ല.
നമുക്ക് ആപ്പിള്‍, മുന്തിരി പോലെ അത്ര സുപരിചിതമല്ലെങ്കിലും ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് മാംഗോസ്റ്റീന്‍ എന്നു പറയാം. കടുത്ത നിറത്തിലെ പുറംതോടിനുളളില്‍ വെളുത്ത മാംസളമായ ഫലമാണ്. മധുരവും തണുപ്പുമുള്ള ഈ പഴം ആരോഗ്യപരമായ പല ഘടകങ്ങളും അടങ്ങിയ ഒന്നാണ്. ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, വൈറ്റമിന്‍ ബി9, ബി1, ബി2, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്.
നാം വിചാരിയ്ക്കുന്നതിനേക്കാള്‍ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഈ ഫലം.