സ്വകാര്യ ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പും വോയ്സ് ഓവര്‍ ഐപി സേവനവുമായ ടെലിഗ്രാമില്‍ ഇനി നിശബ്ദ സന്ദേശവും ആനിമേറ്റ് ചെയ്ത ഇമോജികളും അയക്കാം. പുതിയ അപ്ഡേറ്റിലൂടെയാണ് ഈ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
നിശബ്ദ സന്ദേശം എന്താണന്നല്ലേ? ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ നിങ്ങളുടെ ഫോണ്‍ ഒരു വിധത്തിലുള്ള ശബ്ദവുമുണ്ടാക്കുകയില്ല. ഇതിനായി സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിപ്പിടിക്കണം. അപ്പോള്‍ സെന്‍ഡ് വിത്തൗട്ട് സൗണ്ട് എന്ന ഓപ്ഷന് ലഭിക്കും. സ്വീകര്‍ത്താവ് മീറ്റിംഗില്‍ ഇരിക്കുകയോ ഉറങ്ങുകയോ ആണെന്ന് കരുതുക. നിശബ്ദ സന്ദേശം ലഭിക്കുമ്പോള്‍ ഫോണില്‍ അറിയിപ്പ് തെളിയും. ഒരു ശബ്ദവും കേള്‍ക്കില്ല.
വീഡിയോ തംബ്നെയിലും ടൈംസ്റ്റാമ്പുമാണ് മറ്റ് രണ്ട് പ്രധാന ഫീച്ചറുകള്‍. വീഡിയോയില്‍ ഒരു പ്രത്യേക വ്യക്തി എവിടെയാണെന്ന് കണ്ടെത്താന്‍ സഹായിക്കുന്നതാണ് വീഡിയോ തംബ്നെയില്‍. വീഡിയോയില്‍ ടൈംസ്റ്റാമ്പ് ചേര്‍ത്താല്‍ ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വീഡിയോയിലെ പ്രത്യേകഭാഗം കാണാന്‍ കഴിയും.
ആനിമേറ്റ് ചെയ്ത ഇമോജികള്‍ ടെലിഗ്രാമില്‍ അയക്കാന്‍ കഴിയുമെന്ന് സൂചിപ്പിച്ചുവല്ലോ. ടെലിഗ്രാമില്‍ എപ്പോള്‍ പോസ്റ്റ് ചെയ്താലും ഇവയുടെ ആനിമേറ്റ് ചെയ്ത പതിപ്പായിരിക്കും പ്രദര്‍ശിപ്പിക്കപ്പെടുക.