Back
Home » യാത്ര
ചൈനയ്ക്ക് പോലും പേടിയാണ് അരുണാചലിലെ ഈ ഗ്രാമത്തെ...!!
Native Planet | 12th Aug, 2019 05:35 PM
 • അരുണാചലിന്റെ കവാടം

  വടക്കു കിഴക്കൻ ഇന്ത്യയിലെ അങ്ങേയറ്റത്ത് ചൈനയുമായി അതിർത്തി ചേർന്നു കിടക്കുന്ന അരുണാചൽ പ്രദേശ് ഉദയ സൂര്യന്റെ നാടാണ്. ഇവിടേക്കുള്ള കവാടം എന്നാണ് പാസിഘട്ട് അറിയപ്പെടുന്നത്. സിയോങ് നദിയുടെ തീരത്തെ ഈ നാട് തൂക്കുപാലങ്ങളുടം പർവ്വതങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെ കൊണ്ട് സമ്പന്നമാണ്. അരുണാചലിനെ തേടിയെത്തുന്ന സഞ്ചാരികൾ ഒരിക്കലും മറക്കാതെ കണ്ടിരിക്കേണ്ട നാടു തന്നെയാണ് പാസിഘട്ട്.


 • ഏറ്റവും പഴയ നഗരങ്ങളിലൊന്ന്

  അരുണാചൽ പ്രദേശിലെ ഏറ്റവും പഴയ നഗരം എന്ന പെരുമയും പാസിഘട്ടിനുണ്ടച്. 1901 ൽ ബ്രിട്ടീഷ് രാജിന്റെ കാലത്ത് സ്ഥാപിതമായ ഇവിടം ഇന്ന് 120 വർഷവം കഴിഞ്ഞു മുന്നോട്ടേയ്ക്ക് കുതിക്കുകയാണ്. ഇവിടുത്തെ അബോർ ഹില്ലിലേക്കു എളുപ്പത്തിൽ എത്തുവാനും ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കുവാനും ഒക്കെയാണ് ബ്രിട്ടീഷുകാരുടെ കാലത്ത് ഇങ്ങനെയൊരു നഗരത്തെ രൂപകല്പന ചെയ്തെടുത്തത്. ആദ്യ കാലം മുതൽ തന്നെ ആദി എന്ന പേരായ ഗോത്രവർഗ്ഗക്കാരുടെ ഇടമായിരുന്നു ഇവിടം. ഇന്നും പാസിഘട്ടിന്റെ വിവിധ ഭാഗങ്ങളിലായി അവർ ജീവിക്കുന്നു.

  PC:Keerooz


 • വിശ്വാസികൾ മുതൽ സാഹസികർ വരെ

  വിശ്വാസികൾ മുതൽ സാഹസികർക്കു വരെ കൂടുതലൊന്നും ചിന്തിക്കാതെ കടന്നു വരുവാൻ പറ്റിയ ഇടമാണ് പാസിഘട്ട്. സാഹസികരെ സിയോങ് നദിയുടെ കാഴ്ചകളും അനുഭവങ്ങളുമാണ് കാത്തിരിക്കുന്നത്. വൈറ്റ് വാട്ടർ റാഫ്ടിങ്, ഫിഷിങ്, കയാക്കിങ്ങ് തുടങ്ങിയവയും പ്രകൃതി സ്നേഹികൾക്കായി ജായിങ് ഇറിങ്ങ് വന്യജീവി സങ്കേതവും അവിടുത്തെ ജീവജാലങ്ങളും ചരിത്ര പ്രേമികൾക്കായി 14-ാം നൂറ്റാണ്ടിലെ അത്ഭുത കാഴ്ചകളുമായി ഗോസ്മി ഗ്രാമവും ഇവിടെയുണ്ട്. കഴിഞ്ഞു പോയ ഒരു സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലുകളും അടയാളങ്ങളും ഒക്കെയായി പലതും ഇവിടെ അങ്ങിങ്ങായി കാണാൻ സാധിക്കും.

  PC:Keerooz


 • പാൻഗിൻ

  സിയാങ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരിടമാണ് പാൻഗിൻ. അരുണാചൽ ടൂറിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഇവിടം സിയോങ് നദിയുടെയും സിയോം നദിയുടെയും സംഗമ സ്ഥാനങ്ങൾ കൂടിയാണ്. തൂക്കുപാലങ്ങളും നദികളും കാടിന്റെ കാഴ്ചകളും ഒക്കെയാണ് ഇവിടെയുള്ളത്.

  PC:Vishnu1991nair


 • ഡെയിങ് ഇറിങ്ങ് വന്യജീവി സങ്കേതം

  ഇന്ത്യയിലെ ഏറ്റവും മികച്ച ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് ഡെയിങ് ഇറിങ്ങ് വന്യജീവി സങ്കേതം. ദേശാടന പക്ഷികള്‍ക്കും മറ്റും ഒരു സങ്കേതമായ ഇവിടുത്തെ ജൈവവൈവിധ്യം കണ്ടറിയേണ്ടതു തന്നെയാണ്. 190 സ്ക്വയർ കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഇവിടെ അത്യാവശ്യം വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.


 • പാസിഗഢ് അഡ്വാൻസ്ഡ് ലാന്‍ഡിങ് ഗ്രൗണ്ട്

  ഇന്ത്യൻ പ്രതിരോധത്തിന്റെ പുതിയ അടയാമായ പാസിഗഢ് അഡ്വാൻസ്ഡ് ലാന്‍ഡിങ് ഗ്രൗണ്ട് ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. അതിർത്തിയിൽ ചൈനയുടെ അതിക്രമങ്ങളെ തടയുവാൻ ഇന്ത്യ നിർമ്മിച്ച ഏറ്റവും പുതിയ എയർ സ്ട്രിപ്പാണ് പാസിഗഢ് അഡ്വാൻസ്ഡ് ലാന്‍ഡിങ് ഗ്രൗണ്ട്.

  PC:Manas.chafekar


 • സന്ദർശിക്കുവാൻ പറ്റിയ സമയം

  ഇന്ത്യയിലെ നനവാര്‍ന്ന പ്രദേശങ്ങളിലൊന്നായാണ് പാസിഘട്ടിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. മഴ കാണുവാനും അനുഭവിക്കുവാനും ഇവിടെ എത്തുന്നവരുണ്ടെങ്കിലും മഴക്കാലം ഇവിടെ കറങ്ങുവാൻ അത്രയും യോജിച്ചതല്ല. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് ഇവിടുത്തെ മഴക്കാലം. ഏപ്രിൽ മേയ്, ജൂൺ മാസങ്ങൾ വേനലാണ്. 25 ഡിഗ്രി മുതൽ 35 ഡിഗ്രി വരെ നിൽക്കുന്ന ചൂടിൽ ഇവിടെ എത്തി കറങ്ങാം. ഒക്ടോബർ മുതൽ മാർച്ച് വരെ വരുന്ന സമയം തണുപ്പാണ്. ഇവിടം സന്ദർശിക്കുവാൻ ഏറ്റവും മികച്ച സമയം കൂടിയാണിത്.
  PC:Aateesh Bangia
ഉദയസൂര്യൻറെ നാടായ അരുണാചൽ പ്രദേശിലേക്കുള്ള കവാടം...സിയോങ് നദിയുടെ തീരത്ത് , ചൈനയുടെ അതിർത്തിയോടടുത്ത് കിടക്കുന്ന പാസിഘട്ട് തേടി അധികമാരും പോയിട്ടില്ലെങ്കിലും പറയുവാനും കാണുവാനും ഇവിടെ ഏറെയുണ്ട്. മനസ്സിനെ മയക്കുന്ന കാഴ്ചകളും ഭംഗം വരാത്ത പ്രകൃതി ഭംഗിയും ഇവിടേക്ക് ആകർഷിക്കുന്നത് സാഹസികരെ മാത്രമല്ല, പ്രകൃതി സ്നേഹികളെയും സഞ്ചാരികളെയും കൂടിയാണ്. യാതൊരു തരത്തിലുള്ള ബഹളങ്ങളുമില്ലാതെ കുറേയേറെ ദിവസങ്ങൾ ചിലവഴിക്കുവാൻ പറ്റിയ പാസിഘട്ടിന്‍റെ വിശേഷങ്ങളിലേക്ക്!!