Back
Home » യാത്ര
സൂര്യകാന്തികൾ പൂത്തുലഞ്ഞ സുന്ദരപാണ്ഡ്യപുരം
Native Planet | 9th Sep, 2019 05:30 PM
 • നേരം പുലരുന്നതിനും മുൻപേ...!

  വെയിൽ മൂക്കുന്നതിനു മുമ്പേ സുന്ദരപാണ്ഡ്യപുരത്തെത്തണമെന്ന് ഞങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു.. അല്ലെങ്കിലും യാത്രകൾ എപ്പോഴും അതിരാവിലെ തന്നെ തുടങ്ങുന്നതാണ് ഏറ്റവും നല്ലത്.. അതുകൊണ്ടു തന്നെ വെളുപ്പിന് മൂന്നരയോടെ ഞാനും സുഹൃത്ത് മണികണ്ഠനും കൂടി ആറ്റിങ്ങലിൽ നിന്നും യാത്ര തിരിച്ചു.. പതിവുപോലെ തന്നെ മണികണ്ഠന്റെ ബുള്ളറ്റിൽത്തന്നെയാണ് ഇന്നത്തെ യാത്രയും..! ആലംകോട്, കിളിമാനൂർ, നിലമേൽ വഴി മടത്തറ എത്തുന്നതു വരെയും റോഡ് വിജനമായിരുന്നു.. അവിടുന്ന് ആര്യങ്കാവ്-തെങ്കാശി റോഡിലൂടെ ഞങ്ങൾ മുന്നോട്ടു കുതിച്ചു.. കുളത്തൂപ്പുഴ എത്താറായപ്പോഴേക്കും കഷ്ടിച്ച് നേരം പുലർന്നു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ.. തിങ്ങിനിറഞ്ഞു നിൽക്കുന്ന വൻവൃക്ഷങ്ങൾക്കിടയിലൂടെ ഇളംവെയിൽ ഭൂമിയിലേക്ക് അരിച്ചിറങ്ങാൻ തയ്യാറെടുത്തു നിൽക്കുന്നു.. പലതരം പക്ഷികളുടെ കലപിലശബ്ദം കൂടിക്കൂടി വരുന്നു.. കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിലേക്കുള്ള പാലത്തിൽ നിന്ന് മീനൂട്ട് വഴിപാടായി പെയ്തിറങ്ങുന്ന കപ്പലണ്ടിക്കും പൊരിക്കടലക്കും വേണ്ടി ആറ്റിലെ കൂറ്റൻമീനുകൾ അടിപിടികൂടുന്നു.. കുളത്തൂപ്പുഴപാലത്തിൽ ഒരു നിമിഷം നിന്നശേഷം ഞങ്ങൾ തെങ്കാശി ലക്ഷ്യമാക്കി മുന്നോട്ടു കുതിച്ചു..!


 • കണ്ണറപാലത്തിനു മുകളിലെ ട്രെയിൻ

  ഇരുവശങ്ങളിലും ഹരിതാഭ നിറഞ്ഞ പതിമൂന്ന് കണ്ണറപാലത്തിനു മുകളിലൂടെ ചൂളം വിളിച്ച് നീങ്ങുന്ന നീലട്രെയിൻ.. ആ മനോഹരമായ ഫ്രെയിം ഉടൻ തന്നെ മൊബൈൽ ക്യാമറയിൽ പകർത്തി.. വന്യതയുടെ തണുപ്പും കോടമഞ്ഞും ശരീരം മുഴുവൻ അരിച്ചിറങ്ങുന്നുണ്ട്.. കേരള-തമിഴ്നാട് ബോർഡറായ ആര്യങ്കാവിലെത്തിയപ്പോഴേക്കും നേരം നന്നായി പുലർന്നിരുന്നു.. ഒരു കുഞ്ഞുതട്ടുകടയിൽ നിന്നും ചൂട് ചായ കുടിച്ച് തണുപ്പിനൊരു ആശ്വാസമേകിയിട്ട് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു..


 • തെങ്കാശിയിൽ നിന്നും സുന്ദരപാണ്ഡ്യപുരത്തേയ്ത്ത്

  ഏകദേശം ഏഴര മണിയോടെ ഞങ്ങൾ തെങ്കാശിയിലെത്തി.. അവിടുന്ന് തമിഴ്നാട് സ്പെഷ്യലായ ഇഡ്ഡലിയും സാമ്പാറും ഉഴുന്നുവടയും കഴിച്ചു.. ഇനി നേരേ പോകേണ്ടത് സുന്ദരപാണ്ഡ്യപുരത്തേക്കാണ്.. തെങ്കാശി ടൗണിൽ നിന്നും ഏകദേശം 9 കിലോമീറ്റർ കൂടിയുണ്ട് സുന്ദരപാണ്ഡ്യപുരത്തേക്ക്.. വികസനം എന്ന നീരാളിക്കൈയ്യുടെ പിടുത്തത്തിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നിൽക്കുന്നതു കൊണ്ടാവണം ഈ ഗ്രാമത്തിന്റെ പഴമയും സംസ്കാരവും ഇന്നും അതുപോലെ നിലനിൽക്കുന്നു..


 • സിനിമകളിൽ കണ്ടുമറന്ന തനിനാടൻ തമിഴ്ഗ്രാമത്തിലേക്ക്

  ഞാറിന്റെ പുത്തനുടുപ്പിട്ട നെൽപ്പാടങ്ങൾ, തെങ്ങിൻതോപ്പുകൾ, വട്ടം കറങ്ങുന്ന കാറ്റാടികൾ, സൂര്യകാന്തിപ്പാടങ്ങൾ, വാളേന്തിയ വീരൻ കാവൽ കൊള്ളുന്ന ക്ഷേത്രങ്ങൾ, നിരനിരയായി നിൽക്കുന്ന കൂറ്റൻ കരിമ്പനകൾ, അതിനുമപ്പുറം അങ്ങകലെയായി മനോഹരമായ മലനിരകൾ, കുറ്റിച്ചെടികൾക്കിടയിലൂടെ മേഞ്ഞു നടക്കുന്ന ആട്ടിൻ കൂട്ടവും കാലിക്കൂട്ടവും, അതിനിടയിലൂടെ പോകുന്ന കാളവണ്ടികൾ, പാടവരമ്പിലൂടെയും നാട്ടുവഴികളിലൂടെയും കനകാംബരപ്പൂവും തലയിൽ ചൂടി ദാവണി ചുറ്റി കടന്നു പോകുന്ന മധുരപ്പതിനേഴുകാരികളായ തമിഴ്പെൺകൊടികൾ... അങ്ങനെ എത്രയോ തമിഴ് സിനിമകളിൽ നമ്മൾ കണ്ട വശ്യസുന്ദരമായ പല മനോഹര കാഴ്ചകളും സുന്ദരപാണ്ഡ്യപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ കാണാൻ കഴിഞ്ഞു..!


 • അന്ന്യൻ പാറ

  തെങ്കാശിയിൽ നിന്നും നാല് കിലോമീറ്റർ അപ്പുറത്തായി റോഡരികിൽ വലതു വശത്ത് ഒരു പാറക്കൂട്ടം കാണാം.. പുലിയൂർപാറ എന്നായിരുന്നു ഇതിന്റെ പഴയ പേര്.. ഇന്ന് ഇത് അന്ന്യൻ പാറ എന്നറിയപ്പെടുന്നു.. ഷങ്കറിന്റെ അന്ന്യൻ എന്ന സിനിമയിലെ രണ്ടക്ക..രണ്ടക്ക.. എന്ന പാട്ടുസീനിൽ വിക്രമും, സദയും, പിന്നെ നൂറു കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളും ചേർന്ന് ആടിപ്പാടിയത് ഈ പാറപ്പുറത്താണ്.. നെൽവയലുകൾക്ക് അഭിമുഖമായി ഒരു പരന്ന പാറപ്പുറവും അതിന്റെ അരികിലായി മതിൽ പോലെ ഉയർന്നു നിൽക്കുന്ന പാറകളും അവയിൽ ഈ പാട്ടുസീനിന് വേണ്ടി വരച്ചു വെച്ച രജനീകാന്തിന്റേയും, കമലഹാസന്റേയും, ശിവാജിഗണേശന്റേയും, എംജിആറിന്റേയും പടുകൂറ്റൻ ചിത്രങ്ങളും.. ഈ പാറപ്പുറവും റോഡുമെല്ലാം അന്ന്യൻ എന്ന സിനിമയ്ക്ക് വേണ്ടി നിറങ്ങൾ പൂശി മനോഹരമാക്കിയിരുന്നു, വർഷങ്ങളിത്ര കഴിഞ്ഞിട്ടും വെയിലും മഴയുമേറ്റിട്ടും ആ ഛായക്കൂട്ടുകൾ ഇനിയും പലയിടത്തു നിന്നും ഇളകിത്തുടങ്ങിയിട്ടില്ല.. ഈ സുന്ദരപ്രകൃതിയിൽ നിൽക്കുന്ന ഏതൊരാളും "അണ്ടങ്കാക്ക കൊണ്ടക്കാരി.. ഐരാമീന് കണ്ണുക്കാരി" എന്ന ഗാനരംഗം ഓർത്തുപോകും..!


 • പഴമയുടെ അടയാളങ്ങളും പേറി

  പുലിയൂർ പിന്നിട്ട് സുന്ദരപാണ്ഡ്യപുരം ഗ്രാമത്തിലെത്തിയപ്പോൾ പെട്ടെന്ന് കാലം മാറിയതു പോലൊരു ഗൃഹാതുരദൃശ്യം.. അവിടെ കാണുന്ന ഒരു കോവിലിൽ നിന്ന് രണ്ടായി പിരിയുന്ന തെരുവിൽ ശാന്തവും പ്രൗഢവുമായ ഒരു അഗ്രഹാരം പഴമയുടെ അടയാളങ്ങളും പേറി നിൽക്കുന്നു.. പ്രാചീനമായ കൽത്തൂണുകളിൽ തങ്ങിനിൽക്കുന്ന മേൽക്കൂരകളും ചിത്രശിൽപ്പപണികളുമുള്ള ഇരുനിലമാളികകളും നിരന്നുനിൽക്കുന്നു.. ഓരോ വീട്ടിന്റെ കൽത്തിണ്ണകളിലും മനോഹരമായ കോലങ്ങൾ എഴുതിയിട്ടുണ്ട്.. എംജിആറിന്റേയും ശിവാജിഗണേശന്റേയും പഴയകാല ബ്ലാക്ക് ആൻറ് വൈറ്റ് സിനിമകൾ അവിടെയുള്ള പല തിയേറ്ററുകളിലും ഇപ്പോഴും പ്രദർശിപ്പിക്കുന്നുണ്ട്.. ചുവരുകൾ നിറയെ അവരുടെ പോസ്റ്ററുകൾ നിറഞ്ഞു നിൽപ്പുണ്ട്.. കഴിഞ്ഞു പോയ പഴയ ഏതോ ഒരു കാലത്തേക്ക് ഒരു നിമിഷത്തെ തിരിച്ചു പോക്കെന്നോണം ആ കാഴ്ചകൾ നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു.. അവിടുന്ന് അൽപദൂരം മുന്നോട്ടു പോകുമ്പോൾ കൽമണ്ഡപത്തോടു കൂടിയ ഒരു വലിയ കുളവും അതിന്റെ പശ്ചാത്തലത്തിൽ ആയിരം ഏക്കറിലേറെ വരുന്ന നെൽപ്പാടങ്ങളും, മുകുപാടവും, സൂര്യകാന്തിപ്പാടവും..


 • കണ്ണെത്താത്ത ദൂരത്തോളം പൂത്തു നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ

  കണ്ണെത്താത്ത ദൂരത്തോളം പൂത്തു നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ നയന മനോഹരമായ ഒരു കാഴ്ച തന്നെയാണ്.. ആഗസ്റ്റ് മാസത്തിലാണ് സൂര്യകാന്തി വിളവെടുപ്പ്.. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ സൂര്യകാന്തി കൃഷി ഇവിടെ വളരെ കുറവായിരുന്നു.. എങ്കിലും സൂര്യകാന്തിപ്പാടങ്ങൾ തേടിയുള്ള സഞ്ചാരികളുടെ ഒഴുക്കിന് യാതൊരു കുറവുമില്ല.. ഈ ഗ്രാമത്തിലേക്ക് വരുന്ന ഏതൊരാളെയും ആ നാട്ടുകാർ അതിഥികളെപ്പോലെ സ്വീകരിക്കും.. സുന്ദരപാണ്ഡ്യപുരം ഒരു വിനോദസഞ്ചാര കേന്ദ്രമല്ല, ആ ഗ്രാമവാസികൾക്ക് ശല്യമാകാതെ ഒന്നു നിശബ്ദമായി പോയി കണ്ടാസ്വദിച്ച് വരാവുന്ന മനോഹരമായ സ്ഥലമാണിവിടം.. ഈ മനോഹരമായ കാഴ്ചകളൊക്കെ ആസ്വദിക്കാൻ നമ്മളൊക്കെ ഒന്നു കണ്ണു തുറക്കുകയേ വേണ്ടൂ..!

  വഞ്ചിപ്പാട്ടിന്‍റെ താളത്തിനൊത്ത് 66 വിഭവങ്ങളുമായി ആറന്മുള വള്ളസദ്യ!

  ചിലവ് ഇങ്ങനെയും കുറയ്ക്കാം...പേഴ്സ് കാലിയാവാതെ റോഡ് ട്രിപ് നടത്താൻ ഈ വഴികൾ
സുന്ദരപാണ്ഡ്യന്റെ നാടായിരുന്ന സുന്ദരപാണ്ഡ്യപുരം എന്ന ഗ്രാമത്തിലേക്കാണ് ഇന്നത്തെ യാത്ര.. ആറ് നൂറ്റാണ്ടുകൾക്കു മുമ്പ് സുന്ദരപാണ്ഡ്യൻ എന്ന രാജാവ് ഭരിച്ചിരുന്ന സ്ഥലമാണിവിടം.. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്ക് അടുത്താണ് ഈ മനോഹര ഗ്രാമം.. പ്രകൃതി മനോഹാരിത കൊണ്ട് കൺകുളിർപ്പിക്കുന്ന കാഴ്ചകളാണ് ഈ ഗ്രാമം മുഴുവൻ..! നിജുകുമാർ വെഞ്ഞാറമൂട് എഴുതിയ സുന്ദരപാണ്ഡ്യപുരം യാത്ര വിശേഷങ്ങളിലേക്ക്...