Back
Home » Business
പവന് 320 രൂപ കുറഞ്ഞു, കേരളത്തില്‍ ഇന്നത്തെ സ്വര്‍ണ വില അറിയാം
Good Returns | 10th Sep, 2019 01:05 PM

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. സ്വര്‍ണം പവന് 28,120 രൂപയാണ് ഇന്ന് വില. ഗ്രാമിന് വില 3,515 രൂപയും. പവന് 320 രൂപ കുറഞ്ഞാണ് ചൊവാഴ്ച്ച സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും കുറഞ്ഞു. ഇന്നലെ 28,440 രൂപയുണ്ടായിരുന്നു പവന്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്കാണ് ഇന്നത്തേത്. കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് സ്വര്‍ണ്ണത്തിന് ആയിരം രൂപ കുറഞ്ഞെന്നത് ശ്രദ്ധേയം.

സെപ്തംബര്‍ നാലിന് പവന് 29,120 രൂപ തൊട്ടതിന് ശേഷമാണ് സ്വര്‍ണ വില കുറയാന്‍ ആരംഭിച്ചത്. ഇതേസമയം, ഓഗസ്റ്റ് ആദ്യവാരം 25,680 രൂപയായിരുന്നു സംസ്ഥാനത്ത് സ്വര്‍ണ വില. ഒരു മാസം പിന്നിടുമ്പോള്‍ പവന് 3,500 രൂപയോളമാണ് വില വര്‍ധിച്ചിരിക്കുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്‍ വര്‍ധിക്കുന്നതാണ് വില ഇത്രയേറെ ഉയരാന്‍ കാരണം. സാമ്പത്തിക രംഗം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സുരക്ഷിത നിക്ഷേപമെന്നതാണ് സ്വര്‍ണത്തിന്റെ പ്രധാന ആകര്‍ഷണം. നിലവില്‍ ചൈനയ്ക്ക് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.

ഇന്ത്യയിലെ വാഹന വിപണി 21 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിൽ

സാധാരണയായി ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ രാജ്യത്തെ സ്വര്‍ണ ഉപഭോഗം പാരമ്യത്തിലെത്താറ്. ഇതേസമയം, വില ക്രമാതീതമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ വലിയ ഇടിവ് സംഭവിക്കുകയാണ് ഇപ്പോള്‍.

കഴിഞ്ഞമാസം 30 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലെത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 111.5 ടണ്ണായിരുന്നു സ്വര്‍ണ ഇറക്കുമതി. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞെങ്കിലും ഇറക്കുമതി ചിലവുകള്‍ വര്‍ധിച്ചു. 15.5 ശതമാനം വര്‍ധനവാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി ചിലവില്‍ സംഭവിച്ചിരിക്കുന്നത്. സ്വര്‍ണ ഇറക്കുമതിക്ക് തീരുവ കൂട്ടാനുള്ള കേന്ദ്ര തീരുമാനം ചിലവ് വര്‍ധിക്കാനുള്ള കാരണമാവുന്നു.

വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങുന്നതില്‍ ഒരല്‍പ്പം വിമുഖത കാട്ടുകയാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കരുതല്‍ ശേഖരത്തിലേക്ക് സ്വര്‍ണം വാങ്ങുന്ന വേഗം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കുറച്ചിട്ടുണ്ട്.