Back
Home » വാര്ത്ത
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോൾ പ്രധാനമന്ത്രി പശുവിനെ കുറിച്ച് സംസാരിക്കുന്നു: വിമർശനവുമായി കോൺഗ്രസ്
Anweshanam | 11th Sep, 2019 07:08 PM
ന്യൂഡൽഹി: പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ 'പശു പരാമർശ'ത്തിനെതിരെ വിമര്‍ശനവുമായി കോൺഗ്രസ്‌. രാജ്യം കടുത്ത  സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ഘട്ടത്തിൽ പ്രധാനമന്ത്രി സംസാരിക്കുന്നത് പശുവിനെക്കുറിച്ചും 'ഓം' മിനെക്കുറിച്ചുമാണ്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും പ്രധാനമന്ത്രി രാജ്യത്തിന്‍റെ ശ്രദ്ധ തിരിക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. 

എന്നാൽ പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച് എന്തുകൊണ്ട് പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്നായിരുന്നു എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ ചോദ്യം.

പശുവെന്നും ഓം എന്നും കേൾക്കുമ്പോൾ രാജ്യം പതിനാറാം നൂറ്റാണ്ടിലേക്ക് പോകുന്നെന്ന് ചിലർ നിലവിളിക്കുന്നു. പശുവിനെ സംരക്ഷിക്കുന്നതെങ്ങനെയാണ് പിൻവാങ്ങലാകുന്നതെന്നും, ഇത്തരക്കാർ രാജ്യത്തിന്‍റെ വികസനത്തെയാണ് നശിപ്പിക്കുന്നതെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിക്ക് മഥുരയിൽ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

അതേസമയം, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പശുസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള അക്രമസംഭവങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2012 മുതൽ പശുക്കളുടെ ബന്ധപ്പെട്ട 133 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അമ്പതിലധികം പേർക്ക് ജീവൻ നഷ്ടമായി. 290 പേർക്ക് മർദ്ദനങ്ങളിൽ ഗുരുതരമായ പരിക്കുകളേറ്റു. 2014-നു ശേഷമാണ് ഇതിൽ 98  ശതമാനം അക്രമങ്ങളും നടന്നിട്ടുള്ളത്.