Back
Home » വാര്ത്ത
ഉന്നാവ് പീഡനക്കേസിലെ പെണ്‍കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി
Anweshanam | 11th Sep, 2019 09:29 PM
ന്യൂഡൽഹി: ചികിത്സയിൽ കഴിയുന്ന ഉന്നാവ് പീഡനക്കേസിലെ പെണ്‍കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി. ഡൽഹി എയിംസിലെ ട്രോമക്കെയറിൽ ഒരുക്കിയ താൽക്കാലിക കോടതിയിലായിരുന്നു രഹസ്യ വിചാരണ നടന്നത്. കേസിലെ മുഖ്യപ്രതിയായ കുൽദീപ് സെൻഗാറിനെയും തീഹാർ ജയിലിൽ നിന്ന് ആശുപത്രിയിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ ജൂലൈ മുതൽ പെണ്‍കുട്ടി എയിംസിൽ ചികിത്സയിലാണ്. വാഹനാപകട കേസിലും സിബിഐ അന്വേഷണം നടക്കുകയാണ്. ജൂലൈ 28-നാണ് റായ്‍ബറേലിക്ക് അടുത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് പെൺകുട്ടിയ്ക്ക് ഒപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. അതിവേഗത്തിൽ വന്ന ട്രക്ക് പെൺകുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിന് പിന്നിൽ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന ആരോപണങ്ങളുയർന്നതിനെത്തുടർന്ന് സെംഗാറിനും സഹോദരനും മറ്റ് പത്ത് പേർക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവിലെ പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് കത്ത് നൽകി പതിനാറാം ദിവസമാണ് അവരുടെ കാറിൽ ട്രക്കിടിക്കുന്നത്. 

കാറിൽ പെൺകുട്ടിയോടൊപ്പമുണ്ടാകേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കയറിയിരുന്നില്ല. പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിന്‍റെ നമ്പർ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ക്കുകയും ചെയ്തിരുന്നു.