Back
Home » വിനോദം
ഇന്ത്യൻ പനോരമയിൽ മൂന്ന് മലയാള സിനിമകൾ; ജല്ലിക്കെട്ട്, കോളാമ്പി, ഉയരെ എന്നിവയാണ് ചിത്രങ്ങൾ
Anweshanam | 6th Oct, 2019 04:02 PM
50 മത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമയിൽ ജല്ലിക്കെട്ട് ഉൾപ്പെടെ മൂന്ന് മലയാള സിനിമകൾ. മലയാളത്തിലുള്ള രണ്ട് ഹ്രസ്വചിത്രങ്ങൾ ചലച്ചിത്രേതര വിഭാഗത്തിൽ പനോരമയിൽ ഇടം പിടിച്ചു. വയനാട്ടിലെ പണിയ ഭാഷയിലുള്ള കെഞ്ചിറയും പനോരമയിൽ ഉൾപ്പെട്ടിട്ടുണ്ട്. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിന് പുറമേ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ, ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി എന്നിവയാണ് ഇന്ത്യൻ പനോരമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ. 26 സിനിമകളാണ് പനോരമയിലുള്ളത്. സംവിധായകൻ പ്രിയദർശൻ അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. പണിയ ഭാഷയിൽ ഒരുക്കിയ കെഞ്ചിറയുടെ സംവിധായകൻ മനോജ് കാനയാണ്. മലയാളിയായ അനന്ത് നാരായൺ മഹാദേവന്റെ മറാത്തി ചിത്രം മായ് ഘാട്ടും പനോരമയിലുണ്ട്. ഉറി: ദ് സർജിക്കൽ സ്ട്രൈക്ക്, ഗല്ലി ബോയ്, എഫ് 2, സൂപ്പർ 30, ബദായി ഹോ എന്നിവയാണ് പനോരമയിലെ മുഖ്യധാര സിനിമകൾ. നോവിൻ വാസുദേവന്റെ ഇരുളിലും പകലിലും ഒടിയൻ, ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പ എന്നിവയാണ് ചലച്ചിത്രേതര വിഭാഗത്തിലെ മലയാള സാന്നിധ്യം. നവംബർ 20 മുതൽ 28 വരെയാണ് രാജ്യന്തര ചലച്ചിത്രോൽസവം. 200ലധികം സിനിമകൾ പ്രദർശിപ്പിക്കുന്നു. 76 രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടാകും.12 ഇന്ത്യൻ ഭാഷകളിലെ 50 വർഷം പൂർത്തിയാക്കിയ സിനിമകളുടെ പ്രത്യേക പ്രദർശനമുണ്ട്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരം ചലച്ചിത്രോൽസവത്തിൽ സമ്മാനിക്കും.