Back
Home » യാത്ര
ശയന പ്രദക്ഷിണം നടത്തുന്ന അപൂർവ്വ ക്രിസ്ത്യൻ ദേവാലയം...മതസൗഹാർദ്ദത്തിന്‍റെ അടയാളങ്ങളുമായി മാഹിപ്പള്ളി
Native Planet | 8th Oct, 2019 05:30 PM
 • മലബാറുകാരുടെ അമ്മ

  വിശ്വാസികൾക്ക് മുത്തപ്പനെന്നാൽ പറശ്ശിനിക്കടവ് മുത്തപ്പൻ എന്നതുപോലെയാണ് മലബാറുകാർക്ക് മയ്യഴി അമ്മ. കണ്ണൂര്‍-കോഴിക്കോട് ജില്ലകൾക്കിടയിലായി പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ മാഹിയിലാണ് മയ്യഴി അമ്മയുടെ ദേവാലയമായ മാഹി സെന്‍റ് തെരേസാസ് ദേവാലയം സ്ഥിതി ചെയ്യുന്നത്. നാനാജാതി മതസ്ഥരായ ആളുകൾ ഒരു വ്യത്യാസവുമില്ലാതെ വിശ്വാസപൂർവ്വം എത്തുന്ന ഈ ദേവാലയത്തിലെ പെരുന്നാൾ മതമൈത്രിയുടെ അടയാളം കൂടിയാണ്.

  PC:Calicutdiocese


 • മാഹിപ്പള്ളി

  മാഹിയുടെ വിശ്വാസത്തിന്റെ ഏറ്റവും പ്രത്യക്ഷമായ അടയാളമാണ് ഇവിടുത്തെ പള്ളി, ഒക്ടോബർ മാസത്തിൽ നടക്കുന്ന ഇവിടുത്തെ പ്രധാന പെരുന്നാളിൽ പങ്കെടുക്കുവാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ എത്താറുണ്ട്. 1728 ൽ ആണ് ഇവിടെ ആദ്യമായി ഒരു ദേവാലയം ഉയരുന്നത്. പിന്നീട് പല ഘട്ടങ്ങളിലായി നടന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്നു ഇവിടെ ഉയർന്നിരിക്കുന്ന ദേവാലയം.

  PC: Anjoepaul


 • ആവിലായിലെ അമ്മത്രേസ്യ

  സ്പെയിനിയെ ആവിലാ നഗരത്തിൽ ജനിച്ച് ലോകത്തിനു തന്നെ മാതൃകയായി അറിയപ്പെടുന്ന ആവിലായിലെ അമ്മത്രേസ്യയെയാണ് മാഹിപ്പള്ളിയിൽ മയ്യഴി മാതാവായി ആരാധിക്കുന്നത്. കത്തോലിക്കാ സഭയിലെ ആദ്യത്തെ വനിതാ വിശുദ്ധ കൂടിയാണ് അമ്മ ത്രേസ്യ.


 • ദേവാലയത്തിനുള്ളിൽ

  കേരളത്തിനുള്ളിൽ ഫ്രഞ്ച് സ്മരണകളുറങ്ങുന്ന ദേവാലയം എന്നു വേണമെങ്കിലും ഈ പള്ളിയെ വിശേഷിപ്പിക്കാം. 276 വർഷം പഴക്കമുള്ള പള്ളിയിൽ ഫ്രഞ്ച് ആധിപത്യത്തിന്റെയും കലകളുടെയും അടയാളങ്ങൾ ഒരുപാടുണ്ട്. ദേവാലയത്തിനുള്ളിലെ കൊത്തുപണികളും ശില്പങ്ങളും ഒക്കെ ഫ്രഞ്ച് കാലത്തെ തന്നെ ഓർമ്മിപ്പിക്കുന്നവയാണ്.


 • 18 ദിവസത്തെ ആഘോഷം

  എല്ലാ വർഷവും ഒക്ടോബർ 5 ന് ആരംഭിച്ച് 22ന് അവസാനിക്കുന്ന,18 ദിവസത്തെ പെരുന്നാളാണ് ഇവിടെയുള്ളത്. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുവാനെത്തുന്ന ആ പെരുന്നാൾ അക്ഷരാർഥത്തിൽ മാഹിയുടെ ദേശീയോത്സവം തന്നെയാണ്. തിരുന്നാൾ ദിവസങ്ങളിൽ മാത്രം പൊതുവണക്കത്തിനായി വയ്ക്കുന്ന മാഹിയമ്മയുടെ വിശുദ്ധ തിരുസ്വരൂപത്തിൽ എത്തി പ്രാർഥിക്കുവാനും പൂക്കളര്‍പ്പിക്കുവാനും ഒക്കെയായി പതിനായിരക്കണക്കിനാളുകൾ ഇവിടെ എത്തുന്നു.
  ഒക്ടോബർ 14നാണ് പ്രസിദ്ധമായ നഗര പ്രദക്ഷിണം. തിരുന്നാളിന്റെ പ്രധാന ദിനമായ അന്നാണ് മാഹിയമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം നടക്കുന്നത്. തിരിതെളിയിച്ച് ഒരുനാട് മുഴുവൻ പ്രദക്ഷിണത്തെ വരവേൽക്കുമ്പോൾ ആരും അതിൽനിന്നും മാറി നില്‍ക്കാറില്ല. ക്ഷേത്രങ്ങളുടെ പരിസരത്തുകൂടെ പ്രദക്ഷിണം കടന്നു പോകുമ്പോൾ പൂജാരിമാർ തിരുസ്വരൂപത്തിന് പുഷ്പമാല്യം ചാർത്തുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്. ഒക്ടോബർ 15ന് ശയന പ്രദക്ഷിണവും നടക്കാറുണ്ട്.
  22ന് വൈകിട്ട് വിശുദ്ധയുടെ തിരുസ്വരൂപം പൊതു വണക്കം കഴിഞ്ഞ് പള്ളിയുടെ ഉള്ളിലെ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ ആവർഷത്തെ പെരുന്നാളിന് സമാപനമാകും.


 • മയ്യഴി അമ്മയുടെ രൂപം

  മാഹിയുടെ തന്നെ പ്രധാന ആകര്‍ഷണമാണ് മാഹിയമ്മയുടെ തിരുസ്വരൂപം. ഇത് എങ്ങനെ ഇവിടെയത്തി എന്നതിനെക്കുറിച്ച് കുറേയധികം കഥകൾ പ്രചാരത്തിലുണ്ട്. ഇവിടെ കടലിൽ മീൻപിടിക്കുവാൻ പോയ ഒരുകൂട്ടം ആളുകൾക്ക് വലയിൽ കുടുങ്ങി കിട്ടയിതാണ് ഈ ശില്പമെന്നാണ് ഒരു കഥ. മറ്റൊന്നനുസരിച്ച് ഒരിക്കൽ ഇതുവഴി സഞ്ചരിച്ച കപ്പൽ മാഹിപ്പള്ളിക്ക് അഭിമുഖമായി വന്നപ്പോൾ ചലിക്കാതെയായിയത്രെ. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആര്‍ക്കും ഒന്നും ചെയ്യാനായില്ല. ഒടുവിൽ കപ്പലിൽ സൂക്ഷിച്ചിരുന്ന അമ്മ ത്രേസ്യായുടെ രൂപം മാഹിപ്പള്ളിക്ക് നേർച്ചായി സമർപ്പിക്കാം എന്നു നേർന്നപ്പോൾ കപ്പൽ ശരിയായി എന്നാണ് പറയന്നത്. അന്ന് ആ കപ്പലിൽ നിന്നും കിട്ടിയ തിരുസ്വരൂപമാണ് ഇവിടെയുള്ളത് എന്നാണ് വിശ്വാസം.

  PC:Unknown


 • മയ്യഴിയുടെ മണിനാദം

  മയ്യഴിപ്പള്ളിയോളം തന്നെ പ്രസിദ്ധമാണ് ഇവിടുത്തെ മണിഗോപുരവും. 76 അടി ഉയരമുള്ള ഇവിടുത്തെ ഗോപുരത്തിലെ മണിക്ക് ഏകദേശം 165 വർഷം പഴക്കമുണ്ട്. 18865 ൽ ഫ്രഞ്ച് നാവികരാണ് സംഭാവനയായി മണി ഇവിടെ നല്കുന്നത്. നാലടി വ്യാസമുള്ള ഈ ക്ലോക്ക് പാരിസിലാണ് നിർമ്മിച്ചത്.


 • എത്തിച്ചേരുവാൻ

  കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമാണെങ്കിലും കേരളത്തിലാണ് ഇവിടമുള്ളത്.
  കണ്ണൂര്‍-കോഴിക്കോട് ജില്ലകൾക്കിടയിലായി മാഹിയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. തലശ്ശേരിയിൽ നിന്ന് ഏഴു കിലോമീറ്റർ ദൂരവും കണ്ണൂരിൽ നിന്ന് 27 കിലോമീറ്റർ ദൂരവും വടകരയിൽ നിന്നും കിലോമീറ്റർ ദൂരവും കോഴിക്കോട് നിന്ന് 60 കിലോമീറ്ററും മാഹിയിലേക്കുണ്ട്.
  മാഹി, വടകര, തലശ്ശേരി എന്നിവയാണ് സമീപത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ. ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂരാണ് സ്ഥിതി ചെയ്യുന്നത്.
മതത്തിനും വിശ്വാസങ്ങൾക്കും അതീതമായി നിലകൊള്ളുന്ന മയ്യഴിമാതാവ് മാഹിക്കാരുടെ അഭിമാനമാണ്. നൂറ്റാണ്ടുകളായി വേറെൊരു നാടിനും അവകാശപ്പെടുവാൻ സ്ഥാപിക്കാത്ത മതമൈത്രിയും സൗഹാർദ്ദവും മാഹിക്ക് സ്വന്തം. എം. മുകുന്ദന്‍റെ കൃതികളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ മാഹിയുടെ ദേശീയോത്സവം തന്നെയാണ് മയ്യഴി തിരുന്നാൾ. ആവിലായിലെ അമ്മ ത്രേസ്യയെ മയ്യഴി മാതാവായി ആരാധിക്കുന്ന മാഹി സെന്‍റ് തെരേസാസ് ദേവാലയത്തെക്കുറിച്ചും തിരുന്നാളിനെക്കുറിച്ചും വായിക്കാം...