Back
Home » ഇന്റർവ്യൂ
യഥാര്‍ഥ കഥ സിനിമയാക്കുമ്പോള്‍, വികൃതി സംവിധായകന്‍ എം സി ജോസഫ് മനസ് തുറക്കുന്നു
Oneindia | 23rd Oct, 2019 04:23 PM
 • എംസി ജോസഫ് എന്ന സംവിധായകന്‍

  ഒന്‍പത് വര്‍ഷമായി ആഡ് ഫിലിം മേക്കിംഗ് രംഗത്തുള്ള എം സി ജോസഫ് ആണ് വികൃതി എന്ന സിനിമയുടെ സംവിധാനത്തിലേക്ക് എത്തുന്നത്. മീഡിയ പ്രൊഡക്ഷന്‍ ജോലി ചെയ്തിരിക്കുന്നതിനിടെയാണ് നൂറിനടുത്ത് പരസ്യങ്ങളും ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് വികൃതിയുടെ കഥ വരുന്നത്. യഥാര്‍ഥ സംഭവകഥയാണെന്നുള്ള രീതിയില്‍ അതിനെ വളര്‍ത്തി സിനിമയാക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കപ്പെട്ട ഏല്‍ദോ എന്ന വ്യക്തിയുടെ ജീവിതമായിരുന്നു സിനിമയ്ക്ക് ആസ്പദമായത്.


 • വികൃതിയിലേക്കുള്ള പ്രചോദനം എങ്ങനെയാണ്?

  സോഷ്യല്‍ മീഡിയയില്‍ നിരന്തരം സംഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് വികൃതി എന്ന സിനിമയിലൂടെ പറഞ്ഞിരുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഒത്തിരി കാര്യങ്ങള്‍ ഇതുപോലെ ചൂണ്ടി കാണിക്കാന്‍ ഉണ്ടെന്നും എംസി ജോസഫ് പറയുന്നു. യഥാര്‍ഥ കഥ സിനിമയാക്കുമ്പോള്‍ ജീവിതത്തില്‍ നിന്ന് തന്നെ കഥ ചുരണ്ടി എടുക്കാന്‍ പറ്റുമെന്നുള്ളതാണ് നേട്ടമായി പറയാനുള്ളത്. സിനിമയ്ക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ഇതില്‍ നിന്നും ലഭിച്ചെന്ന് വരില്ല. അങ്ങനെ വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമുള്ള ചില ഘടകങ്ങള്‍ കൂടി സിനിമയിലേക്ക് ചേര്‍ത്ത് വെക്കേണ്ടതായിട്ടും വരും.


 • യഥാര്‍ഥ കഥ സിനിമയാക്കുന്നത് ചലഞ്ചിങ് ആണോ?

  ആ ചിന്തയില്‍ നിന്നുമാണ് ഷമീര്‍ എന്ന കഥാപാത്രം വരുന്നത്. ഈ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരനായ വ്യക്തി, നമ്മുടെ സമൂഹത്തില്‍ ഉള്ളവരില്‍ നിങ്ങളോ ഞാനോ ആയ ഒരു വ്യക്തിയെ ആയിരുന്നു സൗബിന്‍ അവതരിപ്പിച്ച കഥാപാത്രം. സോഷ്യല്‍ മീഡിയ ഫ്രീക്ക് ആയ ഒരാള്‍. പോസ്റ്റ് വൈറലാക്കാനും ദുരുപയോഗം ചെയ്യുന്നവരില്‍ നിന്നുമാണ് ആ വേഷം വന്നത്. സിനിമയിലെ ഒരു ചലഞ്ച് ആയി ആ കഥാപാത്രത്തെ ഞങ്ങള്‍ സൃഷ്ടിക്കുകയായിരുന്നെന്നും എം സി ജോസഫ് പറയുന്നു.


 • വികൃതിയുടെ കാസ്റ്റിംഗ്?

  ആദ്യം തന്നെ സിനിമയിലെ താരങ്ങളെ സിനിമയിലേക്ക് കണ്ടിരുന്നു. സിനിമ ജനിച്ച ഉടനെ സൗബിനെ എത്തിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് തന്നെ സൗബിനോട് ഈ കഥ പറഞ്ഞിരുന്നു. അത് ഇഷ്ടപ്പെട്ടതോടെ സിനിമ എടുക്കാമെന്ന് താരം വാക്ക് പറയുകയായിരുന്നു. തൊട്ട് പിന്നാലെ തന്നെ സുരാജ് വെഞ്ഞാറമൂടും സിനിമയിലേക്ക് എത്തി. സുരാജിനും വളരെ ആകാംഷ നിറയിപ്പിക്കുന്ന ഒരു കഥാപാത്രമായതില്‍ വളരെ പെട്ടെന്ന് തന്നെ വേഷം ഇഷ്ടപ്പെടുകയായിരുന്നു. അങ്ങനെ ഇരുവരും സിനിമയിലേക്ക് അതിവേഗമെത്തി.


 • ആഡ് ഫിലിമും സിനിമയും തമ്മിലുള്ള വ്യത്യാസം?

  ഒരു ക്രിയേറ്ററെ സംബന്ധിച്ചിടത്തോളം രണ്ടും സന്തോഷം നല്‍കുന്നത്. പക്ഷേ കൂടുതല്‍ ആളുകള്‍ ആഘോഷിക്കുന്നതും തരംഗമാക്കുന്നതും സിനിമയാണ്. ആഡ് ഫിലിമിനെ സംബന്ധിച്ച് അതൊരു ബിസിനസ് ആണ്. സിനിമയെ സംബന്ധിച്ച് അതില്‍ കലാമൂല്യമുണ്ട്. രണ്ടിനും പിന്നില്‍ ഒരേ കാര്യം തന്നെയാണ് ചെയ്യാറുള്ളത്. സിനിമയില്‍ കൂടുതല്‍ ആളുകളുടെ പങ്കാളിത്തമുണ്ടാവും. സിനിമ എന്നും വളര്‍ന്ന് കൊണ്ടിരിക്കുന്നു, പുതിയ മാറ്റങ്ങള്‍ സംഭവിക്കും. അങ്ങനെ പല പല മാറ്റങ്ങളും സിനിമയിലുണ്ടാവും. പരസ്യ ചിത്രത്തില്‍ പെട്ടെന്ന് നിര്‍മ്മിക്കുന്നു. ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം എടുക്കുന്നു. ജനം അറിയുന്നത് സിനിമാക്കാരെ ആയിരിക്കുമെന്നും സംവിധായകന്‍ സൂചിപ്പിക്കുന്നു.


 • വികൃതിയുടെ വിജയം എങ്ങനെ കാണുന്നു?

  വികൃതിയ്ക്ക് വേണ്ടി രണ്ട് വര്‍ഷത്തോളം പൂര്‍ണമായും പ്രവര്‍ത്തിക്കേണ്ടി വന്നിരുന്നു. ഒരു സംവിധായകന്‍ എന്ന നിലയില്‍ ആദ്യമായി ചെയ്ത സിനിമ വിജയിക്കുന്നതില്‍ നമ്മളുടെ ചില ധാരണകള്‍ ശരിയാണെന്നുള്ള സന്തോഷം ലഭിക്കും. കൂടുതല്‍ സ്വീകാര്യത ലഭിച്ചിരുന്നു. അതുപോലെ തന്നെ ഉത്തരവാദിത്വവും കൂടും. ആളുകള്‍ കൂടുതല്‍ പ്രതീക്ഷയോടെ കാണുന്നതിനാല്‍ അടുത്ത സിനിമ വലിയ ഉത്തരവാദിത്വമാണ്. അതിന് പിന്നിലുള്ള ശ്രമങ്ങളിലാണ് താനിപ്പോള്‍.


 • സിനിമ നിര്‍മാണം ബുദ്ധിമുട്ടുള്ള പണിയാണോ?

  സിനിമാ മേഖലയില്‍ തനിക്ക് വലിയ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വന്നിട്ടില്ല. നിര്‍മാതാവിനെ രണ്ട് വര്‍ഷം മുന്‍പ് തന്നെ ലഭിച്ചിരുന്നു. സൗബിന്‍, സുരാജ് വെഞ്ഞാറമുട് എന്നീ താരങ്ങളെ ഒന്നിച്ച് കിട്ടാതിരുന്നതിനാല്‍ സിനിമ നീണ്ട് പോയതായിരുന്നു. ദേശീയ പുരസ്‌കാരം അടക്കം വാങ്ങി കൂട്ടിയ താരങ്ങളും സിനിമയില്‍ ഉണ്ടായിരുന്നു. എല്ലാവരും ഒരുപോലെ മികവാര്‍ന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. അഭിനയ മൂഹുര്‍ത്തങ്ങള്‍ക്ക് പ്രധാന്യം കൊടുത്ത് കൊണ്ടുള്ള സിംപിള്‍ മേക്കിംഗ് ആയിരുന്നു വികൃതിയ്ക്ക് വേണ്ടി നടത്തിയത്. അടുത്ത പ്രോജക്ടുകള്‍ ഒന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. എനിക്ക് ആകാംഷ തരാറുള്ളത് തിരക്കഥയാണ്. അങ്ങനെ ഒന്ന് ലഭിച്ചിട്ടില്ലെന്നാണ് എം സി ജോസഫ് പറയുന്നത്.
സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് വികൃതി. ഒക്ടോബര്‍ ആദ്യ ആഴ്ച തിയറ്ററുകളിലേക്ക് എത്തിയ വികൃതിയ്ക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴും തിയറ്ററുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുകയാണ്.

കൊച്ചി മെട്രോയില്‍ കിടന്ന് ഉറങ്ങിയ ഏല്‍ദോ എന്ന അംഗപരിമിതനെ മദ്യപിച്ച് ബോധരഹിതനായി കിടക്കുകയാണെന്ന് ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ കളിയാക്കിയിരുന്നു.

ഈ യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് വികൃതി. പത്ത് വര്‍ഷത്തോളം നീണ്ട പരസ്യ ചിത്ര സംവിധാനത്തില്‍ നിന്നുമാണ് എംസി ജോസഫ് സിനിമയിലേക്ക് എത്തുന്നത്. ഈയൊരു മാറ്റത്തെ കുറിച്ചും വികൃതിയുടെ വിജയത്തെ കുറിച്ചും എം സി ജോസഫ് ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകായണ്.