Back
Home » വിനോദം
‘ഇന്ത്യന്‍ ടൂ’ സെറ്റിലുണ്ടായ അപകടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഞെട്ടല്‍ മാറാതെ കാജല്‍ അഗര്‍വാള്‍
Anweshanam | 20th Feb, 2020 07:59 PM
ചെന്നൈ: കമല്‍ഹാസന്‍ പ്രധാനവേഷത്തിലെത്തുന്ന ഇന്ത്യന്‍ ടൂവിന്റെ ഷൂട്ടിങ് സെറ്റിലുണ്ടായ അപകടത്തിന്റെ ഞെട്ടല്‍ മാറാതെ നടി കാജല്‍ അഗര്‍വാള്‍. ക്രെയിന്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ തലനാരിഴയ്ക്കാണ് കമല്‍ഹാസന്‍, കാജല്‍ അഗര്‍വാള്‍, ചിത്രത്തിന്റെ സംവിധായകന്‍ ശങ്കര്‍, കോസ്റ്റ്യൂം ഡിസൈനര്‍ അമൃതാ റാം എന്നിവര്‍ രക്ഷപ്പെട്ടത്. 

‘ഭീമാകാരമായ ആ ക്രെയിന്‍ വീണുണ്ടായ അപകടത്തിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. എല്ലാം ഒരു നിമിഷം കൊണ്ടാണ് സംഭവിച്ചത്. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും ഈ ട്വീറ്റ് ടൈപ്പ് ചെയ്യുന്നതും. ജീവിതം, സമയം എന്നിവയെ കുറിച്ച് വിലയേറിയ പാഠങ്ങള്‍ പഠിച്ചു', കാജല്‍ ട്വീറ്റ് ചെയ്തു.

മരിച്ച സംവിധാന സഹായികളായ മധു, കൃഷ്ണ, നൃത്ത സഹസംവിധായകന്‍ ചന്ദ്രന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടും കാജല്‍ ട്വീറ്റ് ചെയ്തു. അപ്രതീക്ഷിതമായ ഒരു അപകടം കൊണ്ട് വന്ന നഷ്ടം, അതുണ്ടാക്കിയ ഹൃദയവേദന, ഇവയൊന്നും വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്റെ സഹപ്രവര്‍ത്തകര്‍ കൃഷ്ണ, ചന്ദ്രന്‍, മധു എന്നിവരുടെ കുടുംബത്തിനു സ്നേഹവും ശക്തിയും അനുശോചനവും അറിയിക്കുന്നു. സങ്കടത്തിന്റെ ഈ നിമിഷത്തില്‍ ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ,'കാജല്‍ ട്വീറ്റില്‍ കുറിച്ചു.

പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. സീന്‍ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു. മധു (29), കൃഷ്ണ (34), ചന്ദ്രന്‍ (69) എന്നിവരാണ് മരിച്ചത്.