Back
Home » ഇന്റർവ്യൂ
സ്വപ്നങ്ങളെ മുറുകെപ്പിടിച്ചാൽ നിങ്ങൾക്കും താരമാകാം,'ഇങ്ങനെയാണ് ഭായ് ഞാൻ താരമായത്' അശ്വതി ശ്രീകാന്ത്
Oneindia | 5th Apr, 2020 06:27 PM
 • വീഴ്ചകളാണ് മുന്നോട്ട് നടക്കാനുള്ള ഇന്ധനമായത്

  നമ്മളെല്ലാവരും ജീവിക്കുന്നത് സന്തോഷത്തിനു വേണ്ടിയാണ്. ഭക്ഷണം കഴിക്കുമ്പോൾ പോലും അത് കഴിച്ച് വയറ് നിറയുമ്പോൾ നമുക്ക് ഒരു സന്തോഷം ലഭിക്കും. അത് ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് . ഞാൻ ഇത്രയും സന്തോഷവതിയായിരിക്കുന്നതിന്റെ കാരണം ജീവിതത്തിൽ നിന്ന് ഉൾകൊണ്ട പാഠങ്ങളാണ്. വായിൽ സ്വർണ്ണ കരണ്ടിയുമായി ജനച്ച ബാല്യമായിരുന്നില്ല എന്റേത്. ഒരു മിഡിൽ ക്ലാസ് കുടുംബത്തിലായിരുന്നു ജനനം. സാധാരണ വീട്ടിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും എന്റെ വീട്ടിലും ഉണ്ടായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളും ഇതെല്ലാം എന്റെ വീട്ടിലേയും പ്രശ്നങ്ങളായിരുന്നു. ഇതിൽ നിന്നുള്ള പോരാട്ടമായിരുന്നു പിന്നേടുളള എന്റെ ജീവിതം. ഇപ്പോൾ ജീവിതത്തിൽ എന്ത് ലഭിച്ചുവോ അതിനു പിന്നിൽ ചിട്ടയായ കഠിന പ്രയത്നമുണ്ട്. ജീവിതത്തിൽ കാലിടറിപ്പോയ പല ഘട്ടങ്ങളും ഉണ്ടായിരുന്നു. സ്വയം എഴുന്നേൽക്കാനും മുന്നോട്ട് നടക്കാനുമുള്ള ധൈര്യം ഓരോ വീഴ്ചകളും എനിയ്ക്ക് നൽകിയിരുന്നു.ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞപ്പോൾ ആളുകളുടെ പരിഹാസത്തിനും വിമർശനങ്ങൾക്കും ഇരയായിട്ടുണ്ട്. അന്നൊക്കെ ഒരുപട് കരഞ്ഞിട്ടുമുണ്ട്. ചെറിയ വിമർശനങ്ങൾ പോലും താങ്ങാൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും ക്യമാറയ്ക്ക് മുന്നിൽ ചിരിച്ച് കളിച്ച് നിൽക്കുമ്പോൾ പോലും ഞാൻ സന്തോഷവതിയായിരിന്നില്ല. പ്രോഗ്രാമിനിടെ മാറി നിന്ന് കരഞ്ഞിട്ട് വീണ്ടും ചിരിച്ച മുഖവുമായി എത്തിയിട്ടുണ്ട് .


 • സങ്കടം നമുക്ക് പറ്റില്ല

  ജീവിതത്തിൽ സങ്കടപ്പെട്ട് ഇരിക്കാൻ ഒട്ടും താൽപര്യമില്ലാത്ത ആളാണ് ഞാൻ. എല്ലാവരേയും പോലെ എനിയ്ക്കും സങ്കടം വരും. എന്നാൽ സങ്കടം വന്നു കഴിഞ്ഞാൽ അതിനെ മറക്കാനുള്ള പുതിയ വഴികൾ തേടും. നേരത്തെ ചുറ്റുമുള്ളവരുടെ പെരുമാറ്റം എന്റെ സന്തോഷത്തെ സ്വാധീനിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. സന്തോഷത്തിന് കൃത്യമായ ഒരു നിർവചനം ഞാൻ തന്നെ കണ്ടെത്തിയിട്ടുണ്ട് . 'നമ്മളെ സന്തോഷിപ്പിക്കേണ്ടത്‍ നമ്മുടെ മാത്രം ചുമതലയാണ്'. ഹാപ്പിയായി ഇരിക്കണമെന്ന് സ്വയം ഉറപ്പിച്ചാൽ എല്ലാ പ്രശ്നങ്ങളും അവിടെ തീരും. ക്യാമറക്ക് മുന്നിൽ എത്തി കഴിഞ്ഞാൽ കുറച്ച് നേരം കഴിയുമ്പോൾ സന്തോഷം താനേ ഇങ്ങ് പോന്നോളും. സ്വത സിദ്ധമായ ശൈലിയിൽ അശ്വതി പറഞ്ഞു നിർത്തി. ജീവിതത്തിൽ നേരിട്ട വെല്ലുവിളികളുടെ ആഴവും വ്യാപ്തിയും ആ വക്കുകളിലൂടെ വായിച്ചെടുക്കാം


 • ആർ ജെയിൽ നിന്ന് സ്വപ്നങ്ങളിലേക്ക്

  വളരെ യാദ്യശ്ചികമായിട്ടാണ് റോഡിയോയിൽ നിന്ന് ടിവിലേയ്ക്ക് വരുന്നത്. സുഹൃത്തുക്കൾ മുഖേനെയാണ് ടെലിവിഷനിൽ അവസരം ലഭിക്കുന്നത്. എന്നെ സംബന്ധിച്ച് ഒരു ഗംഭീരമായ തുടക്കമായിരുന്നു ലഭിച്ചത്. ഫ്ലവേഴ്സ് ചാനാൽ സംപ്രേക്ഷണം ചെയ്ത കോമഡി സൂപ്പർ നൈറ്റിലൂടെയായിരുന്നു ടെലിവിഷൻ കരിയർ ആരംഭിച്ചത്. തുടക്കം തന്നെ സുരാജ് വെഞ്ഞാറൻമൂടിനെ പോലെ മികച്ച കലാകാരനോടൊപ്പമയിരുന്നു. മറ്റൊരു ചാനലിൽ വേറൊരു ഷോയിലൂടെയാണ് തുടങ്ങിയതെങ്കിൽ ചിലപ്പോൾ ഇത്രയും ശ്രദ്ധ തനിയ്ക്ക് ലഭിക്കില്ലായിരുന്നു. അന്നും ഇന്നും ഇനി അങ്ങോട്ടും ഞാൻ ‍ ഞാനായി നിന്നുകൊണ്ടായിരിക്കും കരിയറുമായി മുന്നോട്ട് പോകുന്നത്.


 • സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രം


  ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞത് അന്നായിരുന്നു. എന്റെ മകളെ മുലയൂട്ടുന്ന സമയമായിരുന്നു. അന്ന് ഒരു അമ്മയുടെ ശരീര പ്രകൃതമായിരുന്നു എനിയ്ക്ക്. അതിനെ എങ്ങനെയെല്ലാം മോശമാക്കി ചിത്രീകരിക്കാൻ പറ്റുമോ അതെല്ലാം ആ ചിത്രത്തിൽ ചെയ്തിരുന്നു . കരിയർ അവസാനിപ്പിക്കുന്നതിനെ കുറിച്ചു വരെ ചിന്തിച്ചിരുന്നു. എന്നാൽ അന്ന് എനിയ്ക്ക് എല്ലാ പിന്തുണയുമായി കൂടെ നിന്നത് ഭർത്താവായിരുന്നു. സ്വന്തം ഭാര്യയുടെ ചിത്രം ഇത്തരത്തിൽ കണേണ്ടി വന്നതിൽ നല്ല വിഷമം ഉണ്ടെങ്കിൽ പോലും അന്ന് അദ്ദേഹം എന്നോട് പറഞ്ഞത് ഏതോ ഒരു വിവരദോഷിയുടെ മാനസിക വൈകൃതമാണിത്. നീ അതിന്റെ പേരിൽ കരയുകയോ വിഷമിക്കുകയോ നിന്റെ കരിയർ അവസാനിപ്പിക്കുകയോ ചെയ്യേണ്ടതില്ല. അങ്ങനെ ചെയ്താൽ നമ്മൾ അവരുടെ മുന്നിൽ തോറ്റ് കൊടുക്കുന്നതു പോലെയാണ്. എല്ലാ സ്ത്രീകൾക്കും ഉള്ളത് മാത്രമാണ് നിനക്കും ഉളത്. അത് മോശമായി ഒരാൾ ചിത്രീകരിച്ചത് ചെയ്യുന്ന ആളിന്റെ മാനസിക വൈകൃതമാണ്. നമ്മൾ അതിൽ വിഷമിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം തുടർച്ചയായി എനിയ്ക്ക് പറഞ്ഞ് മനസ്സലാക്കി തന്നു. പിന്നീട് ഞാൻ അതിനെ കുറിച്ച് ശ്രദ്ധിക്കാതെയായി.


 • ഏറ്റവും കൂടുതൽ സങ്കടം വരുന്നത്

  ചിലതൊക്കെ കാണുമ്പോൾ വല്ലാതെ ദേഷ്യം വരും . അതെല്ലാം കൃത്യമായി റിപ്പോർട്ട് ചെയ്യാറുമുണ്ട്. സൈബർ സെല്ല് മുഖേനെ പരാതി കൊടുക്കുകയും ആക്ഷൻ എടുപ്പിച്ച സംഭവങ്ങൾവരെയുമുണ്ട്. തന്നെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തുന്നത് ടീനേജ് പ്രായക്കാരായ കുട്ടികൾ മോശമായ മെസേജുകൾ അയക്കുന്നതാണ്. അതും അവരുടെ യഥാർഥ ഐഡികളിൽനിന്ന് . അത് കാണുമ്പോൾ എനിയ്ക്ക് ശരിയ്ക്കും സങ്കടം വരും. എന്ത് വൈകൃതമായ ഒരു സൊസൈറ്റിലാണ് നാം ജീവിക്കുന്നതെന്ന് ചിന്തിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ അകപ്പെടുന്ന പെൺകുട്ടികളോട് എനിയ്ക്ക് പറയാനുളളത് ആരുടെയെങ്കിലും മനസ്സിൽ തോന്നുന്ന വൈകൃതത്തിലൂടെ പോകുന്ന ഒന്നല്ല നമ്മുടെ മാനവും അഭിമാനവും. അങ്ങനെ ആരെങ്കിലും വിളിച്ചു കൂവിയാൽ അവിടെ നഷ്ടപ്പെട്ട് പോകുന്നത് അവന്റെ അഭിമാനമാണ്. പിന്നെ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും ശിക്ഷ വാങ്ങി കൊടുക്കേണ്ടവർക്ക് ശിക്ഷ വാങ്ങി കൊടുക്കുകയും വേണം. ഫേക്ക് ഐഡികളെ ഓർത്ത് ഒരിക്കൽ പോലും സമയം കളയരുത്.


 • ഒരേയൊരു ജീവിതം

  ചെറുപ്പം മുതലെ ഒരു പാട് സ്വപ്നങ്ങൾ മനസ്സിൽ കൊണ്ട് നടന്ന പെൺകുട്ടിയായിരുന്നു ഞാൻ. മകളുണ്ടായ സമയത്ത് ജീവിതം തന്നെ തീർന്നു എന്നായിരുന്നു വിചാരിച്ചത്. വിഷാദത്തിലേയ്ക്ക് വീഴുന്ന അവസ്ഥവരെയുണ്ടായിരുന്നു. എന്നാൽ അതൊക്കെ കഴിഞ്ഞാണ് എന്റെ കരിയറിലെ നല്ല ഭാഗം ആരംഭിക്കുന്നത്. നമുക്ക് ആകെ ഒറ്റ ജീവിതം മാത്രമാണുള്ളത് ആ സമയത്ത് ആഗ്രഹമുള്ള എല്ലാ കാര്യവും ചെയ്യുക. ആ ചിന്ത എന്റെ മനസ്സിൽ കടന്ന് കൂടിയതിന് ശേഷം ഒരു നിമിഷം പോലും വെറുതെ കളഞ്ഞിട്ടില്ല . ഇപ്പോൾ ഒരു നിമിഷം ചുമ്മാതെ ഇരുന്നാൽ എനിയ്ക്ക് കുറ്റബോധം തോന്നും. അതു കൊണ്ട് ഏറ്റവും പ്രിയപ്പെട്ട ഉച്ചയുറക്കം പോലും ഒഴിവാക്കിയിട്ടുണ്ട്. ഒരു ദിവസം നേരത്തെ ഉറങ്ങി കഴിഞ്ഞാൽ ആ ദിവസം പെട്ടെന്ന് തീർന്നു പോയല്ലോ എന്നൊരു സങ്കടം എനിയ്ക്ക് തേന്നാറുണ്ട് . ജീവിതത്തിൽ നിന്ന് ഒരു ദിവസം കൂടി കുറയുകയാണല്ലോ. അതുകൊണ്ട് ജീവിത്തിന്റെ ഓരോ നമിഷവും സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുകയാണ്. 'ഇങ്ങനാണ് ഭായ് ഞാൻ താരമായത്' എന്നവർ മനോഹരമായി പറഞ്ഞവസാനിപ്പിച്ചു.
അശ്വതി ശ്രീകാന്തിനെ വിളിക്കുമ്പോൾ മനസിൽ ഒരേയൊരു ചോദ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ''എന്താണ് ഈ സന്തോഷത്തിന്റെ രഹസ്യം''. മറ്റൊരു ചോദ്യത്തെ കുറിച്ച് ചിന്തിക്കുമ്പോഴും ഇതേ ചേദ്യത്തിൽ തന്നെ മനസ്സ് കറങ്ങി തിരിഞ്ഞ് എത്തുകയായിരുന്നു. ഒരു അഭിമുഖമാകുമ്പോൾ ഒരു ചോദ്യത്തിൽ നിർത്താൻ പറ്റില്ലല്ലോ? പിന്നെ വിവരങ്ങൾ അറിയാൻ ആകെയുളള മാർഗം സോഷ്യൽ മീഡിയയാണ്. മലയാളിയുടെ പ്രിയപ്പെട്ട അവതാരകയെ കുറിച്ച് ഗൂഗിളിൽ തപ്പി നോക്കിയിട്ടും ആ നിറഞ്ഞ ചിരിക്ക് പിന്നിലെ രഹസ്യം ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പേജുകൾ മാറി മാറി തിരഞ്ഞു. എങ്കിലും നിരാശയായിരുന്നു ഫലം. അശ്വതി ശ്രീകാന്ത് എന്ന അവതാരകയോടുളള ഒരു പ്രത്യേകം ഇഷ്ടം കാരണം മറ്റൊരാളെ കുറിച്ച് ചിന്തിക്കാനും തോന്നിയില്ല . അവസാന മാർഗമെന്ന നിലയിൽ അടുത്ത സുഹൃത്തുക്കളോട് കാര്യം പറഞ്ഞു. എന്നാൽ അവിടെ നിന്നും പുതിയതായി ഒന്നും ലഭിച്ചില്ല.

അപ്പോഴാണ് സഹപ്രവർത്തകനായ സെബിൻ അശ്വതി ശ്രീകാന്തിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിനെ കുറിച്ച് പറഞ്ഞത്. '' നിങ്ങൾ ഡിപ്രഷനിലാണോ.. നിങ്ങളെ കേൾക്കാനായി ഞാൻ തയ്യർ'' എന്നായിരുന്നു ആ വീഡിയോയുടെ ഉള്ളടക്കം. അതിന്റെ അവതരണത്തിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള ഓരോ വാക്കുകളും കൂടുതൽ അവരിലേക്ക് അടുപ്പിച്ചു. ഇനിയും ചോദ്യങ്ങളെ കുറിച്ച് ആലോചിച്ചു സമയം കളയാതെ വിളിച്ചു സംസാരിക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു. വീഡിയോക്ക് ഹൃദയം കൊണ്ട് ഒരു ലൈക്ക് അടിച്ച ശേഷം സംസാരിക്കാൻ കുറച്ച് സമയം ചോദിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒരു സന്ദേശമയച്ചു. കുറച്ച് നീട്ടി വലിച്ചുള്ളതായിരുന്നു എന്റെ മെസേജ്. ചിരിക്കുന്ന ഇമോജിയോടെ ശ്രമിക്കാം എന്നൊരു ഒറ്റവാക്കായിരുന്നു തിരികെ ലഭിച്ച മറുപടി.

വൈകാതെ തന്നെ അവരുടെ വിളിയെത്തി. സ്‌ക്രീനിൽ കണ്ട കരുതലും സ്നേഹവും ഓരോ വാക്കിലും ഉണ്ടായിരുന്നു. ഒരാൾക്ക് സന്തോഷം പകർന്നു നൽകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതിനോടൊപ്പം സ്വയം സന്തോഷിക്കുക എന്നത് ഏറെ കഠിനവുമാണ്. എന്നാൽ അശ്വതി ശ്രീകാന്തിന് ഇതല്ലൊം വളരെ സിമ്പിളാണ്. 30 മിനിറ്റുള്ള ഞങ്ങളുടെ സംസാരം കൊണ്ട് എനിയ്ക്ക് മനസ്സിലായത് ഈ ഹാപ്പിനസും ഒരുപാട് സ്വപ്നങ്ങളുമാണ് അശ്വതി ശ്രീകാന്തിനെ താരമാക്കിയത് എന്നാണ്. 'സന്തോഷമായി ഇരിക്കാൻ നമുക്ക് എല്ലാവർക്കും സിമ്പിളായി പറ്റും ഭായ്', എന്നുപറഞ്ഞ്‌ കൊണ്ടാണവർ സംസാരിച്ചു തുടങ്ങിയത്.

സ്വപ്നങ്ങളോടുള്ള ഈ വിട്ടു വീഴ്ചയില്ലാത്ത പോരാട്ടം തന്നെയാണ് അശ്വതി ശ്രീകാന്തിനെ താരമാക്കിയത്. ഫോൺ കട്ട് ചെയ്ത് യാത്ര പറഞ്ഞ് പോയത് ജീവിതത്തിലെ മറ്റൊരു വെല്ലുവിളി ഏറ്റെടുക്കാനായിരുന്നു. അതും വൈകാതെ നമുക്ക് മുന്നിൽ എത്തുക തന്നെ ചെയ്യും.