Back
Home » ലയം
Nurses Day 2020: വിണ്ണിലിറങ്ങിയ മാലാഖമാരുടെ ദിവസം
Boldsky | 12th May, 2020 09:41 AM
 • മെയ് 12ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം

  മെയ് 12ന് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നു. ആധുനിക നഴ്‌സിങിന്റെ ഉപജ്ഞാതാവായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഈ ദിനം. അവരോടുള്ള ആദരസൂചകമായാണ് ഇന്നത്തെ ദിവസം ലോകം മുഴുവന്‍ നഴ്‌സുമാര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നഴ്‌സസ് ദിനം സമൂഹത്തില്‍ നഴ്‌സുമാരുടെ സംഭാവനകളെ അടയാളപ്പെടുത്തുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെ ധീരരുടെ പട്ടികയിലേക്ക് ഇവരും ആനയിക്കപ്പെടുന്നു.


 • ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ 200ാം ജന്മവാര്‍ഷികം

  ഈ വര്‍ഷം നഴ്‌സസ് ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. എന്തെന്നാല്‍, ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ 200ാം ജന്മവാര്‍ഷികമാണ് 2020ല്‍ ആഘോഷിക്കുന്നത്. അതിനാല്‍ ലോകാരോഗ്യ സംഘടന 2020നെ ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് (നഴ്‌സുമാരുടെയും പ്രസവ ശുശ്രൂഷകരുടെയും അന്താരാഷ്ട്ര വര്‍ഷം) വര്‍ഷമായി ആചരിക്കുന്നു. സമൂഹത്തിനു നഴ്‌സുമാര്‍ നല്‍കിവരുന്ന അവരുടെ വിലമതിക്കാത്ത സേവനം ഓര്‍മപ്പെടുത്തി നഴ്‌സസ് വാരാചരണവും നടത്തുന്നു. മേയ് 6 മുതല്‍ 12 വരെ ലോകമെങ്ങും നഴ്‌സസ് വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നുവരുന്നു. നഴ്‌സസ് വാരാചരണത്തോടനുബന്ധിച്ച് വിവധ മത്സരങ്ങള്‍, ക്യാംപുകള്‍, സംവാദങ്ങള്‍, മികച്ച നഴ്‌സുമാരെ ആദരിക്കല്‍ എന്നിവ നടത്തുന്നു.

  Most read: ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്; കാരണം


 • പാത തെളിച്ച ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍

  ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ ഒരു ധനിക കുടുംബത്തിലായിരുന്നു 1820ല്‍ 'വിളക്കേന്തിയ വനിത' എന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേല്‍ ജനിച്ചത്. ധനിക കുടുംബം ആയതിനാല്‍ തന്നെ എല്ലാ സുഖ സൗകര്യങ്ങളോടും കൂടിയാണ് മാതാപിതാക്കള്‍ ഫ്‌ളോറന്‍സിനെ വളര്‍ത്തിയതും. എന്നാല്‍ ഫ്‌ളോറന്‍സിന് താല്‍പര്യം പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനായിരുന്നു. ആ വഴിയിലൂടെ സഞ്ചരിക്കാനായി അവര്‍ അക്കാലത്ത് ഏറ്റവും മോശപ്പെട്ട ജോലിയായി കരുതിയിരുന്ന നഴ്‌സിങ് തിരഞ്ഞെടുക്കുകയായിരുന്നു.


 • വിലമതിക്കാനാവാത്ത സേവനം

  ക്രീമിയന്‍ യുദ്ധകാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി ഫ്‌ളോറന്‍സ് തന്നെ പരിശീലനം നല്‍കിയ 38 നഴ്‌സുമാരോടൊപ്പം സ്‌കൂട്ടാരിയിലെ പട്ടാള ക്യാമ്പിലെത്തി. അവിടെ അവര്‍ നടത്തിയ കഠിനാധ്വാനമാണ് ലോകത്തിനു മുന്നില്‍ ഫ്‌ളോറന്‍സിനെ പ്രശസ്തയാക്കിയത്. പകല്‍ സമയത്ത് ജോലി കഴിഞ്ഞ് രാത്രികാലങ്ങളില്‍ ഫ്‌ളോറന്‍സ് റാന്തല്‍ വിളക്കുമായി ഓരോ രോഗിയെയും നേരില്‍കണ്ടു സുഖാന്വേഷണം നടത്തി. അങ്ങനെ അവര്‍ വിളക്കേന്തി വന്ന മാലാഖയായി.

  Most read: 5 IVF ആര്‍ത്തവവിരാമം;ഗര്‍ഭധാരണം 14വര്‍ഷത്തിന് ശേഷം


 • മാറ്റത്തിന്റെ അലയൊലികള്‍

  1860ല്‍ ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് സ്‌കൂള്‍ സ്ഥാപിച്ചുകൊണ്ട് ഫ്‌ളോറന്‍സ്, പ്രൊഫഷണല്‍ നഴ്‌സിംഗിന് അടിത്തറയിട്ടു. ലോകത്തിലെ ആദ്യത്തെ മതേതര നഴ്‌സിംഗ് സ്‌കൂളായിരുന്നു ഇത്, ഇപ്പോള്‍ ലണ്ടനിലെ കിംഗ്‌സ് കോളേജിന്റെ ഭാഗമാണ് ഈ പ്രദേശം. 1883ല്‍ വിക്ടോറിയ രാജ്ഞി ഫ്‌ളോറന്‍സിന് റോയല്‍ റെഡ് ക്രോസ്സ് ബഹുമതി സമ്മാനിച്ചു. 1907ല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നേടുന്ന ആദ്യത്തെ വനിതയായി ഫ്‌ളോറന്‍സ് മാറി. ആതുര ശുശ്രൂഷാ രംഗത്തിന് സമൂഹത്തില്‍ മുന്നില്‍ മാന്യതയുടെ മുഖം നല്‍കിയ ഈ മാലഖ 1910 ഓഗസ്റ്റ് 13ന് അന്തരിച്ചു.


 • വിളക്കേന്തിയ വനിതയോടുള്ള ആദരം

  നഴ്‌സിംഗ് രംഗത്ത് അവരുടെ വിലമതിക്കാത്ത പ്രവര്‍ത്തനത്തെ അംഗീകരിച്ച്, പുതിയ നഴ്‌സുമാര്‍ നൈറ്റിംഗേല്‍ പ്രതിജ്ഞ എടുക്കുന്നു. ഒരു നഴ്‌സിന് നേടാനാകുന്ന ഏറ്റവും ഉയര്‍ന്ന അന്തര്‍ദേശീയ ബഹുമതിയായ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ മെഡലും അവരുടെ ബഹുമാനാര്‍ത്ഥം നാമകരണം ചെയ്യപ്പെട്ടു. മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതില്‍ നഴ്‌സുമാരുടെ പങ്കിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനായി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് 1974ല്‍ എല്ലാ വര്‍ഷവും മെയ് 12 ലോകമെങ്ങും നഴ്‌സസ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു.

  Most read: 23 വര്‍ഷം ക്വാറന്‍റീന്‍ മഹാമാരി തുടക്കവുമായി മേരി


 • അന്താരാഷ്ട്ര നഴ്‌സസ് ദിനം 2020 പ്രമേയം

  ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഡോക്ടറുടെ പങ്കിനു തുല്യമാണ് ചികിത്സ കൈകാര്യം ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഉള്ളത്. ഓരോ വര്‍ഷവും ഓരോ സന്ദേശത്തോടെയാണ് നഴ്‌സസ് ദിനം ആചരിക്കുന്നത്. ഈ വര്‍ഷം 2020ല്‍ ലോക നഴ്‌സസ് ദിനത്തിന്റെ പ്രമേയം Nurses: A Voice to Lead - Nursing the World to Health എന്നതാണ്. ആരോഗ്യപരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ നഴ്‌സുമാര്‍ എങ്ങനെയാണ് പങ്കുവഹിക്കുന്നതെന്ന് ഈ പ്രമേയം വ്യക്തമാക്കുന്നു. ഈ കൊറോണകാലത്ത് മാനവരാശിയുടെ ക്ഷേമത്തിനായി നവ്‌സുമാര്‍ നല്‍കുന്ന സേവനം തങ്കലിപികളാല്‍ വരുംകാലത്ത് എഴുതിച്ചേര്‍ക്കുമെന്നതില്‍ സംശയമില്ല. ആ ഭാവിക്കായി നമുക്കും ചേര്‍ന്നു നില്‍ക്കാം.. ഭൂമിയിലെ മാലാഖമാര്‍ക്കൊപ്പം.
ഡോക്ടര്‍മാര്‍, മെഡിക്കല്‍ ജീവനക്കാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, നഴ്‌സുമാര്‍ എന്നിവരെല്ലാം ഇന്നൊരു യുദ്ധമുഖത്താണ്. മാലാഖമാര്‍ നേരിട്ട് ഭൂമിയെ രക്ഷിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. അതിനാല്‍ തന്നെ ഈ വര്‍ഷത്തെ നഴ്‌സസ് ദിനവും എത്രത്തോളം വിലമതിക്കുന്നുവെന്ന് ഏവരും കണ്ടറിയുന്നു. കൊറോണ വൈറസില്‍ നിന്ന് മാനവരാശിയെ രക്ഷിച്ചെടുക്കാനുള്ള അവരുടെ പരിശ്രമങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ചാവട്ടെ ഈ നഴ്‌സസ് ദിനത്തില്‍ അവരോടുള്ള ആദരം അര്‍പ്പിക്കുന്നത്.

Most read: 10 വര്‍ഷത്തിന് ശേഷമുണ്ടായ മാലാഖ; ഇപ്പോള്‍ കോവിഡ്