Back
Home » വാർത്ത
സിനിമയിലെ ആ വലിയ മാറ്റത്തിന് തുടക്കം! 51വര്‍ഷത്തിനിടെ സംഭവിച്ച വെല്ലുവിളിയെന്ന് അമിതാഭ് ബച്ചന്‍
Oneindia | 15th May, 2020 11:10 AM

സിനിമകളെ ഭ്രാന്തമായി സ്‌നേഹിക്കുന്നവര്‍ക്ക് വലിയൊരു തിരിച്ചടിയാണ് കൊറോണ കാലത്ത് സംഭവിച്ചിരിക്കുന്നത്. മാസങ്ങളും വര്‍ഷങ്ങളും കാത്തിരുന്ന് ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും റിലീസിന് തൊട്ട് മുന്‍പ് തിയറ്ററുകള്‍ അടച്ചതോടെ പെട്ടിക്കുള്ളില്‍ തന്നെയായി പോയ നിരവധി സിനിമകളാണുള്ളത്. മുന്നോട്ടുള്ള ദിവസങ്ങളില്‍ സാഹചര്യം ഇത് തന്നെയായിരിക്കുമെന്ന് മനസിലാക്കിയതോടെ പുത്തന്‍ തീരുമാനങ്ങളിലേക്ക് കടക്കുകയാണ് സിനിമാക്കാര്‍.

അതിന് ആദ്യ പടിയെന്നോണം തിയേറ്റര്‍ റിലീസ് ഒഴിവാക്കി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബോളിവുഡ് അടക്കം സിനിമാ ഇന്‍ഡസ്ട്രികള്‍. അമിതാഭ് ബച്ചന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗുലാബോ സീറ്റാബോ എന്ന സിനിമ ഇത്തരത്തില്‍ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുകയാണ്.

അമിതാഭ് ബച്ചന്‍, ആയൂഷ്മാന്‍ ഖുറാന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗുലാബോ സീറ്റാബോ. ആമസോണ്‍ പ്രൈം ആണ് ഈ ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജൂണ്‍ 12 ന് 200 രാജ്യങ്ങളില്‍ നിന്നുള്ള ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് ഈ ചിത്രം കാണാനാകും.

തന്റെ സിനിമാ റിലീസിനോട് അനുബന്ധിച്ചുള്ള കാര്യം പറഞ്ഞ് അമിതാഭ് ബച്ചനും എത്തിയിരിക്കുകയാണ്. 1969 ലാണ് ചലച്ചിത്ര മേഖലയില്‍ എത്തിയത്. 2020 വന്നപ്പോള്‍ 51 വര്‍ഷമായി. ഈ കാലഘട്ടത്തിനിടെ ഒരുപാട് മാറ്റങ്ങളും വെല്ലുവിളികളും കണ്ടു. ഇപ്പോള്‍ മറ്റൊരു വെല്ലുവിളി ഉണ്ടായിരിക്കുകയാണ്. എന്റെ സിനിമ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുകയാണ്.

ജൂണ്‍ പന്ത്രണ്ടിന് ആമസോണ്‍ പ്രൈമിലൂടെ ലോകത്തുള്ള 200 രാജ്യങ്ങളില്‍ സിനിമ എത്തും. അത് വളരെ അതിശയകരമായ കാര്യമാണ്. ഇങ്ങനെയൊരു വെല്ലുവിളിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ അമിതാഭ് ബച്ചന്‍ പറയുന്നു. സിനിമയിലെ കുറച്ച് ഫോട്ടോസും താരം പങ്കുവെച്ചിരുന്നു.

അമിതാഭ് ബച്ചന്റെ സിനിമ മാത്രമല്ല അക്ഷയ് കുമാര്‍ നായകനായിട്ടെത്തുന്ന ലക്ഷ്മി ബോംബ്, വിദ്യ ബാലന്‍ നായികയാവുന്ന ശകുന്തള ദേവി- ഹ്യൂമന്‍ കംപ്യൂട്ടര്‍, ഭൂമി പട്നേക്കറിന്റെ ദുര്‍ഗവതി, കരണ്‍ ജോഹറിന്റെ ഗുന്‍ജന്‍ സക്സേന, തുടങ്ങിയ സിനിമകളെല്ലാം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.