Back
Home » യാത്ര
ജീവനുള്ള മമ്മി മുതല്‍ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ് വരെ... ഈ റോഡ് ട്രിപ്പ് വളരെ വ്യത്യസ്തമാണ്!
Native Planet | 20th May, 2020 12:48 PM
 • പുരാതന ആശ്രമങ്ങള്‍

  പഴമയിലേക്ക് തിരികെ കൊണ്ടുപോകുന്ന യാത്രകളെയാണ് സ്നേഹിക്കുന്നതെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവങ്ങളായിരിക്കും കിന്നൗര്‍-സ്പിതി യാത്ര സമ്മാനിക്കുക.ഹൈന്ദവ വിശ്വാസികളുടെയും ബുദ്ധമത വിശ്വാസികളുടെയും ഏറ്റവും പുരാതനമായ ആശ്രമങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇടമമാണ് ഹിമാലയം. നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകുന്ന അനുഭവമാണ് ഓരോ ഹിമാലയന്‍ ആശ്രമങ്ങളും സഞ്ചാരികള്‍ക്ക് നല്കുക. ‌ടാബോ ആശ്രമവും ഡാന്‍കര്‍ ആശ്രമവും ഭീമാ കാളി ക്ഷേത്രവുമൊക്കെ അവയില്‍ ചിലത് മാത്രമാണ്. നാടോടി കഥകളുടെയും വിചിത്ര വിശ്വാസങ്ങളുടെയും ഒക്കെ ഒരു ലോകമാണ് ഈ കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് നല്കുന്നത്.


 • ഹിന്ദുസ്ഥാന്‍-ടിബറ്റന്‍ റോഡ്

  വഞ്ചനയുടെയും സാഹസികതയു‌ടെയും കഥകള്‍ ഒരുപോലെ പറയുന്ന ലോകത്തിലെ അപൂര്‍വ്വം റോഡുകളില്‍ ഒന്നാണ് ഹിന്ദുസ്ഥാന്‍ ടിബറ്റ് റോഡ്. കിന്നൗര്‍-സ്പിതി വാലി റോഡ് ‌ട്രിപ്പില്‍ ഏറ്റവും സന്തോഷത്തോടെ ആസ്വദിക്കുവാന്‍ കഴിയുന്ന കാഴ്ചയും ഇതു തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മുടെ രാജ്യത്തിന് നല്കുവാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ കാഴ്ചകള്‍ ഒരു പക്ഷേ, ഈ റോഡിലായിരിക്കും. ഇന്ത്യയിലെ ഹിമാലയന്‍ ഭാഗങ്ങളിലെ കാടുകളും ഹെയര്‍പിന്‍ റോഡുകളും വളവുകളും തിരിവുകളും ഒക്കെ ഇവിടെ കാണാം.


 • ലോകത്തിലെ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ്

  കിന്നൗര്‍-സ്പിതി വാലി റോഡ് ട്രിപ്പില്‍ പിന്നിടുന്ന കാഴ്ചകളില്‍ മറ്റൊന്നാണ് ലോകത്തിലെ ഏറ്റവും ഉയമേറിയ പോസ്റ്റ് ഓഫീസ്. സമുദ്ര നിരപ്പില്‍ നിന്നും 4400 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പോസ്റ്റ് ഓഫീസ് സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥാനങ്ങളിലൊന്നാണ്. പലപ്പോഴും നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാംപിലെ പോസ്റ്റ് ഓഫീസ് ഉയരത്തില്‍ ഒന്നാമത് എത്തിയിട്ടുണ്ടെങ്കിലും സ്ഥിരം സംവിധാനമെന്ന നിലയിലും വര്‍ഷത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഇടം എന്ന നിലയിലും ഹിക്കിമാണ് റെക്കോര്‍ഡ് നേടിയിരിക്കുന്നത്. ഇവിടെ നിന്നം പ്രിയപ്പെട്ടവര്‍ക്ക് ആശംസാ കാര്‍ഡുകളും കത്തുകളും അയക്കുവാനുള്ള സൗകര്യവുമുണ്ട്.
  Sumita Roy Dutta


 • ശുദ്ധവായു ശ്വസിക്കാം


  ഇന്ത്യയിലേറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ഇടമാണ് കിന്നൗര്‍. ടിബറ്റുമായി അതിർത്തി പങ്കിടുന്ന നാടായ കിനൗറിലാണ് ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മാലിന്യത്തിന്റെ ഒരു പൊടി പോലും കലരാത്ത ഇവിടെ നിൽക്കുമ്പോൾ തന്നെ അതിൻറ മാറ്റങ്ങൾ അറിയുവാൻ സാധിക്കും എന്നാണ് അനുഭവസ്ഥർ പറയുന്നത്. അന്തരീക്ഷ മലിനീകരണവും ഇവിടെ വളരെ കുറവാണ്


 • പുറത്തുനിന്നാര്‍ക്കും പ്രവേശനമില്ലാതിരുന്ന നാട്ടിലൂടെ

  പതിറ്റാണ്ടുകളോളം ഈ കിന്നൗർ ഗ്രാമത്തിൽ പുറത്തു നിന്നാർക്കും പ്രവേശനമില്ലായിരുന്നുവത്രെ. 1989 നു മുൻപ് ഇവിടെ ഗ്രാമത്തിനകത്ത് ആർക്കും എത്തി നോക്കുവാൻ പോലും അനുവാദമില്ലായിരുന്നു, പിന്നീടാണ് നിയമങ്ങളും ആചാരങ്ങളും ഒക്കെ മാറിയതും കടുത്ത നിബന്ധനകളോടെ ഗ്രാമത്തിനുള്ളിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതും ഒക്കെ. അതുകൊണ്ടു തന്നെ കാലങ്ങളോളം സഞ്ചാരികള്‍ക്ക് അപരിചിതമായിരുന്ന ഈ നാട്ടില്‍ ഇപ്പോള്‍ സഞ്ചരിക്കുവാന്‍ സാധിക്കുന്നതും മറ്റൊരു വ്യത്യസ്ത അനുഭവമാണ്.


 • രുചിഭേദങ്ങള്‍

  വ്യത്യസ്തമായ രുചികളുടെ സമ്മേളനമാണ് ഈ യാത്രയു‌‌‌ടെ മറ്റൊരു ആകര്‍ഷണം. രാജ്മാ അരി കൊണ്ടുള്ള വിഭവങ്ങളാണ് ഇവിടെ ലഭിക്കുക. അതും ഇവിടുത്തെ സാധാരണ ധാബകളില്‍ നിന്നും. എന്നാല്‍ ഇത്രയും രുചിയില്‍ രാജ്മാ റൈസ് വിഭവങ്ങള്‍ നിങ്ങള്‍ ജീവിതത്തില്‍ കഴിച്ചിട്ടേയുണ്ടായിരിക്കില്ല എന്നതാണ് യാഥാര്‍ഥ്യം.


 • ഇന്നും ജീവിക്കുന്ന മമ്മി


  സ്പിതിയിലെ യാത്രകളില്‍ വ്യത്യസ്തമായ മറ്റൊരു അനുഭവമാണ് ജീവിക്കുന്ന മമ്മിയെ കാണുവാനുള്ള യാത്ര. ഇന്തോ-ചൈന അതിർത്തിയുടെ കുറച്ചപ്പുറത്ത്, ഹിമാചൽ പ്രദേശിലെ കാസാ ജില്ലയിലെ ഗ്യൂ ഗ്രാമത്തിലാണ് ജീവനുള്ള മമ്മി സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിലെ മഞ്ഞു മരുഭൂമിയായി കിടക്കുന്ന തണുത്തുറഞ്ഞ സ്പിതിയിലെ ചൂടുള്ള കാഴ്ചയാണ് ഗ്യൂവിലെ മമ്മി. ജിയു എന്നും ഇവിടം അറിയപ്പെടുന്നു. സമുദ്ര നിരപ്പിൽ നിന്നും 10,499 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് പ്രകൃതിദത്തമായി മമ്മിയെ സംരക്ഷിക്കുന്ന ഇടം. സാധാരണ ഗതിയിൽ ബുദ്ധ പാരമ്പര്യമനുസരിച്ച് മമ്മിയുണ്ടാക്കുന്ന ഒരു പതിവില്ല. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാംഗ ഡെന്‍ഞ്ചിന്‍ എന്ന ലാമയുടെ ഭൗതീക ശരീരം അവർ മമ്മിയാക്കി സൂക്ഷിക്കുകയുണ്ടായി. ഇതിനു പിന്നിലുള്ള കാരണം ഇനിയും ഗവേഷകർക്കും വിശ്വാസികൾക്കും കണ്ടെത്താനായിട്ടില്ല.

  മരം കയറ്റം മുതല്‍ ക‌ടലിനടിയിലെ സഞ്ചാരം വരെ.. ചില വിര്‍ച്വല്‍ ടൂര്‍ അപാരതകള്‍

  ഒരിക്കല്‍ പോയാല്‍ പിന്നെ വിടൂല്ല, വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കാസ!

  തലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രം
സഞ്ചാരികളുടെയും സാഹസികത തേടുന്നവരുടെയും പ്രിയപ്പെട്ട റൂട്ടുകളില‍ൊന്നാണ് ഹിമാലയം. ഇവി‌‌ടുത്തെ മലമടക്കുകളും കുന്നിന്‍ പ്രദേശങ്ങളും താഴ്വരകളും കയറിയിറങ്ങിയുള്ള യാത്രകളുടെ പ്രലോഭനത്തില്‍ വീഴാത്ത സഞ്ചാരികളുണ്ടാവില്ല. മനസ്സിലെപ്പോഴും സൂക്ഷിക്കുവാന്‍ പറ്റിയ ഓര്‍മ്മകള്‍ തരുന്ന ഇത്തരം യാത്രകളിലൊന്നാണ് കിന്നൗറില്‍ നിന്നുംസ്പിതി വാലിയിലേക്കും തിരിച്ചുമുള്ള യാത്രകള്‍. സാധാരണ റോഡ് ട്രിപ്പില്‍ ലഭിക്കുന്ന അനുഭവങ്ങളല്ല ഹിമാലയന്‍ യാത്രകളില്‍ ലഭിക്കുന്നത്. അതിലേറ്റവും വ്യത്യസ്തത നിറഞ്ഞതാണ് കിന്നൗര്‍-സ്പിതി വാലി യാത്ര. ഈ യാത്രയില്‍ മാത്രം ലഭിക്കുന്ന ചില പ്രത്യേകതകളും അനുഭവങ്ങളുംഅറിയാം...