Back
Home » യാത്ര
മലകയറി പോകാം മഞ്ഞുവീഴ്ച കാണുവാന്‍
Native Planet | 23rd May, 2020 05:04 PM
 • കുഫ്രി

  മഞ്ഞുപെയ്യുന്ന ഇടങ്ങള്‍ തേ‌ടിയുള്ള യാത്രയില്‍ ആദ്യം കാണേണ്ട ഇടമാണ് ഹിമാചല്‍ പ്രദേശില്‍ ഷിംലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കുഫ്രി. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കുവാന്‍ യോജിച്ച ഇടമാണെങ്കിലും മഞ്ഞു കാലമാണ് കാഴ്ചകള്‍ കാണുവാന്‍ ഏറ്റവും യോജിച്ചത്.നവംബറില്‍ തുടങ്ങി മാര്‍ച്ച് തുടക്കം വരെ നീണ്ടു നില്‍ക്കുന്നതാണ് ഇവിടുത്തെ മഞ്ഞുകാലം. ഇവിടുത്തെ കുന്നുകളിലൂടെയുളള സ്കീയിങ്ങും ഏറെ പ്രസിദ്ധമാണ്. ഉത്തരേന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട അവധിക്കാല വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് കുഫ്രി. മഞ്ഞില്‍
  പൊതിഞ്ഞു നില്‍ക്കുന്ന അവധിക്കാല യാത്രയാണ് ഇഷ്ടമെങ്കില്‍ തീര്‍ച്ചയായും ഇവിടം തിരഞ്ഞെടുക്കാം.


 • ഔലി

  മഞ്ഞിലൂ‌ടെ, അവസാനമില്ലാത്ത യാത്രകളാണ് താല്പര്യമെങ്കില്‍ ഔലിയാണ് ഏറ്റവും യോജിച്ച ഇടം.
  ഉത്തരാഖണ്ഡിലെ ഗർവാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാണ് ഔലി. സമുദ്രനിരപ്പിൽ നിന്നും 2800 മീറ്റർ ഉയരത്തിലാണ് ഔലി നിലകൊള്ളുന്നത്. മഞ്ഞിൽ മൂടിയ ഹിമാലയൻ പർവത നിരകളുടെ കാഴ്ചയാണ് ഇവിടെ കാണേണ്ട കാഴ്ച.
  നീണ്ടു കിടക്കുന്ന മഞ്ഞുമൂടിയ പ്രദേശങ്ങളാണ് ഇവിടം സ്കീയിങ് വിദഗ്ജരുടെ പ്രിയപ്പെട്ട പ്രദേശമാക്കി മാറ്റുന്നത്.


 • മണാലി

  മലയാളികള്‍ക്ക് മുഖവുര തീരെ ആവശ്യമില്ലാത്ത ഇടങ്ങളിലൊന്നാണ് മണാലി. പ്രകൃതി ഭംഗിയും മനോഹരമായ ഭൂപ്രദേശങ്ങളും ഉളള ഇവിടം മലയാളി സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി മാറിയി‌ട്ട് അധികകാലമായിട്ടില്ല. മഞ്ഞുപെയ്യുന്ന ഇടം എന്നത് തന്നെയാണ് മണാലിയെ ആളുകള്‍ക്കിടയില്‍ പ്രസിദ്ധമാക്കുന്നതും. ലഡാക്ക്, റോത്താങ് പാസ്, തുടങ്ങിയ ഇടങ്ങളിലേക്കുള്ള കവാടവും മണാലി തന്നെയാണ്. വര്‍ഷം മുഴുവനും ഭൂരിഭാഗം പ്രദേശങ്ങളും മഞ്ഞില്‍ പൊതിഞ്ഞു കിടക്കുന്ന ഇടമാണ് റോത്താങ് പാസ്.
  നവംബര്‍ അവസാനം മുതല്‍ ഏപ്രില്‍ ആദ്യം വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.


 • ശ്രീനഗര്‍


  ഭൂമിയിലെ സ്വര്‍ഗ്ഗമെന്നറിയപ്പെടുന്ന കാശ്മീരിന്റെ തലസ്ഥാനമാണ് ശ്രീനഗര്‍. വളരെയധികം മഞ്ഞുവീഴ്ചയുള്ള ഇടം എന്ന നിലയില്‍ സഞ്ചാരികളു‌ടെ പ്രിയപ്പെട്ട ഇടമാണ് ഇത്. മഞ്ഞിന്റെ ഒരു കനത്ത പുതപ്പ് തന്നെയാണ് ശ്രീനഗറില്‍ തണുപ്പുകാലം കൊണ്ടു വരുന്നത്. പ്രസിദ്ധമായ ദാല്‍ തടാകം പോലും നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയങ്ങളില്‍ മഞ്ഞില്‍ പുതച്ച് കിടക്കും. എന്നും നിറങ്ങളില്‍ കുളിച്ചു കിടക്കുന്ന മുഗള്‍ ഗാര്‍ഡന്‍ പോലും ഈ സമയത്ത് മഞ്ഞില്‍ മൂടിയായിരിക്കും കാണുക.


 • ഗുല്‍മാര്‍ഗും സോനാമാര്‍ഗ്ഗും


  കാശ്മീരില്‍ തന്നെ കാണുവാന്‍ പറ്റിയ മഞ്ഞുപൊഴിയുന്ന മറ്റൊരിടമാണ് ഗുല്‍മാര്‍ഗും സോനാമാര്‍ഗ്ഗും. മിക്ക ബോളിവുഡ് സിനിമകളുടെയും പ്രിയപ്പെട്ട ഷൂട്ടിങ് ലൊക്കേഷന്‍ കൂടിയാണ് ഇവിടവും. കാശ്മീരിലെ ഏറ്റവും പ്രസിദ്ധമായ ‌ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന പ്രത്യേകതയും ഈ രണ്ട് പട്ടണങ്ങള്‍ക്കുമുണ്ട്.


 • ചമോലി

  കാടുകളും മലകളും കൊണ്ട് സമൃദ്ധമായ ഉത്തരാഖണ്ജിലെ ചമോലിയാണ് മഞ്ഞു പെയ്യുന്ന കാഴ്ചകള്‍ പകരുലാവന്‍ പറ്റിയ മറ്റൊരിടം. ചിപ്കോ പ്രസ്ഥാനം നടന്ന ഇടം എന്ന നിലയില്‍ ചമേലിയെ പരിചയമില്ലാത്തവര്‍ ആരും കാണില്ല. മഞ്ഞുകാലങ്ങളില്‍ ഈ കാടും മലകളും എല്ലാം മഞ്ഞുകൊണ്ടു നിറയുന്ന സമയം കൂടിയാണ്. ആ സമയത്ത് ഇവിടെ വന്നാല്‍ രസകരമായ അനുഭവമായിരിക്കും ലഭിക്കുക. ഒരു ക്യാന്‍വാസില്‍ വരച്ചുചേര്‍ത്തപോലുള്ള നാടാണ് ഇതെന്ന് പ്രത്യേകം പറയേണ്ടല്ലോ.


 • ലഡാക്ക്

  ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ലഡാക്ക്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടുത്തെ കാഴ്ചകള്‍ കാണാനായി സഞ്ചാരികള്‍ എത്തുന്നു. സന്‍സ്കാറും ഹിമാലയന്‍ മലനിരകളും അതിര്‍ത്തി തീര്‍ക്കുന്ന ഇവിടെ തണുപ്പു നിറഞ്ഞ കാലാവസ്ഥയായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എപ്പോല്‍ വന്നാലും മഞ്ഞു വീഴ്ച കാണുവാന്‍ സാധിക്കുന്ന ഇവിടെ സന്ദര്‍ശിക്കുവാന്‍ പ്രത്യേകിച്ച് സമയമൊന്നുമില്ല. മഞ്ഞുകാലങ്ങളില്‍ പൂര്‍ണ്ണമായും മഞ്ഞില്‍ കുളിച്ച് കിടക്കുന്നതിനാല്‍ ആ സമയത്ത് ഇവിടെ സഞ്ചാരികള്‍ കുറവായിരിക്കും.


 • പാര്‍വ്വതി വാലി‌


  യാത്രകള്‍ ഇഷ്‌‌ടപ്പെ‌ടുന്ന ഒരു വിധം യുവാക്കളുടെയെല്ലാം പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് പാര്‍വ്വതി വാലി. ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പാര്‍വ്വതി നദിയുടെ തീരം കൂടിയാണ്. പാര്‍വ്വതി വാലിയിലെത്തുന്ന സഞ്ചാരികളുടെ പ്രിയ ഇടങ്ങളാണ് കസോളും ഖീര്‍ഗംഗയും തോഷുമെല്ലാം. മഞ്ഞുവീഴ്ച ഏറ്റവും മനോഹരമായി അനുഭവിക്കുവാന്‍ കഴിയുന്ന ഇടങ്ങളിലൊന്നും കൂടിയാണിത്.


 • യുംതാങ് വാലി


  വടക്കു കിഴക്കന്‍ ഇന്ത്യയിലെ കനത്ത മഞ്ഞു വീഴ്ച കാണുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് സിക്കിമിലെ യുംതാങ് വാലി. ഭൂമിയിലെ സ്വർഗ്ഗം എന്നു സഞ്ചാരികൾ വിളിക്കുന്ന ഇടങ്ങളിലൊന്നാണ് യുംതാങ് വാലി. പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ കാണുവാനുള്ളത്. ഹിമാലൻ പർവ്വത നിരകളുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പൂക്കളുടെ താഴ്വര എന്നും അറിയപ്പെടുന്നു. സീസണിൽ അതായത് ഫെബ്രുവരി അവസാനം മുതൽ ജൂൺ പകുതി വരെയുള്ള സമയങ്ങളിൽ ഇവിടം മുഴുവൻ പൂക്കൾ കൊണ്ടു നിറയും. അങ്ങനെയാണ് പൂക്കളുടെ താഴ്വര എന്ന പേരു ലഭിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 3564 മീറ്റർ ഉയരത്തിലാണ് ഇവിടമുള്ളത്.


 • ചോപ്ത

  തുംഗനാഥ് യാത്രകളുടെ തുടക്കം എന്നറിയപ്പെടുന്ന ഇടമാണ് ചോപ്ത. ഇന്ത്യയിലെ മിനി കാശ്മീര്‍ എന്നറിയപ്പെടുന്ന ഇവിടം ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്. തൃശൂല്‍, നന്ദാ ദേവി, ചൗകാംബാ തുടങ്ങിയ മലനിരകളുടെ മനോഹരമായ കാഴ്ച ഇവിടെ നിന്നും ആസ്വദിക്കാം. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം. ഈ സമയത്താണ് ഇവിടെ ഏറ്റവും കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നതും. ഓരോ വര്‍ഷവും ഇവി‌ടെ എത്തിച്ചേരുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധവന് ആണുള്ളത്.

  സിക്കിം സഞ്ചാരികളിൽ നിന്നുമൊളിപ്പിച്ച രഹസ്യം പുറത്ത്!!

  മനോഹരമായ ഇത്തരം സ്ഥലങ്ങൾ ഉള്ളപ്പോൾ എന്തിനു വിദേശ നാടുകളിലേക്ക് പോകണം
മഞ്ഞുകാലമായാല്‍ ഇന്ത്യയിലെ മിക്ക ഹില്‍ സ്റ്റേഷനുകളും സഞ്ചാരികളെക്കൊണ്ട് നിറയും. മറ്റൊന്നുമല്ല, കണ്ണു നിറയെ മഞ്ഞു വീഴുന്നതു കാണാനും ആ രസം ജീവിതത്തിലൊരിക്കലെങ്കിലും അനുഭവിക്കുവാനും ആഗ്രഹിക്കാത്ത ഒരാള്‍ പോലുമുണ്ടാവില്ല. ഹിമാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ജമ്മു കാശ്മീരിലെയും ഒക്കെ മിക്കയിടങ്ങളും ഈ സമയത്ത് മഞ്ഞിനടിയിലായിരിക്കും. സന്‍സ്കാര്‍, ധൗലാധര്‍, തുടങ്ങിയ ഇടങ്ങളാണെങ്കില്‍ വര്‍ഷം മുഴുവനും മഞ്ഞില്‍ കുളിച്ചായിരിക്കും നില്‍ക്കുക. മഞ്ഞുകാണുന്ന ഇടങ്ങളോ‌ട് മലയാളികള്‍ക്കുള്ള പ്രിയം വേറെ തന്നെയാണ്. ഇതാ ഇന്ത്യയില്‍ ഏറ്റവും മനോഹരമായ മഞ്ഞുവീഴ്ച കാണുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം.