Back
Home » ഇന്റർവ്യൂ
മലയാളക്കര വീണ്ടും 'ഒരു ഒന്നൊന്നര പ്രണയകഥ' കാണാന്‍ പോവുന്നു! 24 ന് തിയറ്ററുകളിലേക്ക്..
Oneindia | 23rd May, 2019 04:52 PM
 • സംവിധായകന്‍ പറയുന്നതിങ്ങനെ..

  ഒന്നൊന്നര പ്രണയകഥയെ കുറിച്ച് പറഞ്ഞാല്‍ പേര് പോലെ തന്നെ ഒരു പ്രണയത്തെ ആസ്പദമാക്കി മൊത്തം എന്റര്‍ടെയിനറായി ഒരുക്കിയ ചിത്രമാണ്. പാട്ടുകളും കൂവലും ക്യാംപസും എല്ലാം ചേര്‍ന്നൊരു എന്റര്‍ടെയിനറാണ്. അതിനൊപ്പം നമ്മള്‍ പറയാത്തൊരു പ്രണയവുമുണ്ട്. കാരണം ചിത്രത്തിലെ നായികയും നായകനും പ്രണയിക്കുന്നില്ല. അവര്‍ ബദ്ധശത്രുക്കളാണ്. അവരുടെ കലഹങ്ങള്‍ക്കിടയില്‍ നാട്ടിന്‍പുറത്ത് സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയ്ക്ക് ആസ്പദം. അവരുടെ മതങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. വളരെ ഐക്യത്തോടെ കഴിഞ്ഞിരുന്ന നാട് മാറി തുടങ്ങും. നായകന് സ്‌നേഹമുണ്ടെങ്കിലും നായികയ്ക്ക് വിരോധമാണ്. പക്ഷെ ഒരു ഘട്ടത്തില്‍ അവര്‍ പ്രണയം തിരിച്ചറിയുന്നുണ്ടെങ്കിലും അവര്‍ക്ക് ഒന്നിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നാട്ടിലുള്ളത്.


 • ഇന്നത്തെ തലമുറ മറന്ന് പോയ അനുഭവം

  ഇരുവരും ഒന്നിക്കാന്‍ ശ്രമിക്കുന്നതാണ് പിന്നീട് നടക്കുന്നത്. ചിത്രത്തില്‍ പാട്ടുകള്‍ക്ക് വലിയ പ്രധാന്യമുണ്ട്. സംഗീതം ആനന്ദ് മധുസൂധനനാണ്. വരികള്‍ ഒരുക്കിയിരിക്കുന്നത് ഹരി നാരായണനാണ്. ആദ്യ പകുതി ക്യാംപസിലും നാട്ടിന്‍പ്പുറത്തുമാണ് കഥ നടക്കുന്നതെങ്കില്‍ രണ്ടാം പകുതിയില്‍ ചെന്നൈയിലാണ്. സിനിമയുടെ ആകെ മൊത്തം ഘടകം പ്രണയം തന്നെയാണ്. വിവാഹശേഷം പ്രണയിക്കുന്ന നായിക നായകന്മാരാണ് ചിത്രത്തിലുള്ളത്. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു സിനിമയായിരിക്കും ഇതെന്നാണ് സംവിധായകന്‍ പറയുന്നത്. സീരിസായിട്ടുള്ള കാര്യങ്ങള്‍ സരസമായി പറയുകയാണ്. ഇന്നത്തെ തലമുറ മറന്ന് പോയ സത്യന്‍ അന്തിക്കാടിന്റെയും ശ്രീനിവാസന്‍ ടച്ച് ഓര്‍മ്മപ്പെടുത്തുകയാണ് ഈ ചിത്രമെന്നും സംവിധായകന്‍ പറയുന്നു.


 • ആനന്ദ് മധുസൂധനനന്‍

  പ്രേതം 2 വിന് ശേഷം ആനന്ദ് മധുസൂധനന്‍ സംഗീതമൊരുക്കുന്ന ചിത്രമാണ് ഒരു ഒന്നൊന്നര പ്രണയകഥ. ആദ്യം മുതല്‍ അവസാനം വരെ പാട്ടുകളും തമാശകളുമായി എന്റര്‍ടെയിനറായിരിക്കും ഈ ചിത്രമെന്നാണ് ആനന്ദ് പറയുന്നത്. ചിത്രത്തില്‍ നാല് പാട്ടുകളാണുള്ളത്. വിനീത് ശ്രീനിവാസന്‍, ചിന്മയി, ഹരി എന്നിവര്‍ ചേര്‍ന്നാണ് ഇത് ആലപിച്ചിരിക്കുന്നത്. ചെറിയൊരു സിനിമയാണെങ്കിലും നല്ല പാട്ടുകളും രസകരമായ നിമിഷങ്ങളും ചിത്രത്തില്‍ ഉണ്ടാവുമെന്നും ആനന്ദ് പറയുന്നു.


 • വിനയ് ഫോര്‍ട്ട്

  ഈ സിനിമയില്‍ ഞാന്‍ അധികം സീനുകളില്‍ ഇല്ലെങ്കിലും ചിത്രത്തിലെ നിര്‍ണായക ഘട്ടത്തിലെത്തുന്ന കഥാപാത്രമാണ്. ഒരുപാട് നാളുകള്‍ക്ക് ശേഷം ഞാനൊരു സീനിയര്‍ ഡയറക്ടര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നത്. സത്യന്‍ സാറിനൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ ഇതുവരെ എനിക്ക് അവസരം ഉണ്ടായിട്ടില്ല. അതേ സമയം മറ്റുള്ളവര്‍ പറഞ്ഞ് കേട്ടിട്ടുള്ള സത്യന്‍ സാറിന്റെ സ്‌കൂള് പോലൊരു സിനിമ നിര്‍മാണമായിരുന്നു ഈ ചിത്രത്തിലേത്.


 • ഹരി നാരായണന്‍

  ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ഒന്നൊന്നര പ്രണയകഥ. ഒരു അര്‍ഥത്തില്‍ ഒന്നൊന്നര പാട്ട് കഥയാണ് ഈ ചിത്രം. സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് ഷിബുവേട്ടന്‍ തന്നെയാണ്. സംഗീത സംവിധായകന്‍ ആനന്ദ് മധുസൂധനനാണ്. അവരുടെ ഒരു വര്‍ക്കിനൊപ്പം എനിക്കും ചേരാന്‍ പറ്റി. നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന മലയാളിത്തമുള്ള പാട്ടുകളാണിതെല്ലാം. മലബാറിന്റെ സുഗന്ധമുള്ള പാട്ടുകളാണ്. ഇരുവരുടെയും പിന്തുണയുള്ളതിനാല്‍ അങ്ങനെ എഴുതാന്‍ പറ്റി. സംഗീത സംവിധായകനാണെങ്കിലും സംവിധായകനാണെങ്കിലും വരികളെ നന്നായി ബഹുമാനിക്കുന്നവരാണ്. ചിത്രത്തിലെ പാട്ടുകള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്നും ഹരിനാരായണന്‍ പറയുന്നു.
പേര് സൂചിപ്പിക്കുന്നത് പോലെ ഒന്നൊന്നര പ്രണയകഥയുമായി മലയാളത്തിലേക്ക് പുതിയൊരു സിനിമ എത്തുകയാണ്. മലപ്പുറത്തെ ഒരു ഗ്രാമത്തില്‍ നിന്നും മുസ്ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയവും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമെല്ലാം അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നത്. യുവതാരം ഷെബിന്‍ ബെന്‍സണ്‍ നായകനായിട്ടെത്തുന്ന ചിത്രത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ ശ്രദ്ധേയായ സായാ ഡേവിഡാണ് നായിക.

ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രം മേയ് 24 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. അലന്‍സിയര്‍, വിനോദ് കോവൂര്‍, സുരഭി ലക്ഷ്മി എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് പ്രൊഡക്ഷന്റെ ബാനറില്‍ എംഎം ഹനീഫ, നിധിന്‍ ഉദയന്‍, എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. റിലീസിനോടനുബന്ധിച്ച് സംവിധായകനും താരങ്ങളുമെല്ലാം ചിത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ഫില്‍മിബീറ്റിനോട് തുറന്ന് പറഞ്ഞിരിക്കുകയാണ്.