Back
Home » യാത്ര
ആരുപറഞ്ഞു ഗോവ സുരക്ഷിതമല്ല എന്ന്..ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!!
Native Planet | 4th Nov, 2019 12:24 PM
 • ഒറ്റയ്ക്കൊരു യാത്ര ഗോവയിലേക്ക്

  ഗോവയിലോക്ക് ഒറ്റയ്ക്കൊരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം മനസ്സിൽ സൂക്ഷിക്കേണ്ട കാര്യം നിങ്ങളല്ല ആദ്യമായി അവിടെ ഒറ്റയ്ക്ക് പോകുന്നത് എന്നതാണ്. നിങ്ങളെപ്പോലെ തന്നെ അവിടെ ഒറ്റയ്ക്ക് പോയി ആഘോഷിച്ച് വന്ന് സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകൾ വേറെയുണ്ട്. അതുകൊണ്ടു തന്നെ മറ്റേതൊരു യാത്രയ്ക്കും നടത്തുന്ന ഒരുക്കങ്ങള്‍ മാത്രമേ ഇതിനും ബാധകമാകുന്നുള്ളൂ. എന്നാൽ യാത്ര പ്ലാൻ ചെയ്തു തന്നെ പോകണമെന്നതിൽ മറ്റൊരു അഭിപ്രായമില്ല


 • ഹട്ടുകളിലെ താമസം സുരക്ഷിതമോ?

  യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ ആദ്യം മനസ്സിലെത്തുന്ന ആധികളിലൊന്ന് എവിടെ താമസിക്കും എന്നതായിരിക്കും.ഇവിടുത്തെ മിക്ക ഇടങ്ങളും താമസത്തിന് യോജിച്ചതാണ്. എന്നാൽ ബീച്ചിനടുത്തോ, അല്ലെങ്കിൽ തിരക്കേറിയ ഭാഗങ്ങളിലോ താമസം തിരഞ്ഞെടുക്കുമ്പോൾ റിവ്യൂ നോക്കുകയോ അല്ലെങ്കിൽ മുൻപ് പോയ ആളുകളോട് അഭിപ്രായം ചോദിക്കുകയോ ചെയ്യുക.
  ഹോട്ടലുകൾ കൂടാതെ ഇവിടെ ഹട്ടുകളിലും താമസ സൗകര്യം ലഭ്യമാണ്. തടികൊണ്ടും മുള കൊണ്ടും നിർമ്മിച്ച ഹട്ടുകൾ ഇവിടെയുണ്ട്. എന്നാൽ മറ്റിടങ്ങളെ അപേക്ഷിച്ച് ഇവിടം കൂടുതലായും കവർച്ചക്കാരുടെ പ്രിയ കേന്ദ്രമായതിനാൽ കഴിവതും, പ്രത്യേകിച്ച് ഒറ്റയ്ക്കുള്ള യാത്രകളിൽ ഒഴിവാക്കുക.


 • വാഹനം വാടകയ്ക്കെടുക്കുമ്പോൾ

  ഓരോ കോണുകളിലായി കിടക്കുന്ന ഗോവൻ കാഴ്ചകൾ കണ്ടു തീർക്കുവാൻ പറ്റിയ വഴി ഒരു സ്കൂട്ടർ വാടകയ്ക്ക് എടുക്കുക എന്നതാണ്. എന്നാൽ സ്ത്രീകൾ തനിയെ പോയാൽ പറ്റിക്കപ്പെടുമോ എന്നൊരു ചോദ്യം മിക്കപ്പോഴും കേൾക്കാറുണ്ട്. ചിലപ്പോഴൊക്കെ ഇത് സംഭവിക്കുമെങ്കിലും മിക്കയിടങ്ങളും സ്ത്രീ സൗഹാർദ്ദം തന്നെയാണ്. സാധരാണ ഗതിയിൽ 150 രൂപ മുതലാണ് സ്കൂട്ടറിന്റെ വാടക തുടങ്ങുന്നത്. കൂടുതൽ ദിവസത്തേയേക്ക് എടുക്കുകയാണെങ്കിൽ ഇതിലും കുറവിൽ ലഭിക്കും. എന്നാൽ ഒറ്റ ദിവസത്തേയ്ക്ക് എടുക്കുമ്പോൾ 300 രൂപ വരെ ഈടാക്കുന്നവരും ഉണ്ട്. ഓഫറുകൾ ലഭിക്കുവാനായി ഓണ്‍ ലൈനിൽ ബുക്ക് ചെയ്യുന്നതാണ് കുറച്ചുകൂടി ലാഭകരം. ഇരുചക്ര വാഹനം ഓടിക്കുമ്പോൾ മതിയായ രേഖകൾ കൈവശം സൂക്ഷിക്കുവാനും ഹെൽമറ്റ് ധരിക്കുവാനും ശ്രദ്ധിക്കുക.


 • ഒറ്റയ്ക്കുള്ള പാർട്ടികളോട് നോ പറയാം

  ഗോവയുടെ ആഘോഷം എന്നു പറയുന്നതിലൊന്ന് ഇവിടുത്തെ പാർട്ടികളാണ്. രാവിനെ വെളുപ്പിക്കുന്ന പാർട്ടികളിൽ പങ്കെടുത്തില്ലെങ്കിൽ ഒരിക്കലും ഗോവ യാത്ര പൂർണ്ണമാവുകയില്ല. എന്നാൽ തനിച്ച് പാർട്ടികളിൽ പങ്കെടുക്കുന്നത് അത്ര സുരക്ഷിതമായ കാര്യവുമല്ല. താമസ സ്ഥലത്തു നിന്നും മറ്റും പരിചയപ്പെടുന്ന വിശ്വസ്തരായ ആളുകൾക്കൊപ്പം പാർട്ടികൾക്കു പങ്കെടുക്കുവാനുള്ള ധൈര്യമുണ്ടെങ്കിൽ അതൊന്നു പരീക്ഷിക്കാം, അല്ലാത്തപക്ഷം സുരക്ഷിതമെന്നു തോന്നുന്ന ഇടത്തു മാത്രം പോവുക. ഒറ്റയ്ക്കുള്ള യാത്രയിൽ സുരക്ഷിതത്വത്തിന്റെ കാര്യം പരിഗണിച്ച് പാർട്ടി ഒഴിവാക്കിയാലും കുഴപ്പമില്ല.


 • കടലിലിറങ്ങുമ്പോൾ ബാഗ്?

  ഒറ്റയ്ക്കുള്ള യാത്രയിൽ നേരിടുന്ന മറ്റൊരു പ്രശ്നം കയ്യിലെ സാധനങ്ങൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ്. കടലിലിറങ്ങുമ്പോഴും മറ്റും കയ്യിലെ ബാഗും പണവും കരയിൽ സൂക്ഷിച്ചിട്ട് പോകുന്നത് വലിയ അബദ്ധമായിരിക്കും. അത് മോഷണം പോകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പകരം ചെയ്യുവാൻ കഴിയുന്നത് അത്യാവശ്യ സാധനങ്ങള്‍ താമസ സ്ഥലത്ത് തന്നെ വെക്കുന്നതായിരിക്കും. അല്ലെങ്കിൽ വണ്ടിയുണ്ടെങ്കിൽ അതിൽ പൂട്ടി സൂക്ഷിക്കുന്നതും.


 • ഗോവ കാണാന്‍ പറ്റിയ സമയം

  ഗോവ കാണാനായി ലോകമെമ്പാടു നിന്നും സഞ്ചാരികൾ ഒഴുകിയെത്തുന്ന സമയം ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ്. ക്രിസ്മസും ന്യൂ ഇയറും അവിടുത്തെ പീക്ക് സീസൺ സമയമാണ്. എന്നാൽ തിരക്ക് ഒഴിവാക്കി വരുവാനാണ് ആഗ്രഹിക്കുന്നതെങ്കിൽ നവംബറും ഫെബ്രുവരിയും തിരഞ്ഞെടുക്കാം. ഇതൊഴികയുള്ള സമയം ഇവിടെ ഓഫ് സീസണായാണ് കണക്കാക്കുന്നത്. മേയ് മാസത്തിലും സെപ്റ്റംബറിലും സഹിക്കുവാൻ കഴിയാത്ത ചൂടായിരിക്കും. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള സമയം ഇവിടെ മഴക്കാലമാണ്.


 • താമസിക്കുവാൻ

  ഏകദേശം 101 കിലോമീറ്ററോളം ദൂരത്തിൽ കടൽത്തീരമുള്ള പ്രദേശമാണ് ഇവിടം. മൂന്നു മണിക്കൂർ കാർ യാത്ര നടത്തിയാൽ മുകളിൽ നിന്നും താഴെ വരെ എത്തുവാൻ സാധിക്കും. ഇതിനിടയിൽ ഇവിടെയെങ്കിലും താമസ സൗകര്യം തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. നോർത്ത് അല്ലെങ്കിൽ സൗത്ത് ഗോവയാണ് താമസത്തിന് യോജിച്ചത്.


 • ചെയ്യുവാൻ നൂറുകണക്കിന് കാര്യങ്ങൾ

  ഗോവയിലെത്തിയാൽ ചെയ്തു തീർക്കുവാനും കണ്ടറിയുവാനും നൂറുകണക്കിന് കാര്യങ്ങളാണുള്ളത്. ബീച്ചുകൾ കാണുക, പാർട്ടിയിൽ പങ്കെടുക്കുക, വ്യത്യസ്ത രുചികൾ പരീക്ഷിക്കുക തുടങ്ങിയവ കഴിഞ്ഞാലും ഇവിടെ വേറെയും കാര്യങ്ങളുണ്ട്. യോഗ ക്ലാസുകൾ, പെയിന്റിങ് പ്രാക്ടീസ്, കച്ചേരികൾ, ട്രക്കിങ്ങ്, സൂര്യോദയ സൂര്യാസ്തമയ കാഴ്ചകൾ, ഗ്രാമങ്ങളിലൂടെയുള്ള നടത്തം, മാർക്കറ്റിനുള്ളിലൂടെയുള്ള സഞ്ചാരം തുടങ്ങിയവ ഇവിടെ പരീക്ഷിക്കുവാൻ പറ്റിയ കാര്യങ്ങളാണ്.

  7500 രൂപയും 16 മണിക്കൂറും...മുംബൈയിൽ നിന്നും ഗോവയിലേക്കൊരു ആഢംബര യാത്ര

  ഗോവ യാത്രയിൽ പണികിട്ടാതിരിക്കാൻ ഇതാണ് വഴി

  ഇതാ ഗോവ ഒളിപ്പിച്ചിരിക്കുന്ന ആ ഒൻപത് രഹസ്യങ്ങൾ...
ഗോവ....സഞ്ചാരികളുടെ യാത്ര മോഹങ്ങളെ ഒരുപോലെ തളിർപ്പിച്ച നാടുകളിലൊന്ന്... കിടിലോത്കിടിലം കടൽത്തീരങ്ങളും രാത്രി പകലാക്കുന്ന ആഘോഷങ്ങളും ഇഷ്ടപോലെ രുചിഭേദങ്ങളും പിന്നെ ഇത്തിരി അധികം ആഘോഷം വേണമെങ്കിൽ അതിനു തനി നാടൻ ലഹരിയായ ഫെനിയും ഒക്കെയായി കാഴ്ചകൾ കൊണ്ടു മത്തുപിടിപ്പിക്കുന്ന നമ്മുടെ സ്വന്തം ഗോവ. പലപ്പോഴും സോളോ യാത്രകൾക്കു പ്രത്യേകിച്ച് സ്ത്രീകളുടെ യാത്രകൾക്ക് ഗോവ പറ്റിയ ഇടമല്ലെന്നൊരാരോപണം ശക്തമാണ്. സുരക്ഷിതത്വത്തിന്റെ കാര്യവും പാർട്ടികളും ബഹളങ്ങളും പലപ്പോളും ഒറ്റയ്ക്കുള്ള സ്ത്രീ യാത്രകികരെ ഗോവ കാണുന്നതിൽ നിന്നും മാറ്റുന്നുമുണ്ട്. എന്നാൽ ഇതിലെന്തുമാത്രം യാഥാർഥ്യമുണ്ട് എന്നാലോചിച്ചിട്ടുണ്ടോ? ഒറ്റയ്ക്കു ഗോവയിൽ പോയിറങ്ങിയാൽ മറ്റേതു നാടുപോലെയും അടിപൊളിയായി കണ്ട് തിരികെ വരാം എന്നു തന്നെയാണ് ഇതിനുള്ള ഉത്തരം. ഇതാ ഗോവയിലേക്ക് ഒറ്റയ്ക്ക് പോകുന്ന സ്ത്രീകൾ തീർച്ചയായും വായിച്ചിരിക്കേണ്ട കുറച്ച കാര്യങ്ങൾ നോക്കാം...